തിരുവനന്തപുരം: ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായെ സന്തോഷിപ്പിക്കുന്നതിനാണ് സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിന് നേർക്ക് ആക്രമണം നടത്തിയതെന്ന് മന്ത്രി എ.കെ ബാലൻ. ഫാസിസത്തിനെതിരെ ഉറച്ച നിലപാട് എടുക്കുന്ന സന്ദീപാനന്ദയെ ഇല്ലാതാക്കുകയാണ് ശ്രമം. കേരളത്തിലെ വിശ്വാസികളെ ഉപയോഗിച്ച് വിമോചനം ഉണ്ടാക്കാനാണല്ലോ ബിജെപിയുടെ ശ്രമമെന്നും നിയമമന്ത്രി അഭിപ്രായപ്പെട്ടു.
സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിനു നേരെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ബിജെപിക്കാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഉത്തരേന്ത്യയിലേതിനു സമാനമായ രീതിയിൽ ഫാസിസ്റ്റ് തേർവാഴ്ചയ്ക്കുള്ള ശ്രമമാണു ശബരിമല പ്രശ്നമുണ്ടായപ്പോൾ മുതൽ വർഗീയ വാദികളും മതഭ്രാന്തന്മാരും നടത്തുന്നത്. ഏതു മാർഗ്ഗത്തിലൂടെയും മതേതര കേരളത്തിന്റെ നന്മയെ ഇല്ലാതാക്കുകയാണ് അവരുടെ ലക്ഷ്യം.
ആക്രമണങ്ങളിലൂടെ സന്ദീപാനന്ദഗിരിയുടെ ആശയങ്ങളെയും പ്രത്യയശാസ്ത്രങ്ങളെയും ഇല്ലായ്മ ചെയ്യാമെന്നു കരുതിയെങ്കിൽ അവർ വിഡ്ഢികളുടെ സ്വർഗത്തിലാണ് ജീവിക്കുന്നത്. ആക്രമണത്തിന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള മറുപടി പറയണമെന്നും കടകംപള്ളി സുരേന്ദ്രൻ ആവശ്യപ്പെട്ടു.
ഇന്നു പുലർച്ചെയാണ് സ്വാമി സന്ദീപാനന്ദഗിരിയുടെ കുണ്ടമണ്‍കടവിലെ ആശ്രമത്തിനു നേരേ ആക്രമണമുണ്ടായത്. അക്രമികള്‍ രണ്ടുകാറുകള്‍ തീയിട്ടു നശിപ്പിച്ചു. കെട്ടിടങ്ങൾക്കും കേടുപാടുകളുണ്ട്. അക്രമികള്‍ ആശ്രമത്തിനു മുന്നില്‍ പി കെ ഷിബു എന്നെഴുതിയ റീത്തും വച്ചു. സ്വാമി സന്ദീപാനന്ദ ഗിരിക്കെതിരെ നടന്നത് വധശ്രമമെന്ന് ആശ്രമം സന്ദര്‍ശിച്ച ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വര്‍ഗീയ ശക്തികളുടെ തനിനിറം തുറന്നു കാണിച്ചിരുന്ന സ്വാമിയെ ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെയായിരുന്നു ആക്രമണം ഉണ്ടായതെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates