കൊച്ചിയിലെ കുരുക്കഴിക്കാന്‍ കമ്മീഷണര്‍ നേരിട്ടെത്തി, കുഴികള്‍ അടച്ച് പൊലീസ്; മാതൃകാ നടപടിക്ക് സല്യൂട്ട്
കൊച്ചി: കൊച്ചി നഗരത്തെ നിശ്ചലമാക്കി വന്‍ ഗതാഗതക്കുരുക്ക്. കുണ്ടന്നൂരില്‍ മണിക്കൂറുകളോളമാണ് വാഹനഗതാഗതം തടസ്സപ്പെട്ടത്. രാവിലെ പതിനൊന്നുമണിയോടെ തുടങ്ങിയ ഗതാഗതക്കുരുക്കില്‍ മൂന്നുമണിവരെ മണിക്കൂറുകളോളമാണ് വാഹനങ്ങള്‍ കുടുങ്ങി കിടന്നത്. ട്രാഫിക് ബ്ലോക്ക് രൂക്ഷമായി യാത്രക്കാര്‍ വലഞ്ഞതോടെ സിറ്റി പൊലീസ് കമ്മീഷണര്‍ വിജയ് സാഖറേ പ്രശ്‌നത്തില്‍ നേരിട്ടെത്തി ഇടപെട്ടു. കുഴികളില്‍ മെറ്റലിട്ട് ഗതാഗതം സുഗമമാക്കാനുളള നടപടികളാണ് കമ്മീഷണറുടെ നേതൃത്വത്തില്‍ നടക്കുന്നത്.
വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങളില്‍ ജോലിനടക്കുന്നതും ഇരുവശത്തുമുള്ള ഇടുങ്ങിയ റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞതുമാണ് പ്രശ്‌നം രൂക്ഷമാക്കിയത്. മരടിലേക്കും തേവരയിലേക്കുമുള്ള റോഡുകള്‍ അറ്റകുറ്റപ്പണിക്കായി അടച്ചതും സ്ഥിതി വഷളാക്കി. ഇതേത്തുടര്‍ന്ന് മൂന്നു മണിക്കൂറിലേറെയായി ഇടപ്പള്ളിക്കും കുമ്പളത്തിനുമിടയില്‍ ഗതാഗതം സ്തംഭിച്ച നിലയിലായിരുന്നു.
റോഡുകളുടെ അറ്റകുറ്റപ്പണികള്‍ ഉടന്‍ ആരംഭിക്കാനുള്ള കളക്ടറുടെ ഉത്തരവിനെ തുടര്‍ന്ന് പലയിടത്തും പണി നടക്കുന്നതും ഓണം അവധിയെ തുടര്‍ന്നുണ്ടായ തിരക്കുമാണ് നഗരത്തിലെ പ്രധാന റോഡുകളെ സ്തംഭിപ്പിച്ചത്. വാഹനങ്ങള്‍ നിയന്ത്രിക്കാന്‍ ആവശ്യത്തിന് പോലീസുകാരില്ലാത്തത് സ്ഥിതി വഷളാക്കി. വൈറ്റിലയില്‍ നിന്ന് അരൂര്‍ ഭാഗത്തേക്കും തിരിച്ചും രാവിലെ മുതല്‍ ഗതാഗതക്കുരുക്കുണ്ട്. ഉച്ചക്കു ശേഷം പ്രശ്‌നം രൂക്ഷമായി. പാലാരിവട്ടം മേല്‍പ്പാലം, വൈറ്റില ജംങ്ഷന്‍, കുണ്ടന്നൂര്‍ ജംങ്ഷന്‍ എന്നിവിടങ്ങളില്‍ പലപ്പോഴും ഗതാഗതം മുഴുവനായും സ്തംഭിച്ചു. പ്രധാന പാതയിലെ കുരുക്ക് മറികടക്കാന്‍ ഇടറോഡുകളെ ആശ്രയിച്ചവര്‍ക്കും രക്ഷയില്ലാതായി.
വൈറ്റില-തൃപ്പൂണിത്തുറ റോഡിലും ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. റോഡ് നന്നാക്കാന്‍ നടപടിയെടുക്കണമെന്നും രണ്ടാഴ്ചയ്ക്കുള്ളില്‍ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിച്ചില്ലെങ്കില്‍ നടപടിയെടുക്കുമെന്നും ജില്ലാ കളക്ടര്‍ അന്ത്യശാസനം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് മുന്നൊരുക്കങ്ങളില്ലാതെ റോഡ് പണി തുടങ്ങിയതാണ് പ്രശ്‌നം വഷളാക്കിയതെന്ന് യാത്രക്കാര്‍ പറഞ്ഞു.
ഗതാഗതം നിയന്ത്രിക്കാന്‍ വൈറ്റിലയിലും കുണ്ടന്നൂരിലും കൂടുതല്‍ പോലീസിനെ വിന്യസിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. ഇതേ സ്ഥിതി തുടര്‍ന്നാല്‍ ഓണദിവസങ്ങള്‍ അടുക്കുന്നതോടെ പ്രശ്‌നം കൂടുതല്‍ വഷളായേക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

