

ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിനേറ്റ പരാജയം പാര്‍ട്ടിയിലുള്ളവരുടെ കാലുവാരലാണെന്ന് മുസ്ലീം ലീഗ് നേതാവ് മഞ്ഞളാംകുഴി അലി. ഒറ്റെപ്പട്ടതാണെങ്കിലും കോണ്‍ഗ്രസിലെ ഇപ്പോഴത്തെ അനൈക്യം സര്‍ക്കാരിന് ഒരിക്കലും കിട്ടാത്ത 'പിന്തുണ' ഉണ്ടാക്കിക്കൊടുത്തു എന്നാണ് ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം പറയുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പോലും കാലുവാരലുണ്ടായെന്നും അന്ന് ഭരണത്തുടര്‍ച്ചയ്ക്ക് വിലങ്ങായവര്‍ക്ക് വിലങ്ങിടാത്തതാണ് ഇത്തവണയും സമാന സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ ഇടയാക്കുന്നത്. ഒപ്പം നില്‍ക്കുകയും അടിയോടെ വാരിക്കൊണ്ടുപോവുകയും ചെയ്യുന്നത് തടയാനാവണം. കൂടെയില്ലെങ്കില്‍ അത് പരസ്യമാക്കാന്‍ തന്റേടം കാണിക്കണം. അദ്ദേഹം വ്യക്തമാക്കി. ശുദ്ധികലശത്തിന് ഇനിയും കാത്തിരിക്കരുതെന്നും തെരഞ്ഞെടുപ്പ് തൊട്ടടുത്തു തന്നെയുണ്ടെന്നും അലി കുറിക്കുന്നു.
മഞ്ഞളാംകുഴി അലിയുടെ ഫേയ്‌സ്ബുക്ക് പോസ്റ്റ്
ഇത്തവണത്തെ ഉപതെരഞ്ഞെടുപ്പുകളില്‍ അഭിമാനിക്കാവുന്ന നേട്ടങ്ങളില്‍ ഒന്നാമത്തേത് അരൂരിലേതാണ്. അടിതെറ്റാതെ സിപിഎം കൊണ്ടുനടന്ന അരൂര്‍ ഇത്തവണ ഷാനിമോള്‍ ഉസ്മാന്‍ പിടിച്ചെടുത്തു. നിശ്ചയ ദാര്‍ഢ്യത്തോടെയുള്ള പ്രവര്‍ത്തനം കഠിനമായ മല്‍സരത്തെ അതിജീവിക്കാന്‍ സഹായിച്ചു. മുസ്ലിംലീഗ് പാര്‍ട്ടിയുടെ ചുമതല ഉണ്ടായിരുന്നതിനാല്‍ ആ മണ്ഡലത്തിലെ ശക്തിയും ശക്തിക്കുറവും നേരിട്ട് ബോധ്യപ്പെടാനായി. പോരായ്മകളെ മറികടക്കാന്‍ എളുപ്പമായത് ഐക്യവും കൂട്ടുത്തരവാദിത്തവുമാണ്. കൂടെയുള്ളവരാരും കാലുവാരിയില്ല. അവരെല്ലാം ജനഹിതത്തിനൊപ്പം നിന്നു. മഞ്ചേശ്വരത്തും എറണാകുളത്തും ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ ജനങ്ങളും മുന്നണിയും ഒന്നിച്ചു. അതിന്റെ ഫലവും കണ്ടു.ജനം മടുത്തവര്‍ക്ക് മതിപ്പുണ്ടാക്കിക്കൊടുത്തതാണ് മറ്റിടങ്ങളില്‍നിന്നുള്ള പാഠം. തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാന്‍ വളരെ എളുപ്പമാണ്.
ഒന്നു കണ്ണടച്ചാല്‍ മതി. പക്ഷെ, തുറക്കുമ്പോഴേക്കും തിരിച്ചുപിടിക്കാനാവാത്ത വിധം മണ്ഡലം കൈവിട്ടുപോയിരിക്കും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍പോലും കാലുവാരല്‍ പലയിടങ്ങളില്‍ നടന്നു. പാര്‍ട്ടിയേക്കാള്‍, ജനത്തേക്കാള്‍ വലുതായവര്‍ സ്വയം ഭൂലോക തോല്‍വികളാവുന്നതാണ് അതിന്റെ ഫലം. കഴിഞ്ഞതവണ ഭരണത്തുടര്‍ച്ചയ്ക്ക് വിലങ്ങായവര്‍ക്ക് വിലങ്ങിടാത്തതാണ് ഇത്തവണയും സമാന സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ ഇടയാക്കുന്നത്. ഒപ്പം നില്‍ക്കുകയും അടിയോടെ വാരിക്കൊണ്ടുപോവുകയും ചെയ്യുന്നത് തടയാനാവണം. കൂടെയില്ലെങ്കില്‍ അത് പരസ്യമാക്കാന്‍ തന്റേടം കാണിക്കണം.
മല്‍സരങ്ങള്‍ ഒരിക്കലും വ്യക്തിഗതമല്ലല്ലോ. രാഷ്ട്രീയമാണ്. ആശയപരവുമാണ്. അവിടെ കാലുവാരിയാല്‍ കോലംകെട്ടുപോവും. പൊളിഞ്ഞുപാളീസായ ഒരു സര്‍ക്കാരിന് ഒരിക്കലും കിട്ടാത്ത 'പിന്തുണ' ഉണ്ടാക്കിക്കൊടുക്കാന്‍, ഒറ്‌പ്പെട്ടതാണെങ്കിലും ഇപ്പോഴത്തെ അനൈക്യത്തിന് കഴിഞ്ഞു. പാഠങ്ങള്‍ പറഞ്ഞുപോവാനുള്ളതല്ല. പഠിച്ചുപോവാനുള്ളതുതന്നെയാണ്. ചില നഷ്ടങ്ങള്‍ തിരിച്ചുപിടിക്കാന്‍ കഴിയാത്തതാവും. വാരാന്‍ വല വിരിക്കുംമുമ്പ് കുളത്തില്‍ മീനുണ്ടോയെന്നുകൂടി നോക്കുന്നതാണ് പൊതുവെ നല്ലത്. ശുദ്ധികലശത്തിന് ഇനിയും കാത്തിരിക്കണോ. തൊട്ടപ്പുത്ത്ുണ്ട്, അടുത്ത തെരഞ്ഞെടുപ്പുകള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates