കുട്ടനാട് പാക്കേജ് പുനരുജ്ജീവിപ്പിക്കാന്‍ ധാരണ, കേന്ദ്രസഹായം തേടും ;  പ്രളയക്കെടുതിയില്‍ ആലപ്പുഴയില്‍ 1000 കോടിയുടെ നഷ്ടമെന്ന് വിലയിരുത്തൽ

മുഖ്യമന്ത്രി കുട്ടനാട്ടിലെ പ്രളയദുരിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം അവലോകന യോഗം ബഹിഷ്‌കരിച്ചു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read

ആലപ്പുഴ : കുട്ടനാട് പാക്കേജ് പുനരുജ്ജീവിപ്പിക്കാന്‍ ആലപ്പുഴയില്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത അവലോകന യോഗത്തില്‍ തീരുമാനമായി. ഇതിന് കേന്ദ്രസഹായം തേടുമെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ അറിയിച്ചു. എത്രയും വേഗം കുട്ടനാട് പാക്കേജില്‍ നടപ്പാക്കാതെ പോയ ശുപാര്‍ശകള്‍ പ്രാവര്‍ത്തികമാക്കാന്‍ തീരുമാനിച്ചു. പ്രളയക്കെടുതിയില്‍ ആലപ്പുഴയില്‍ 1000 കോടി രൂപയുടെ നഷ്ടം ഉണ്ടായതായും യോഗം വിലയിരുത്തി. റോഡുകള്‍ നന്നാക്കാന്‍ മാത്രം 500 കോടി വേണ്ടിവരുമെന്നും മന്ത്രി ജി സുധാകരന്‍ പറഞ്ഞു. 

കുട്ടനാട്ടില്‍ ജല നിയന്ത്രണ സംവിധാനങ്ങള്‍ നടപ്പിലാക്കും. മടകള്‍ പൊട്ടിയതിനെ തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ വെള്ളം കയറിയ സാഹചര്യങ്ങളുണ്ട്. ഇവിടെ മട കുത്തി വെള്ളം പമ്പ് ചെയ്ത് ജനവാസം സാധാരണ നിലയിലാക്കാന്‍ യോഗത്തില്‍ നിര്‍ദേശം നല്‍കി. 123 സ്ഥലങ്ങളിലെ മട കുത്തി വെള്ളം കളയുന്നതിനുള്ള പണത്തിന്റെ 20 ശതമാനം അഡ്വാൻസ് നൽകിയതായി കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ അറിയിച്ചു. ഒക്ടോബറോടെ നെല്‍കൃഷി ആരംഭിക്കാനാകുമെന്നാണ് കൃഷി വകുപ്പിന്റെ വിലയിരുത്തല്‍. 

ജനജീവിതം സുഗമമാക്കുന്നതിന് വിവിധ വകുപ്പുകള്‍ പ്രത്യേകം സ്‌പെഷല്‍ ഓഫീസര്‍മാരെ നിയോഗിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് റവന്യൂ വകുപ്പ് പ്രത്യേക ഉദ്യോഗസ്ഥനെ നിയോഗിക്കണം. ജനങ്ങളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് നടപടികള്‍ സ്വീകരിക്കണം. വെള്ളം ഇറങ്ങിയ ശേഷമുള്ള ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും വകുപ്പുകള്‍ ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. 

ഭാവിയിലും ഇത്തരം ദുരിതങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍, ഇനി നിര്‍മ്മിക്കുന്ന കെട്ടിടങ്ങള്‍ രണ്ട് മീറ്റര്‍ ഉയരത്തില്‍ നിര്‍മ്മിക്കുന്നതിനെ കുറിച്ച് പഠിക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു. മന്ത്രിമാരായ തോമസ് ഐസക്ക്, ജി സുധാകരന്‍, ഇ ചന്ദ്രശേഖരൻ, മാത്യു ടി തോമസ്, കെ കെ ശൈലജ, പി തിലോത്തമന്‍, വി എസ് സുനില്‍കുമാര്‍,  എംഎല്‍എമാര്‍, ആലപ്പുഴ, കോട്ടയം ജില്ലാ കളക്ടര്‍മാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. അതേസമയം മുഖ്യമന്ത്രി കുട്ടനാട്ടിലെ പ്രളയദുരിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം അവലോകന യോഗം ബഹിഷ്‌കരിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ജില്ലയിലെ എംപിമാരായ കെസി വേണുഗോപാല്‍, കൊടുക്കുന്നില്‍ സുരേഷ് എന്നിവരാണ് യോഗത്തിന് എത്താതിരുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com