ആലപ്പുഴ : ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ പോസ്റ്റിന് താഴെ തന്റെ മണ്ഡലത്തിലെ ആശുപത്രിയുടെ കാര്യം ചൂണ്ടിക്കാട്ടി പോസ്റ്റിട്ടതിന് രൂക്ഷവിമര്‍ശനം ഉന്നയിച്ചവര്‍ക്ക് മറുപടിയുമായി കായംകുളം എംഎല്‍എ യു പ്രതിഭ. ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട എംഎല്‍എ പാര്‍ട്ടി അച്ചടക്കം പഠിക്കണം എന്നതടക്കം നിശിത വിമര്‍ശനമാണ് സിപിഎം സൈബര്‍ പോരാളികള്‍ അടക്കം ഉയര്‍ത്തിയത്.
മണ്ഡലത്തിലെ വികസന കാര്യത്തെക്കുറിച്ച് സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റില്‍ പറഞ്ഞ കാര്യങ്ങള്‍ എതിര്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലെ കുറച്ച് പേര്‍ ആഘോഷമാക്കിയപ്പോ കുറച്ച് വ്യാജസഖാക്കള്‍ നന്നായി അതിനെ കൊഴുപ്പിച്ചു. അയ്യോ എന്റെ അക്കൗണ്ട് വരെ പൂട്ടിക്കും എന്ന് പറഞ്ഞവരുണ്ട്. (പേടിച്ച് പനിയായി കിടപ്പിലാരുന്നു ).. പ്രതിഭ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പരിഹസിച്ചു.
എന്റെ കുടുംബ ജീവിതം വരെ ചില കമന്റില്‍ പരാമര്‍ശിച്ചത് കണ്ടു. അവരെയൊക്കെ സഖാവ് എന്ന് സംബോധന ചെയ്യാന്‍ അറയ്ക്കും. സൈബര്‍ ഗുണ്ടായിസം എന്നല്ലാതെ എന്താണ് ഇതിനൊക്കെ പറയേണ്ടത്... പ്രതിഭ ചോദിച്ചു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :
കായംകുളം താലൂക്ക് ആശുപത്രിയുടെ പേരില്‍ നിര്‍ദ്ദോഷപരമായ ഒരു കമന്റ് ഇട്ടതിനു് എന്തൊരു ആക്രമണം ആയിരുന്നു. മണ്ഡലത്തിലെ വികസനത്തെ പാര്‍ട്ടി സംഘടനകാര്യം എന്ന രീതിയില്‍ ദുര്‍വ്യാഖ്യാനത്തോടെ നടത്തിയ gang attack ഒക്കെ മനസ്സിലാക്കാന്‍ കഴിയും. മണ്ഡലത്തിലെ വികസന കാര്യത്തെക്കുറിച്ച് Sportsman Spirit ല്‍ പറഞ്ഞ കാര്യങ്ങള്‍ എതിര്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലെ കുറച്ച് പേര്‍ ആഘോഷമാക്കിയപ്പോ കുറച്ച് വ്യാജസഖാക്കള്‍ നന്നായി അതിനെ കൊഴുപ്പിച്ചു. അയ്യോ എന്റെ അക്കൗണ്ട് വരെ പൂട്ടിക്കും എന്ന് പറഞ്ഞവരുണ്ട്. (പേടിച്ച് പനിയായി കിടപ്പിലാരുന്നു ).. വ്യക്തിപരമായി ചിലര്‍ക്കൊക്കെ ചില്ലറ വിരോധമൊക്കെ ഉണ്ട് എന്ന് ചില കമന്റിലൂടെ മനസ്സിലായി. എന്റെ കുടുംബ ജീവിതം വരെ ചില കമന്റില്‍ പരാമര്‍ശിച്ചത് കണ്ടു. അവരെയൊക്കെ സഖാവ് എന്ന് സംബോധന ചെയ്യാന്‍ ഞാന്‍ അറയ്ക്കും. സഖാവ് എന്ന വാക്കിന് അവര്‍ അര്‍ഹരും അല്ല. സൈബര്‍ ഗുണ്ടായിസം എന്നല്ലാതെ എന്താണ് ഇതിനൊക്കെ പറയേണ്ടത്... കൂടുതല്‍ പറയുന്നില്ല. ഇവിടെ നിര്‍ത്തുന്നു.
 
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates