ഇനി സര്‍വീസിലേക്കില്ലെന്ന് ജേക്കബ് തോമസ്; ചീഫ് സെക്രട്ടറിയുടേത് അധികാര ദുര്‍വിനിയോഗം; കെ.എം ഏബ്രഹാം മാണിയുടെ ലഫ്റ്റനന്റ്
നേരിട്ട് പറയാതെയാണ് ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് സര്‍ക്കാര്‍ നീക്കിയത്. ഒരു മാസത്തെ അവധി എന്ന പേരില്‍ ഒരു വളച്ചുകെട്ട്. എന്നാല്‍, നേരിട്ടു പറഞ്ഞും ചെയ്തുമാണ് ജേക്കബ് തോമസിനു ശീലം. അതുകൊണ്ട് ഇനി തിരിച്ച് അങ്ങോട്ടില്ലെന്ന് തുറന്നു പറയുന്നു അദ്ദേഹം. ഐ.പി.എസ് രാജിവയ്ക്കുകയാണോ എന്ന ചോദ്യത്തിനു സംശയരഹിതമാണ് മറുപടി. ''ഇനി മൂന്നര വര്‍ഷത്തോളം സര്‍വ്വീസ് ബാക്കിയുണ്ട്. എന്റെ അനിവാര്യത ആവശ്യം ഇല്ലാത്ത സ്ഥലത്തേപ്പറ്റി ഞാന്‍ ആകുലപ്പെടേണ്ടതില്ല. ഞാന്‍ അതും നോക്കിക്കൊണ്ടിരിക്കില്ല. എഴുതുന്നതും പഠിപ്പിക്കുന്നതും ഇഷ്ടമുള്ള കാര്യമാണ്. പഠിക്കുക, പഠിപ്പിക്കുക, എഴുതുക എന്നീ മൂന്നു കാര്യങ്ങളും ഒരേപോലെ പോകേണ്ടവയാണ്. അതു ചെയ്യുകയല്ലാതെ, വെറുതേ ഇരുന്നിട്ടു കാര്യമില്ല.'
വെള്ളിയാഴ്ച വിപണിയില്‍ ഇറങ്ങിയ സമകാലിക മലയാളം വാരികയിലാണ് തനിക്കെതിരേ നടന്ന നീക്കങ്ങളെക്കുറിച്ചും തന്റെ നിലപാടുകളെക്കുറിച്ചും ജേക്കബ് തോമസ് തുറന്നു പറയുന്നത്. മൂന്നര വര്‍ഷത്തെ സര്‍വീസ് ബാക്കി നില്‍ക്കുന്നുണ്ടെങ്കിലും തന്നെ വേണ്ടാത്ത സിവില്‍ സര്‍വീസിലേക്കു ഇനി മടങ്ങാന്‍ ഉദ്ദേശിക്കുന്നില്ലെന്നു ജേക്കബ് തോമസ് അസന്നിഗ്ധമായി വ്യക്തമാക്കുകയാണ്. കൂടുതല്‍ മെച്ചപ്പെട്ട പദവി നല്‍കാന്‍ നീക്കം നടക്കുന്നുണ്ടെന്നു ചിലര്‍ ബോധപൂര്‍വ്വം പ്രചരിപ്പിക്കുകയാണ്. ഒന്നും കിട്ടാന്‍ പോകുന്നില്ലെന്ന് നന്നായി അറിയാം. 
ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദിനെയും എതിര്‍പക്ഷത്തു നിര്‍ത്തുന്നതാണ് സംഭാഷണം: 'അദ്ദേഹം എന്റെ കൂടി ചീഫ് സെക്രട്ടറിയാണ്. പക്ഷേ അദ്ദേഹം ഐ.എ.എസുകാരുടെ മാത്രം ആളായി നിന്നു. ചെയ്തത് കടുത്ത അധികാര ദുര്‍വിനിയോഗമാണ്.'
ഹൈക്കോടതിയില്‍ നിന്നു പ്രതികൂല പരാമര്‍ശം ഉണ്ടാകാന്‍ കാരണം ബാര്‍കോഴക്കേസിന്റെ തുടക്കംമുതല്‍ ധനകാര്യവകുപ്പില്‍ നിന്ന് ആരംഭിച്ച പകപോക്കലാണെന്നും ജേക്കബ് തോമസ് പറയുന്നു. കെ.എം. ഏബ്രഹാമിനെ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിക്കുന്നത്. ബാര്‍ കോഴക്കേസ് മാത്രമാണ് ഏബ്രഹാമിന്റെ എതിര്‍പ്പിനു കാരണം. ' കെ.എം മാണിയുടെ ലഫ്റ്റനന്റ് ആയ കെ.എം. ഏബ്രഹാം അന്നുമുതല്‍ എനിക്കെതിരേ തുടങ്ങിയതാണ്. ഏബ്രഹാമിന് തുടക്കത്തില്‍ എന്നോടു വ്യക്തിപരമായ വിരോധം ഇല്ലായിരുന്നു. കെ.എം മാണിക്കുവേണ്ടിയുള്ള ചെയ്തികള്‍ എന്നേ ഉണ്ടായിരുന്നുള്ളു. വിജിലന്‍സ് ഡയറക്ടറെക്കുറിച്ചുള്ള ഹൈക്കോടതി പരാമര്‍ശത്തിലേക്ക് എത്തിയത് ബാര്‍ കോഴക്കേസിന്റെ തുടക്കം മുതല്‍ ധനവകുപ്പില്‍ നിന്നുണ്ടായ പകപോക്കലാണ്.'
ജൂഡീഷ്യല്‍ പ്രക്രിയയുടെ മറവില്‍ പല അഴിമതികളും നടക്കുന്നുണ്ടെന്നും തുറന്നടിക്കുന്നുണ്ട് അഭിമുഖത്തില്‍. അതിനെല്ലാം ജൂഡീഷ്യല്‍ പ്രൊട്ടക്ഷന്‍ ആക്ടിന്റെ സംരക്ഷണവും ലഭിക്കുന്നുണ്ട്. താന്‍ എങ്ങനെ ഭരിക്കുന്നവരുടെ ശത്രുവായി എന്നു വിശദീകരിക്കുന്നത് ഇങ്ങനെ: 'കെ.എം മാണിക്കെതിരായ നീക്കം നടക്കുകയാണ്. അതിനിടെയാണ് ഇപ്പോഴത്തെ ഭരണത്തിലെ രണ്ടാമനെതിരേ റിപ്പോര്‍ട്ട് നല്‍കിയതും കേസ് എടുത്തതും. അതുകൊണ്ടു ഞാന്‍ കേരളത്തിലെ ഭരണത്തിന്റെ ശത്രുവായി. ഏതു ഭരണത്തിന്? അഴിമതി ഭരണത്തിന്.'
പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമേറ്റ് കൃത്യം ഒന്‍പതാം പക്കമാണ് ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടറാക്കിയത്. ആകെ പത്ത് മാസം. ഏപ്രില്‍ ഒന്നു മുതല്‍ പുറത്തുനില്‍ക്കുന്നു. പത്ത് മാസവും ഏപ്രില്‍ ഒന്നും യാദൃച്ഛികമായി വീണ്ടും എത്തിയിരിക്കുന്നു അദ്ദേഹത്തിന്റെ തൊഴിലിലും അതുവഴി ജീവിതത്തിലും. എറണാകുളം സിറ്റി പൊലീസ് കമ്മിഷണറുടെ പത്തു മാസത്തെ ചുമതല തിരിച്ചെടുത്ത് ജേക്കബ് തോമസിനെ അന്നത്തെ സര്‍ക്കാര്‍ പടിയിറക്കിയതും ഏപ്രില്‍ ഒന്നിനായിരുന്നു. കാലം 1998. പ്രധാനമന്ത്രിയില്‍നിന്ന് സമ്മാനം വാങ്ങി മികവിന്റെ പൂര്‍ണ്ണതയില്‍ ഐ.പി.എസ് പരിശീലനം പൂര്‍ത്തിയാക്കിയ അഭിമാനത്തിനുമേല്‍ പിന്നീട് കാക്കി അണിഞ്ഞിട്ടില്ല. എറണാകുളത്തുനിന്ന് ക്രൈംബ്രാഞ്ചിലേക്ക് മാറ്റിയതു മുതല്‍ കിട്ടിയതെല്ലാം യൂണിഫോം ആവശ്യമില്ലാത്ത തസ്തികകള്‍. 
''വസന്തം വളരെ കുറച്ചേ എന്റെ കരിയറില്‍ വന്നിട്ടുള്ളു. കൂടുതലായി എത്തിയ ശിശിരകാലത്തെക്കുറിച്ച് എനിക്കു വേവലാതികളുമില്ല. ഞാന്‍ എപ്പോഴും സന്തോഷവാനാണ്. ഒരു ജീവിതമേയുള്ളു എന്നതുകൊണ്ട് പരമാവധി കാര്യങ്ങള്‍ ചെയ്യുകതന്നെ.' നാല് പുസ്തകങ്ങള്‍ എഴുതുന്നു. ഈ വര്‍ഷം അവ പൂര്‍ത്തിയാക്കുക എന്നതാണ് എന്റെ ഇപ്പോഴത്തെ ചിന്തയും തീരുമാനവും. ഒന്ന് മലയാളത്തിലും ബാക്കി ഇംഗ്‌ളീഷിലും. ഇപ്പോള്‍ ചിത്രരചനയും തുടങ്ങിയിരിക്കുന്നു. അടുത്ത ദീപാവലിക്ക് 25 ചിത്രങ്ങളുടെ പ്രദര്‍ശനം നടത്താനുള്ള തയ്യാറെടുപ്പിലാണ്.' 
ചിന്താശേഷിയുള്ളവരെ മറ്റുള്ളവര്‍ വിലയിരുത്തുന്നതിനെക്കുറിച്ചും അര്‍ത്ഥഗര്‍ഭമായി ജേക്കബ് തോമസ് പറയുന്നു: 'ബഹുഭൂരിപക്ഷം പേരും ചിന്തിക്കുന്ന രീതിക്കും ചെയ്യുന്ന ജോലിക്കുമാണ് നോര്‍മല്‍ എന്നു പറയുന്നത്. അതാണു സമൂഹത്തിന്റെ നോംസ്. അതിനു വ്യത്യസ്തമായി ഒരാള്‍ ചിന്തിച്ചാല്‍ അയാളെ അബ്‌നോര്‍മല്‍ എന്നു വിളിക്കുന്നു. അടുത്ത സ്‌റ്റേജാണ് എക്‌സന്‍ട്രിക്. അതിനടുത്ത് സ്‌റ്റേജില്‍ ഭ്രാന്ത് എന്നും വിളിക്കും.'
ആഭിമുഖ റിപ്പോര്‍ട്ടിന്റെ പൂര്‍ണഭാഗം ഈ ലക്കം സമകാലിക മലയാളം വാരികയില്‍. 
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


