തിരുവനന്തപുരം : കോവിഡ് വ്യാപനം തടയുക ലക്ഷ്യമിട്ട് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ഈ മാസം 14 ന് അവസാനിക്കുകയാണ്. ലോക്ക്ഡൗണ്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചാല്‍ സംസ്ഥാനത്ത് സ്വീകരിക്കേണ്ട ഇളവുകളും തുടരേണ്ട നിയന്ത്രണങ്ങളുമെല്ലാം സംസ്ഥാന സര്‍ക്കാരിന് തലവേദന സൃഷ്ടിക്കുകയാണ്. കാസര്‍കോട്, കണ്ണൂര്‍ അടക്കം ചിലയിടങ്ങളില്‍ കോവിഡ് രോഗബാധ വീണ്ടും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ നിയന്ത്രണത്തില്‍ ഇളവ് വരുത്തുക തിരിച്ചടിയാകുമെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുന്നത്.
ലോക്ക്ഡൗണ്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കാനുള്ള സാധ്യതയാണ് സര്‍ക്കാര്‍ സജീവമായി പരിഗണിക്കുന്നത്. സ്ഥിതി നിയന്ത്രണാധീനമായില്ലെങ്കില്‍ ലോക്ക്ഡൗണ്‍ നീട്ടേണ്ടി വരും. ഇത് കടുത്ത സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുമെന്നതും സര്‍ക്കാരിനെ ആശങ്കപ്പെടുത്തുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ അവസാനിപ്പിച്ചാലും കടുത്ത നിയന്ത്രണം തുടരാനാണ് സാധ്യത.
ഓരോ മേഖലയിലെയും സ്ഥിതിഗതികള്‍ വിലയിരുത്തി ക്രമേണ നിയന്ത്രണത്തില്‍ അയവു വരുത്താനാണ് വിദഗ്ധ സമിതി ശുപാര്‍ശ നല്‍കിയിട്ടുള്ളത്. വിദേശത്തു നിന്നെത്തുന്നവര്‍ക്ക് റാപ്പിഡ് ടെസ്റ്റും കടുത്ത നിയന്ത്രണങ്ങളും വേണമെന്ന ആവശ്യം ശക്തമാണ്. കേരളത്തില്‍ കോവിഡ് ബാധിച്ചവരില്‍ ഭൂരിഭാഗവും വിദേശത്തു നിന്നെത്തിയവരോ അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരോ ആണ്.
ഹോട്ട്‌സ്‌പോട്ട് പരിധിയില്‍ വരാത്ത ജില്ലകളില്‍ നാമമാത്രമായി നിയന്ത്രണങ്ങള്‍ നീക്കുക, സ്വകാര്യ, പൊതുഗതാഗത സംവിധാനം നിയന്ത്രിക്കുക, ജില്ലാന്തര ഗതാഗതം ക്രമീകരിക്കുക, അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള ജനങ്ങളുടെ വരവ് നിയന്ത്രിക്കുക, ഒറ്റ ഇരട്ട അക്ക റജിസ്‌ട്രേഷനുള്ള വാഹനങ്ങള്‍ക്കായി ഓരോ ദിവസവും ഗതാഗതം ക്രമീകരിക്കുക തുടങ്ങി ഒട്ടേറെ നിര്‍ദേശങ്ങള്‍ മന്ത്രിസഭയുടെ മുന്നിലുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates