തിരുവനന്തപുരം: വിശ്വാസ സംരക്ഷണത്തിനെടുത്ത നിലപാടുകൾ, ശക്തമായ ത്രികോണമത്സരം നടന്ന തിരുവനന്തപുരം, പത്തനംതിട്ട ലോക്‌സഭാ മണ്ഡലങ്ങളിൽ തുണയാകുമെന്ന പ്രതീക്ഷയിൽ ബിജെപി. തിരുവനന്തപുരത്ത് എൻഡിഎ സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ ഇരുപതിനായിരത്തിൽ കുറയാത്ത വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിക്കുമെന്ന് ബിജെപി കണക്കുകൂട്ടൽ. എൽഡിഎഫ്., യുഡിഎഫ്. മുന്നണികളിലെ പരമ്പരാഗത ഹിന്ദുവോട്ടുകളിൽ ചോർച്ചയുണ്ടാകുമെന്നും അത് കുമ്മനത്തിന്റെ അക്കൗണ്ടിലെത്തുമെന്നുമാണ് കണക്കുകൂട്ടൽ.
ബിജെപി എംഎൽഎ ഒ രാജഗോപാലിന്റെ നേമം അടക്കം പല മണ്ഡലങ്ങളിലും ശക്തമായ ലീഡാണ് ബിജെപി പ്രതീക്ഷിക്കുന്നത്. എന്നാൽ, കഴക്കൂട്ടത്തും കോവളത്തും വലിയ പ്രതീക്ഷ വെച്ചിട്ടുകാര്യമില്ലെന്ന് രഹസ്യമായി സമ്മതിക്കുന്നുമുണ്ട്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിലെ ശശി തരൂരിന്റെ ഭൂരിപക്ഷം 15,470 മാത്രമാണ്. ബിജെപി.യുടെ ഒ രാജഗോപാലാണ് രണ്ടാമതെത്തിയത്. അന്നത്തെക്കാൾ അനുകൂല സാഹചര്യമാണ് ഇപ്പോഴെന്നും ശബരിമലയിലെ വിശ്വാസ സംരക്ഷണത്തിനെടുത്ത നിലപാടാണ് ഇതിന് കാരണമെന്നും പാർട്ടി കരുതുന്നു.
വിശ്വാസ സംരക്ഷണ നിലപാടുകൾക്കനുകൂലമായി തിരുവനന്തപുരത്തെക്കാൾ വോട്ടർമാരുടെ കുറെക്കൂടി ശക്തമായ പ്രതികരണമുണ്ടായത് കെ. സുരേന്ദ്രൻ മത്സരിച്ച പത്തനംതിട്ടയിലാണ്. ജനപക്ഷത്തെ പി.സി. ജോർജ് മുന്നണിക്കൊപ്പം വന്നത് പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളിൽ ഗുണകരമായിട്ടുണ്ട്. വിശ്വാസസംരക്ഷണം ഹിന്ദുക്കളെമാത്രം ബാധിക്കുന്നതല്ലെന്ന ബോധ്യം പത്തനംതിട്ട മണ്ഡലത്തിലെ വോട്ടർമാരിൽ ഉണ്ടായിരുന്നതായും സുരേന്ദ്രൻ ജയിക്കുമെന്നതിൽ സംശയമില്ലെന്നും പത്തനംതിട്ടയിലെ പ്രചാരണച്ചുമതല വഹിച്ച പാർട്ടി വക്താവ് എം.എസ്. കുമാർ പറയുന്നു.
പത്തനംതിട്ടയിൽ 44 ശതമാനമാണ് ന്യൂനപക്ഷ വോട്ട്. ശബരിമല ക്ഷേത്രം സ്ഥിതിചെയ്യുന്ന ഇവിടെ ഹിന്ദുവോട്ടുകളുടെ ഏകീകരണമുണ്ടായിട്ടുണ്ട്. കഴിഞ്ഞതവണ എം.ടി. രമേശ് മത്സരിച്ചപ്പോൾ 1,38,954 വോട്ടുനേടിയ ഈ മണ്ഡലത്തിലും അന്നത്തെ സാഹചര്യമല്ല ഇപ്പോഴുള്ളത്. ഇത്തവണ വോട്ടുചെയ്യാൻ സ്ത്രീകൾ കൂട്ടത്തോടെ എത്തിയതും എട്ടുശതമാനത്തോളം പോളിങ് ശതമാനം ഉയർന്നതും സുരേന്ദ്രന് അനുകൂലമാകുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates