

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ അനുബന്ധ കുറ്റപത്രം കോടതി സ്വീകരിച്ചു. പരിശോധനയ്ക്കു ശേഷമാണ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി കുറ്റപത്രം സ്വീകരിച്ചത്.
ദിലീപീനെ എട്ടാം പ്രതിയാക്കിയാണ് പൊലീസ് കുറ്റപത്രം നല്‍കിയിരിക്കുന്നത്. ആക്രമണത്തിനിരയായ നടിയെ നേരിട്ട് ഭീഷണിപ്പെടുത്തിയിരുന്നെന്ന് പൊലീസ് കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കൊച്ചിയിലെ അമ്മയുടെ താരനിശയിലാണ് സംഭവം നടന്നത്. നടന്‍ സിദ്ധിഖും സംഭവത്തിന് സാക്ഷിയാണെന്ന് കുറ്റപത്രം വ്യക്തമാക്കുന്നു.
കുറ്റകൃത്യത്തില്‍ ദിലീപിന് പങ്കുണ്ടെന്ന് ആദ്യം സൂചിപ്പിച്ചത് ആക്രമിക്കപ്പെട്ട നടിയുടെ സഹോദരനാണ്. ആക്രമണത്തില്‍ ദീലീപിന് പങ്കുണ്ടെന്ന് ബോധ്യമുണ്ടെന്നായിരുന്നു മൊഴി. പള്‍സര്‍ സുനി ദിലീപിന് അയച്ച കത്ത് കൂടി പുറത്തുവന്നതോടെ സംശയം ബലപ്പെട്ടെന്നും അന്വേഷണസംഘം കുറ്റപത്രത്തില്‍ വിശദീകരിക്കുന്നു.
ആദ്യ കുറ്റപത്രം നല്‍കിയ ശേഷമാണ് നടിയുടെ സഹോദരന്‍ ആക്രമണത്തില്‍ ദിലീപിന്റെ പങ്കാളിത്തത്തെ കുറിച്ച് പൊലീസിനോട് സംശയം പ്രകടിപ്പിക്കുന്നത്. ഇതേത്തുടര്‍ന്നാണ് പൊലീസ് ഇക്കാര്യം വിശദമായി അന്വേഷിച്ചത്. താരനിശയ്ക്കിടെ കാവ്യയുമായുള്ള ദിലീപിന്റെ ബന്ധത്തെക്കുറിച്ച് നടി മറ്റുതാരങ്ങളോട് പറഞ്ഞു. കാവ്യ ഇക്കാര്യം ദിലീപിനോട് പറഞ്ഞതിനെ തുടര്‍ന്ന് ക്ഷുഭിതനായ ദിലീപ് നടിയെ വിളിച്ച് രൂക്ഷമായ ഭാഷയില്‍ ശകാരിക്കുകയും, ഭീഷണിപ്പെടുത്തുകയും ചെയ്തു. സിദ്ധിഖ് അടക്കമുള്ള താരങ്ങളുടെ സാന്നിധ്യത്തിലായിരുന്നു ദിലീപിന്റെ ശകാരവും ഭിഷണിയുമെന്നും കുറ്റപത്രത്തില്‍ വിശദീകരിക്കുന്നു.
നടി കാവ്യ മാധവനുമായുള്ള രഹസ്യബന്ധം ഭാര്യ മഞ്ജു വാര്യരെ അറിയിച്ചത് ആക്രമണത്തിനിരയായ നടിയാണെന്നാണ് ദിലീപിന്റെ വിശ്വാസം. ഇതിന്റെ അടിസ്ഥാനത്തിലാണ് നടിയെ ആക്രമിക്കാന്‍ പദ്ധതിയിട്ടത്. നാലു വര്‍ഷം മുമ്പ് തയ്യാറാക്കിയ പദ്ധതി രണ്ടു തവണ പാളിപ്പോയിരുന്നു. ഇതിന് ശേഷം മൂന്നാം തവണയാണ് ആക്രമണ പദ്ധതി പള്‍സര്‍ സുനിയും സംഘവും നടപ്പാക്കിയത്.
ആക്രമിക്കപ്പെട്ട നടിയെയാണ്, പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ നല്‍കിയ കുറ്റപത്രത്തില്‍ ഒന്നാം സാക്ഷിയായി ചേര്‍ത്തിട്ടുള്ളത്. തനിക്കെതിരെ ദിലീപ് ഗൂഢാലോചന നടത്തിയിട്ടുണ്ടാവാം എന്നാണ് ഓരോ തവണ ചോദ്യം ചെയ്തപ്പോഴും നടി ആവര്‍ത്തിച്ചത്. വിവാഹ ബന്ധം തകര്‍ത്തതിനു നടിയോടു പ്രതികാരം ചെയ്യുമെന്ന് ദിലീപ് പലരോടും പറഞ്ഞിരുന്നു. ഇക്കാര്യം പലരും തന്നോടു പറഞ്ഞിട്ടുണ്ടെന്ന് നടി വ്യക്താക്കിയതായി കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ആക്രമണത്തിനു പിന്നില്‍ ദിലീപ് തന്നെയാണെന്ന സംശയമാണ് നടി ഉന്നയിച്ചത്. ആദ്യമൊഴിയില്‍ ഇക്കാര്യം ഉണ്ടായിരുന്നില്ല. എന്നാല്‍ ആക്രമണം ക്വട്ടേഷന്‍ ആണെന്ന് അതില്‍ പറഞ്ഞിരുന്നു. അതു നിര്‍ണായകമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.
ആക്രമിക്കപ്പെട്ട നടിയുടെ മൊഴി ശക്തമായി നില്‍ക്കുന്നതുകൊണ്ടുതന്നെ ദിലീപിനെതിരായ കേസ് തെളിയിക്കാന്‍ പ്രയാസമൊന്നുമില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്. ലൈംഗിക ആക്രമണ കേസുകളില്‍ ഇരയുടെ മൊഴി നിര്‍ണായകമാണ്. ഇവിടെ ഓരോ തവണ ചോദ്യം ചെയ്തപ്പോഴും ദിലീപീനെതിരായ മൊഴിയില്‍ ഉറച്ചുനില്‍ക്കുകയാണ് നടി ചെയ്തത്. അതുകൊണ്ടുതന്നെ ഈ കേസില്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുമെന്നതില്‍ സംശയമൊന്നുമില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിശ്വാസം.
കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്ന അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍നിന്ന് വിചാരണ എറണാകുളം സെഷന്‍സ് കോടതിയിലേക്കു മാറ്റുമെന്നാണ് കരുതുന്നത്. ഇരുപതു വര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്താണ് വിചാരണ സെഷന്‍സ് കോടതിയിലേക്കു മാറ്റുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates