'ഇന്നി'നായി ഇന്നും കാത്തിരിക്കുന്ന മലയാളികള്‍; 34ാം വര്‍ഷത്തില്‍ റെക്കോര്‍ഡ് നേട്ടം

പ്രസിദ്ധീകരണം തുടരുന്ന രാജ്യത്തെ ഏറ്റവും പഴക്കമേറിയ ഇന്‍ലന്റ് മാഗസിനാണ് ഇന്ന്
'ഇന്നി'നായി ഇന്നും കാത്തിരിക്കുന്ന മലയാളികള്‍; 34ാം വര്‍ഷത്തില്‍ റെക്കോര്‍ഡ് നേട്ടം
Updated on
2 min read

മലപ്പുറം: ഇ ബുക്കിന്റേയും ഓണ്‍ലൈന്‍ വായനയുടേയും കാലമെത്തിയിട്ടും 'ഇന്ന്' എന്ന ഇന്‍ലന്റ് മാസികയ്ക്കായി ഇന്നും കാത്തിരിക്കുകയാണ് മലയാളികള്‍. 34 വര്‍ഷമായി മലയാളിയുടെ വായന സംസ്‌കാരത്തിന്റെ ഭാഗമായ ഇന്ന് ഇപ്പോള്‍ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടംനേടി മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ്. 

പ്രസിദ്ധീകരണം തുടരുന്ന രാജ്യത്തെ ഏറ്റവും പഴക്കമേറിയ ഇന്‍ലന്റ് മാഗസിനാണ് ഇന്ന്. 1981ലാണ് ഇന്ന് മലയാളികളുടെ വായനമുറിയിലേക്ക് കടന്നുവരുന്നത്. മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരെല്ലാം ഇന്നിലൂടെ എഴുതിയപ്പോള്‍ പകരംവയ്ക്കാനില്ലാത്ത വായനാനുഭവവും മലയാളിക്ക് ലഭിച്ചു. 

മലപ്പുറത്ത് നിന്നും പ്രസിദ്ധീകരണം ആരംഭിച്ചതുമുതല്‍ ഇന്നുവരെ എഴുത്തുകാരന്‍ മണമ്പൂര്‍ രാജന്‍ ബാബുവാണ് ഇന്നിന്റെ പത്രാധിപര്‍. മറ്റ് മാസികകള്‍ പോലെ കഥയും കവിതയും നിരൂപണവും എഡിറ്റോറിയലുമെല്ലാം ഈ ഈന്‍ലന്റ് മാസികയില്‍ ചുരുക്കി ഉള്‍പ്പെടുത്തുന്നു. ചുരുക്കുമ്പോള്‍ ആത്മാവ് നഷ്ടപ്പെടാതെ വായനക്കാരെ തൃപ്തിപ്പെടുത്താന്‍ സാധിക്കുന്നു എന്നതാണ് ഇന്നിന്റെ വലിയ പ്രത്യേകതയെന്ന് പത്രാധിപര്‍ പറയുന്നു.

സംസ്ഥാനത്ത് ഉടനീളം പ്രചാരമുള്ള ഈ ക്യാപ്‌സൂള്‍ മാസികയിലേക്ക് ഒരു നല്ല രചന, അത് ആരയച്ചാലും ഇന്നില്‍ പ്രസിദ്ധീകരിച്ച് വരും. അടുത്ത അഞ്ച് വര്‍ഷത്തേക്ക് പ്രസിദ്ധീകരിക്കുന്നതിനുള്ള കഥകളും കവിതകളുമെല്ലാം ഇതിനോടകം തന്നെ വായനക്കാര്‍ അയച്ചുതന്നതായും മനമ്പുര്‍ രാജന്‍ ബാബു പറയുന്നു.

എം.ടി.വാസുദേവന്‍ നായര്‍, സക്കറിയ, പി.ആര്‍.നാഥന്‍ തുടങ്ങി ശ്രീറാം വെങ്കിട്ടരാമന്‍ വരെയുള്ളവരാണ് ഒരാഴ്ചയ്ക്കുള്ളില്‍ പുറത്തിറങ്ങാനിരിക്കുന്ന ഇന്നിന്റെ 425ാം പതിപ്പില്‍ എഴുതിയിരിക്കുന്നത്‌.

ഇന്നിനായി എഴുതുന്നവരാരും പ്രതിഫലം ആവശ്യപ്പെടാറില്ല. എന്നാല്‍ ഒരിക്കല്‍ പ്രതിഫലം ആവശ്യപ്പെട്ടത് കവി അയ്യപ്പനാണ്. ഇന്നിന്റെ പ്രത്യേക ഓണപ്പതിപ്പിനായി കവിത എഴുതിയപ്പോഴായിരുന്നു ഇത്. കവിത എഴുതാന്‍ പേനയും പേപ്പറും വാങ്ങിക്കുന്നതിനായി 50 രൂപയാണ് അയ്യപ്പന്‍ ആവശ്യപ്പെട്ടതെന്നും രാജന്‍ ബാബു പറയുന്നു.

1960നും 70നും ഇടയില്‍ തന്റെ മണമ്പൂര്‍ ഗ്രാമത്തില്‍ സംഗമം എന്ന കയ്യെഴുത്ത് മാസിക പുറത്തിറക്കിയതിന്റെ പരിചയവുമായാണ് മണമ്പൂര്‍ രാജന്‍ ബാബു ഇന്ന് എന്ന് ഇന്‍ലന്റ് മാഗസിന്‍ എന്ന ആശയത്തിലേക്ക് എത്തുന്നത്. സംഗമം എന്ന പേര് തന്നെയായിരുന്നു ഇന്‍ലന്റ് വലിപ്പത്തിലുള്ള മാഗസിന് രാജന്‍ ബാബു ആദ്യം നല്‍കിയത്. എന്നാല്‍ 1981ല്‍ രജിസ്‌ട്രേഷന്റെ സമയത്ത് ഇന്ന് എന്ന പേര് നല്‍കി. അമേരിക്ക, ആസ്‌ട്രേലിയ, ഇംഗ്ലണ്ട് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഇന്നിന് ഇന്ന് വായനക്കാരുണ്ട്. 

അച്ചടിക്കും രൂപകല്പനയ്ക്കുമുള്ള, സംസ്ഥാന സര്‍ക്കാരിന്റെ 1988 ലെ മലയാളം ബുക്ക് ഡവലപ്‌മെന്റ് കൗണ്‍സില്‍ പുരസ്‌കാരം 'ഇന്നി' ന്റെ 6-ാം പിറന്നാള്‍ പതിപ്പിന് ലഭിച്ചിട്ടുണ്ട്. കവിതാപതിപ്പ്, പിറന്നാള്‍ പതിപ്പുകള്‍, കഥാപതിപ്പുകള്‍, ഓണക്കാഴ്ച, കഥക്കുടന്ന, കവിതക്കുടന്ന എന്നിങ്ങനെ 11 വിശേഷാല്‍ പതിപ്പുകളും 10 പുസ്തകങ്ങളും 'ഇന്നി'ലൂടെ വന്നിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com