

അവനവനു വേണ്ടിയല്ലാത്ത ഇടപെടലുകള്‍ അറിഞ്ഞും അനുഭവിച്ചും നടത്തിയുമാണ് എല്‍. തങ്കമ്മ ഈ എഴുപത്തൊമ്പതാം വയസ്സിലെത്തിയത്. ഇന്ത്യയ്ക്കു സ്വാതന്ത്യം കിട്ടിയപ്പോള്‍ ഒന്‍പതു വയസ്സുള്ള കുട്ടി, കേരളത്തില്‍ ആദ്യ ജനാധിപത്യ സര്‍ക്കാരുണ്ടാകുമ്പോള്‍ യൗവ്വനത്തുടക്കം. മതവും ജാതിയും നോക്കാതെ വിവാഹം, ജീവിതം. സ്വന്തം പ്രവര്‍ത്തനമേഖലയായി മാറിയ റബ്ബര്‍ ബോര്‍ഡിന്റെ പതിവുരീതികള്‍ വിട്ട് കര്‍ഷകര്‍ക്കുവേണ്ടി ഗവേഷണ, പോരാട്ടങ്ങളുടെ തുടര്‍ച്ച. കര്‍മ്മനിരതം എന്നു വെറുതേ പറഞ്ഞാല്‍പ്പോരാ ഈ ജീവിതത്തെക്കുറിച്ച്. മകന്‍ കെ.എം. ഷാജഹാന്‍ സ്വന്തം മകന്റെ പ്രായമുള്ള കുട്ടിക്കു നീതി ലഭിക്കാന്‍ നടത്തിയ ഇടപെടലാണ് സാമൂഹിക മാറ്റങ്ങള്‍ക്കു സാക്ഷ്യം വഹിച്ച ബാല്യ കൗമാര യൗവനങ്ങളിലൂടെ വന്ന തങ്കമ്മയെ വാര്‍ധക്യകാലത്ത് കൂടുതല്‍ ശ്രദ്ധാകേന്ദ്രമാക്കിയത്. ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയും ബന്ധുക്കളും ഡി.ജി.പിയെ കാണാന്‍ തിരുവനന്തപുരത്തെത്തിയതും അവര്‍ക്കു പിന്തുണ അറിയിക്കാന്‍ പോയ ഷാജഹാനെ അറസ്റ്റു ചെയ്തതും കേരളത്തില്‍ ചര്‍ച്ചചെയ്തു കൊണ്ടിരിക്കകയാണ്. എന്നാല്‍, എല്‍. തങ്കമ്മയെ വേണ്ടവിധം അറിഞ്ഞോ എന്നു സംശയം.
അവിഭക്ത കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനായിരുന്ന വി. മാധവന്റെ മകള്‍, ആലപ്പുഴയിലെ പ്രമുഖ കമ്യൂണിസ്റ്റ് നേതാവായിരുന്ന സി.ജി. സദാശിവന്റെ പെങ്ങളുടെ മകള്‍, പദവികള്‍ക്കപ്പുറം നിറഞ്ഞ കമ്യൂണിസ്റ്റായി ജീവിച്ച കെ.ബി. മുഹമ്മദാലിയുടെ ജീവിതസഖാവ്. തങ്കമ്മ ജനിക്കുമ്പോള്‍ അച്ഛന്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തതിനു ജയിലിലായിരുന്നു. എഴുപത്തിനാലാം വയസ്സില്‍ മരിച്ചു. പുന്നപ്ര വയലാറിന്റെ തീക്ഷ്ണകാലവും അമ്മാവന്‍ സി.ജി. സദാശിവന്റെ ജയില്‍വാസവും ജയിലില്‍നിന്നു വീട്ടിലേക്ക് അദ്ദേഹം അയച്ചിരുന്ന കത്തുകളും അതിനുവേണ്ടി കാത്തിരുന്ന കുടുംബാംഗങ്ങളെക്കുറിച്ചുള്ള ഓര്‍മ്മകളും തങ്കമ്മയ്ക്കു കൗതുകപൂര്‍ണമായ ഗൃഹാതുരത്വമല്ല. സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടി പൊരുതി ജീവിച്ചവരുടെ, പൊരുതാന്‍ ജീവിച്ചവരുടെ സ്വാധീനം അച്ഛന്‍ വഴിക്കും അമ്മ വഴിക്കും കിട്ടിയതു പിന്നീട് അവരുടെ ജീവിതത്തിലെ തീരുമാനങ്ങളെയും ഇടപെടലുകളെയും ചെറുതായല്ല നയിച്ചത്. പിന്നീടു ജീവിതപങ്കാളിയായ കെ.ബി. മുഹമ്മദാലി ഇന്റര്‍മീഡിയറ്റിനു പഠിക്കുമ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തനത്തിനുവേണ്ടി പഠനം അവസാനിപ്പിച്ചെങ്കിലും ഭാര്യയ്ക്ക് ഉന്നത വിദ്യാഭ്യാസം നല്‍കി, കൂടെ നിന്നു, 2006-ലെ വിയോഗം വരെ.
