തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ കോവിഡ് പാക്കേജിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിൽ പ്രഖ്യാപിച്ച പാക്കേജിലെ ഇതേവരെയുള്ള പ്രഖ്യാപനങ്ങൾ നോക്കിയാൽ കേന്ദ്ര സർക്കാർ ബജറ്റിൽ നിന്ന് ചെലവാകുന്നത് നാമമാത്രമായ തുകയാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഈ സ്ഥിതിക്ക് മാറ്റം വരണമെന്നും അദ്ദേഹം പറഞ്ഞു. വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി കേന്ദ്ര പാക്കേജിനെതിരെ വിമർശനം ഉന്നയിച്ചത്.
ബാങ്കുകൾ വായ്പ കൊടുക്കാൻ വിസമ്മതിക്കുന്ന പ്രശ്‌നം ഈ ദുരിത കാലത്തു പോലും വന്നിട്ടുണ്ട്. ആർബിഐയിൽ പണമടച്ച പലിശ നേടാനാണ് ബാങ്കുകൾ ശ്രമിക്കുന്നതെന്നാണ് വാർത്തകളെന്നും അദ്ദേഹം പറഞ്ഞു. 8.5 ലക്ഷം കോടി രൂപയാണ് ബാങ്കുകൾ ഇത്തരത്തിൽ നിക്ഷേപിച്ചിരിക്കുന്നത്. ബാങ്കുകളേയും വ്യവസായ പ്രമുഖരേയും ഒന്നിച്ചിരുത്തി സാമ്പത്തിക മേഖലയിൽ ഇടപെടൽ നടത്താൻ ശ്രമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വൈദ്യുതിയുടെ ഫിക്‌സഡ് ചാർജ് ഇപ്പോൾ മാറ്റി വെച്ചിരിക്കുകയാണ്. ഇത് എഴുതിത്തള്ളുന്നതിന് കേന്ദ്രസർക്കാരിന്റെ സഹായം വേണം. ചെറുകിട മേഖലയിലെ തൊഴിലാളികൾക്ക് ധന സഹായം നൽകേണ്ടതുണ്ട്. പിഎഫ് അടക്കുന്നതിനുള്ള സഹായം ലഭിക്കണമെങ്കിൽ 15,000 രൂപയിൽ താഴെയായിരിക്കണം ശമ്പളമെന്ന നിബന്ധന നീക്കം ചെയ്യാൻ കേന്ദ്രം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വൈദ്യുത കമ്പനികൾക്ക് അനുവദിച്ചിട്ടുള്ള 900 കോടിയുടെ സഹായത്തിന്റെ ഗ്യാരന്റി സംസ്ഥാനങ്ങളാണ് വഹിക്കേണ്ടി വരിക. എന്നാൽ സംസ്ഥാന സർക്കാരുകൾക്ക് ഇതുവരെ ഒരു ധന സഹായവും കേന്ദ്രം പ്രഖ്യാപിച്ചിട്ടില്ല. ഇനിയുള്ള ദിവസങ്ങളിൽ ഈ സമീപനം തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കേന്ദ്ര ധനമന്ത്രി സംസ്ഥാന ധനമന്ത്രിമാരുമായി ആശയ വിനിമയം നടത്തി ആരോഗ്യ- സാമൂഹിക സുരക്ഷാ പ്രവർത്തനങ്ങളിൽ വ്യാപൃതരാകുന്ന സംസ്ഥാനങ്ങളെ സാമ്പത്തികമായി സഹായിക്കുന്നതിന് വ്യക്തമായ പദ്ധതി ഒരുക്കണം. റവന്യു വരുമാനത്തിൽ സംസ്ഥാനത്തിന് 6451 കോടിയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates