കൊച്ചിയിൽ അഞ്ചിടങ്ങളിൽ കോവിഡ് പരിശോധനക്കായി സ്ഥിരം സംവിധാനം
കൊച്ചി: എറണാകുളം ജില്ലയിൽ കോവിഡ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന കീഴ്മാട്, ചെങ്ങമനാട്, ചൂർണിക്കര, എടത്തല പഞ്ചായത്തുകളിലും കളമശ്ശേരി മുൻസിപ്പാലിറ്റിയിലും കോവിഡ് പരിശോധനക്കായി സ്ഥിരം സംവിധാനം ഏർപ്പെടുത്തും. കലക്ടർ എസ് സുഹാസിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാതല കോവിഡ് അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. കോർപറേഷൻ പരിധിയിൽ മൂന്ന് ടെസ്റ്റിങ് കേന്ദ്രങ്ങൾ കൂടി ആരംഭിക്കാനും പദ്ധതിയുണ്ട്.
കൂനമ്മാവ് കോൺവെന്റിലെ കന്യാസ്ത്രീക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ കോൺവെന്റിൽ നടത്തിയ ആന്റിജൻ പരിശോധനയിൽ ആർക്കും രോഗം കണ്ടെത്തിയിട്ടില്ല. കൂനമ്മാവ്, ചൊവ്വര, ഫോർട്ട് കൊച്ചി, ചെല്ലാനം, ചൂണ്ടി, പ്രദേശങ്ങളിൽ ആണ് ഇന്ന് ആക്റ്റീവ് സർവെയ്‌ലൻസിന്റെ ഭാഗമായി പരിശോധന നടത്തിയത്. ചെല്ലാനം പ്രദേശത്തു കൂടുതൽ റാപിഡ് ടെസ്റ്റുകൾ നടത്താൻ ആരോഗ്യ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
ജില്ലയിലെ സർക്കാർ, സ്വകാര്യ ആശുപത്രികളിലും ആംബുലൻസ്കളിലും ഓക്സിജൻ സപ്ലൈ ഉണ്ടെന്ന് ഉറപ്പാക്കാനും അവലോകന യോഗത്തിൽ തീരുമാനിച്ചു. സബ് കലക്ടർ സ്നേഹിൽ കുമാർ സിങ്, അസിസ്റ്റന്റ് കലക്ടർ രാഹുൽ കൃഷ്ണ ശർമ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻകെ കുട്ടപ്പൻ, തുടങ്ങിയവർ അവലോകന യോഗത്തിൽ പങ്കെടുത്തു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

