ആക്രമണത്തിന് പിന്നിൽ സിപിഎം ; ശബരിമല വിഷയം വഴിതിരിച്ചു വിടാനുള്ള നീക്കം : ബിജെപി

അമിത് ഷാ കേരളത്തിൽ എത്തുന്ന സാഹചര്യത്തിൽ, പാർ‌ട്ടിക്കെതിരെ ജനവികാരം സൃഷ്ടിക്കാനുള്ള ഗൂഢനീക്കത്തിന്‍റെ ഭാഗമാണ് ആക്രമണം
ആക്രമണത്തിന് പിന്നിൽ സിപിഎം ; ശബരിമല വിഷയം വഴിതിരിച്ചു വിടാനുള്ള നീക്കം : ബിജെപി

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിനു നേരെയുള്ള ആക്രമണത്തിന് പിന്നിൽ‌ സിപിഎം ആണെന്ന് ബിജെപി. ​ഗൂഢാലോചനയ്ക്ക് പിന്നിൽ സിപിഎമ്മും മുഖ്യമന്ത്രിയുമാണ്. ബിജെപിക്കു നേരെ അടിസ്ഥാനമില്ലാത്ത ആരോപണമാണ് ഉന്നയിക്കുന്നതെന്നും പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ.രാധാകൃഷ്ണൻ പറഞ്ഞു.

ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ കേരളത്തിൽ എത്തുന്ന സാഹചര്യത്തിൽ, പാർ‌ട്ടിക്കെതിരെ ജനവികാരം സൃഷ്ടിക്കാനുള്ള ഗൂഢനീക്കത്തിന്‍റെ ഭാഗമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വാമി സന്ദീപാനന്ദ ഗിരിയ്‌ക്ക് നേരെ ആക്രമണം നടത്തിയതിന് പിന്നിൽ സി.പി.എമ്മിന്റെ ഗൂഢാലോചനയാണെന്ന് ബി.ജെ.പി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എസ്.സുരേഷും ആരോപിച്ചു. 

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് കേരളത്തിൽ വിശ്വാസികളുടെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. നിരപരാധികളെ അറസ്‌റ്റ് ചെയ്‌തതിൽ ഹൈക്കോടതി ഇടപെടലിനെ തുടർന്ന് സർക്കാർ പ്രതിരോധത്തിലുമാണ്. ഈ സാഹചര്യത്തിൽ പ്രശ്‌നങ്ങളെ വഴി തിരിച്ചു വിടാനുള്ള ശ്രമമാണ് ഇതിന് പിന്നിൽ. സർക്കാരും സ്വാമി സന്ദീപാനന്ദ ഗിരിയും ഈ ഗൂഢാലോചനയിൽ പങ്കാളിയാണെന്നും അദ്ദേഹം ആരോപിച്ചു.

ഇന്നു പുലർച്ചെയാണ് സ്വാമി സന്ദീപാനന്ദഗിരിയുടെ കുണ്ടമണ്‍കടവിലെ ആശ്രമത്തിനു നേരേ ആക്രമണമുണ്ടായത്. അക്രമികള്‍ രണ്ടുകാറുകള്‍ തീയിട്ടു നശിപ്പിച്ചു. കെട്ടിടങ്ങൾക്കും കേടുപാടുകളുണ്ട്. അക്രമികള്‍ ആശ്രമത്തിനു മുന്നില്‍ പി കെ ഷിബു എന്നെഴുതിയ റീത്തും വച്ചു. സ്വാമി സന്ദീപാനന്ദ ഗിരിക്കെതിരെ നടന്നത് വധശ്രമമെന്ന് ആശ്രമം സന്ദര്‍ശിച്ച ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഹീനമായ ഗൂഢാലോചനയുടെ ഭാഗമായി സംഭവിക്കുമായിരുന്ന അത്യാപത്തില്‍ നിന്ന് സമയോചിതമായ ഫയര്‍ഫോഴ്‌സിന്റെയും മറ്റ് ഏജന്‍സികളുടെയും ഇടപെടലില്‍ ഒഴിവാക്കാന്‍ കഴിഞ്ഞു. വര്‍ഗീയ ശക്തികളുടെ തനിനിറം തുറന്നു കാണിച്ചിരുന്ന സ്വാമിയെ ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെയായിരുന്നു ആക്രമണം ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com