അവിഭക്ത കമ്യൂണിസ്റ്റു പാര്‍ട്ടി ആദ്യം അധികാരത്തിലെത്തിയ 1957-ല്‍ തെരഞ്ഞെടുപ്പു പ്രവര്‍ത്തനത്തിന്റെ ഭാഗമായി എ.കെ.ജി. ചങ്ങനാശ്ശേരിയില്‍ വന്നപ്പോഴത്തെ ചിത്രം ഇപ്പോഴും ഒട്ടും മങ്ങാതെയുണ്ട് തങ്കയുടെ വീട്ടില്‍. അച്ഛനെയും മറ്റു നേതാക്കളെയും ഇതാണ് അദ്ദേഹമെന്നു ഭര്‍ത്താവിനേയും തങ്കമ്മ ചൂണ്ടിക്കാണിക്കുന്നു. സി.എസ്. ഗോപാലപിള്ള, അന്നത്തെ ചങ്ങനാശ്ശേരി എം.എല്‍.എ എ.എം. കല്യാണകൃഷ്ണന്‍ നായര്‍ എന്നിവരൊക്കെയുണ്ട് ആ ചിത്രത്തില്‍. മുഹമ്മദാലിയുടെ ബാപ്പ കെ.എം. ബാപ്പുക്കുഞ്ഞ് വലിയ വ്യാപാരിയായിരുന്നു. അദ്ദേഹത്തിനൊപ്പം ചേര്‍ന്നു, സ്വന്തമായി സ്റ്റേഷനറിക്കട, കണ്ണൂരില്‍നിന്നു തൊഴിലാളികളെക്കൊണ്ടുവന്നു ചുരുട്ടു ഫാക്ടറി എന്നിവയൊക്കെ നടത്തി. എല്ലാം പൊളിഞ്ഞതു പാര്‍ട്ടി പ്രവര്‍ത്തനത്തിനുവേണ്ടി ഓടിനടന്നിട്ടാണ്. നാടിന്റെ പല ഭാഗത്തുനിന്നുമെത്തുന്ന സഖാക്കളെയൊക്കെ മടികൂടാതെ സഹായിച്ചു, പാര്‍ട്ടിക്കുവേണ്ടി രണ്ടാമതൊന്ന് ആലോചിക്കാതെ കൊടുത്തു. എത്രയോ കമ്യൂണിസ്റ്റു പാര്‍ട്ടി നേതാക്കള്‍ അതിഥികളായെത്തിയിട്ടുണ്ട്. തിരിച്ചു കണ്ണൂരിലുള്‍പ്പെടെ അവരുടെയൊക്കെ വീടുകളില്‍ പോയിട്ടുമുണ്ട്. അക്കാലത്തു സ്വന്തമായി കാറുണ്ടായിരുന്ന കുടുംബത്തിലെ അംഗം. ഇപ്പോള്‍ ആസൂത്രണ ബോര്‍ഡ് അംഗവും സി.പി.എം. സഹയാത്രികനുമായ ഡോ. ബി. ഇക്ബാല്‍ ഉള്‍പ്പെടെ ഒമ്പതു മക്കളില്‍ മൂത്തതായിരുന്നു മുഹമ്മദാലി. 1957-ലെ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ ജയിപ്പിച്ചു തിരിച്ചു വീട്ടിലെത്തിയപ്പോള്‍ കാറുണ്ടായിരുന്നില്ല എന്നതുപോലും മുഹമ്മദാലി ചിരിച്ചുകൊണ്ടാണ് തങ്കമ്മയോടു പറഞ്ഞിട്ടുള്ളത്. കാര്‍ വിറ്റും തെരഞ്ഞെടുപ്പു പ്രവര്‍ത്തനം നടത്തിയതാണ്.
(തങ്കമ്മ ഔദ്യോഗിക ജീവിതത്തിലും വ്യക്തി ജീവിതത്തിലും നടത്തിയ പോരാട്ടങ്ങളുടെ പൂര്‍ണരൂപം ഈ ലക്കം സമകാലിക മലയാളം വാരികയില്‍. )
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates