കണ്ണൂര്‍ : കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ത്ഥ്യമാകുന്നത് വൈകിച്ചത് യുഡിഎഫ് ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റപ്പെടുത്തി. 2001 മുതല്‍ 2006 വരെയുള്ള കാലയളവില്‍ വിമാനത്താവളത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം അക്ഷരാര്‍ത്ഥത്തില്‍ നിലച്ചുപോയതായി മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂര്‍ വിമാന്തതാവളം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍.
കണ്ണൂരില്‍ ഒരു വിമാനത്താവളം എന്ന ആശയം മുന്നോട്ടുവെച്ചപ്പോള്‍ തുറന്ന മനസ്സോടെയാണ് മുഖ്യമന്ത്രിയായിരുന്ന നായനാര്‍ അതിനെ ഉള്‍ക്കൊണ്ടത്. നല്ല കാര്യങ്ങളെ പിന്തുണക്കുന്നതായിരുന്നു നായനാരുടെ പ്രകൃതം. അദ്ദേഹം അതിന് എല്ലാ പിന്തുണയും നല്‍കി. കേന്ദ്ര വ്യോമയാന മന്ത്രിയായിരുന്ന സിഎം ഇബ്രാഹിമും ഈ വിമാനത്താവളം യാഥാര്‍ത്ഥ്യമായതില്‍ മൂലകാരണമായി.
എന്നാല്‍ വിമാനത്താവളവുമായി ബന്ധപ്പെട്ട് ആദ്യം മുതലേ ചിലര്‍ എതിര്‍പ്പുമായി രംഗത്തെത്തി. പിന്നീട് സ്ഥലമെടുപ്പിനെ ചൊല്ലിയായിരുന്നു തര്‍ക്കമുണ്ടാക്കിയത്. ഇതെല്ലാം എന്തിനായിരുന്നു എന്ന് അറിയില്ല. 2001 മുതല്‍ 2006 വരെയുള്ള യുഡിഎഫ് ഭരണകാലത്ത് വിമാനത്താവള നിര്‍മ്മാണം പൂര്‍ണമായും നിശ്ചലമായി. ഇതെന്തുകൊണ്ടെന്നറിയില്ല.
പിന്നീട് 2006 ല്‍ വിഎസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോഴാണ് പദ്ധതിക്ക് വീണ്ടും ജീവന്‍ വെച്ചത്. ഈ ഘട്ടത്തില്‍ എയര്‍പോര്‍ട്ടിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം കാര്യക്ഷമമായി മുന്നോട്ടുപോയി. എന്നാല്‍ പിന്നീട് യുഡിഎഫ് അധികാരത്തില്‍ എത്തിയതോടെ, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വീണ്ടും മന്ദീഭവിച്ചു. എന്നാല്‍ നിര്‍മ്മാണം പൂര്‍ണമായും നിര്‍ത്തിവെക്കാനാവാത്ത അവസ്ഥയായിരുന്നു.
യുഡിഎഫ് സര്‍ക്കാരിന്റെ അലംഭാവമാണ് എയര്‍പോര്‍ട്ട് വൈകാന്‍ കാരണമായത്. എതിര്‍പ്പുകളില്‍ മുടങ്ങിപ്പോകാന്‍ പാടില്ലെന്ന് പിന്നീട് വന്ന ഇടതുസര്‍ക്കാര്‍ ഉറച്ച തീരുമാനം എടുക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അതിന് കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭു മികച്ച പിന്തുണയാണ് നല്‍കിയത്. കണ്ണൂരിനെ രാജ്യത്തെ ഏറ്റവും മികച്ച വിമാനത്താവളമാക്കി ഉയര്‍ത്താന്‍ തുടര്‍ന്നും കേന്ദ്രമന്ത്രാലയത്തിന്റെ പിന്തുണ വേണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. ഈ നീക്കത്തിനെതിരെ കേരള സര്‍ക്കാര്‍ ഒരു നിര്‍ദേശം സമര്‍പ്പിച്ചിട്ടുണ്ട്. രണ്ട് വിമാനത്താവളങ്ങള്‍ ഇപ്പോള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലാണുള്ളത്. ഈ മാതൃകയില്‍ തിരുവനന്തപുരം വിമാനത്താവളത്തിന്റെയും നടത്തിപ്പ് സര്‍ക്കാര്‍ ഏറ്റെടുത്തുകൊള്ളാം. അതിനായി പ്രത്യേക എസ്പിവി രൂപീകരിച്ച് നടത്തിക്കൊള്ളാമെന്ന് കേന്ദ്രമന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്.
കോഴിക്കോട് എയര്‍പോര്‍ട്ടും സ്വകാര്യവല്‍ക്കരിക്കാന്‍ ഉദ്ദേശമുണ്ടെങ്കില്‍ അതും സര്‍ക്കാര്‍ ഏറ്റെടുത്ത് നടത്തിക്കൊള്ളാമെന്ന് ഈ സന്ദര്‍ഭത്തില്‍ കേന്ദ്രത്തെ അറിയിക്കുകയാണ്. കൂടാതെ ശബരിമലയില്‍ ഒരു വിമാനത്താവളത്തിന്റെ ഫീസിബിലിറ്റി സ്റ്റഡി നടക്കുകയാണ്. ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ക്ക് ഗുണകരമാകുന്നതാണ് ഇത്. ഇതിനും അനുമതി നല്‍കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
കണ്ണൂര്‍ വിമാനത്താവളം വികസന മാതൃകയാണെന്ന് ചടങ്ങില്‍ സംബന്ധിച്ച കേന്ദ്രവ്യോമയാനമന്ത്രി സുരേഷ് പ്രഭു പറഞ്ഞു. ഇനി വരുന്ന വിമാനത്താവളങ്ങള്‍ക്ക് മികച്ച മാതൃകയായും കണ്ണൂര്‍. വളര്‍ച്ചാശേഷി ഏറ്റവും കൂടുതലുള്ള ഇന്ത്യയിലെ സംസ്ഥാനമാണ് കേരളമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. രാവിലെ മുഖ്യമന്ത്രിയും കേന്ദ്രവ്യോമയാനമന്ത്രിയും ചേര്‍ന്നാണ് ആദ്യ അന്താരാഷ്ട്ര സര്‍വീസിന് ഫ്ലാഗ് ഓഫ് നിർവഹിച്ചത്. വിമാനത്താവള ടെര്‍മിനല്‍ ഇരുവരും ചേര്‍ന്ന് നാടിന് സമര്‍പ്പിക്കുകയും ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates