തിരുവനന്തപുരം: സാമ്പത്തിക വർഷം അവസാനിക്കാൻ മൂന്ന് മാസം ശേഷിക്കെ സർക്കാർ ജീവനക്കാർ പിഎസ്‌സി നടത്തുന്ന കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെഎഎസ്) പരീക്ഷയുടെ പിന്നാലെ. ഉയർന്ന ഉദ്യോഗത്തിനായുള്ള പഠനത്തിരക്കിലാണു ജീവനക്കാർ. കെഎഎസിന്റെ പ്രാഥമിക പരീക്ഷ ഫെബ്രുവരി 22നാണ്.
ഒഎംആർ മാതൃകയിലുള്ള പരീക്ഷയെഴുതാൻ മൂന്ന് വിഭാഗങ്ങളിലായി 5,76,243 അപേക്ഷകരാണുള്ളത്. ഇതിൽ സർക്കാരിലെ ഗസറ്റഡ് ഇതര തസ്തികയിലുള്ള ജീവനക്കാർ 26,950 പേരും ഒന്നാം ഗസറ്റഡ് തസ്തികയിലുള്ള 1,750 പേരും അപേക്ഷിച്ചിട്ടുണ്ട്.
സർക്കാർ, പൊതുമേഖല ഏജൻസികളും സ്വകാര്യ സ്ഥാപനങ്ങളും കെഎഎസ് പരിശീലന ക്ലാസുകൾ നടത്തുന്നുണ്ട്. ഓഫീസ് സമയത്തിനു മുൻപും ശേഷവും ഉച്ച ഭക്ഷണ സമയത്തുമൊക്കെയാണു പലയിടത്തും ക്ലാസുകൾ. പലരും ഓഫീസിൽ നിന്ന് അനധികൃതമായി മുങ്ങിയാണ് ക്ലാസുകളിൽ പങ്കെടുക്കുന്നതെന്ന് ആരോപണമുണ്ട്.
ഓഫീസ് സമയത്തു പോലും അവധി എടുക്കാതെ ജീവനക്കാർ ക്ലാസിൽ പങ്കെടുക്കാൻ പോകുന്നു. പ്രളയവും സർക്കാരിന്റെ സാമ്പത്തിക ബുദ്ധിമുട്ടും കാരണം തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ ഉൾപ്പെടെ മിക്ക വകുപ്പുകളിലും പ്രതീക്ഷിച്ച പദ്ധതിച്ചെലവ് ഉണ്ടായിട്ടില്ല. സാധാരണ ഗതിയിൽ ഇനിയുള്ള മാസങ്ങളിലാണു ചെലവുകൾ വർധിക്കുക. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അടുത്ത വർഷത്തെ പദ്ധതി രൂപീകരണവും ഇതോടൊപ്പം നടക്കുന്നുണ്ട്. അതിന്റെ ഭാഗമായി ഈ വർഷം ദുരന്ത നിവാരണ പദ്ധതി കൂടി തയാറാക്കേണ്ടതുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates