

തിരുവനന്തപുരം: കളരിയും യോഗയും കരാട്ടെയും മാത്രമല്ല കാടിനുള്ളില്‍ പ്രശ്‌നങ്ങളുണ്ടായാല്‍ ഒരു കൈ നോക്കാനും കൂടി തയ്യാറായാണ് കേരളത്തിന്റെ ആദ്യ വനിതാ പൊലീസ് ബറ്റാലിയന്‍ ഇറങ്ങുന്നത്. ചൊവ്വാഴ്ച രാവിലെ 7.30 ന് കേരളാ പൊലീസ് അക്കാദമി ഗ്രൗണ്ടിലാണ് കേരളത്തിലെ ആദ്യ വനിതാ ബറ്റാലിന്റെ പാസിങ് ഔട്ട് പരേഡ് നടക്കുക.
അടിസ്ഥാന പരിശീലനം കൂടാതെ ഡ്രൈവിങ്, കംപ്യൂട്ടര്‍, സോഫ്റ്റ് സ്‌കില്ലുകള്‍, ഫയറിങ്, ആയുധങ്ങള്‍, വനത്തിനുള്ളിലെ പരിശീലനം, സ്ത്രീകളുടെയും കുട്ടികളുടെയും ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗങ്ങളുടെയും പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യല്‍, ദുരന്തനിവാരണം തുടങ്ങി വിവിധ മേഖലകളില്‍ സംഘം പരിശീലനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. വ്യക്തിത്വവികാസത്തിന് ഐക്യരാഷ്ട്ര സഭയുടെ വിമന്‍ ട്രെയിനിങ് സെന്റര്‍ ഇലേണിങ് ക്യാമ്പസില്‍ നിന്നും ' ഐ നോ ജന്‍ഡര്‍ 1,2,3 ' മൊഡ്യൂളുകളും ഇവര്‍ പൂര്‍ത്തിയാക്കി. കമാന്‍ഡോ ഓപറേഷനുകള്‍ക്കുള്ള പരിശീലനവും ഇവരില്‍ 44 പേര്‍ക്ക് നല്‍കിയിട്ടുണ്ട്.
കമാന്‍ഡോ വിംഗിന് നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡിന്റെയും തണ്ടര്‍ ബോള്‍ട്ടിന്റെയും പരിശീലനം ലഭ്യമാക്കി. പോലീസ് സേനയില്‍ വനിതകളുടെ പ്രാതിനിധ്യം 25 ശതമാനമാക്കി ഉയര്‍ത്തുക എന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് വനിതാ ബറ്റാലിയന് രൂപം നല്‍കിയത്. കൂടുതല്‍ വനിതകളെ പോലീസ് സേനയിലേക്ക് റിക്രൂട്ട് ചെയ്യാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
2017 ലാണ് തിരുവനന്തപുരം ആസ്ഥാനമായി ഒരു വനിതാ പോലീസ് ബറ്റാലിയന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. റിക്രൂട്ട്‌മെന്റ് നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി സെപ്തംബറില്‍ തന്നെ പരിശീലനം ആരംഭിക്കുകയായിരുന്നു. തൃശ്ശൂര്‍ കേരള പൊലീസ് അക്കാദമിയിലാണ് പരിശീലനം നല്‍കിയത്. 578 വനിതാ അംഗങ്ങള്‍ നിലവില്‍ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates