കൊച്ചി; കഴിഞ്ഞ ദിവസം ഇൻഫോപാർക്കിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത് കൊല്ലം സ്വദേശിയുടെ മൃതദേഹം. കൊല്ലം ഇളമാട് ഇടത്തറപ്പണ രേവതി ഹൗസിൽ ദിവാകരൻ നായരെ (65) റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കരിമുകൾ–ഇൻഫോപാർക്ക് റോഡിൽ ബ്രഹ്മപുരത്ത് കെഎസ്ഇബിയുടെ പ്ലോട്ടിനു സമീപമാണ് മൃതദേഹം കണ്ടെത്തിയത്.
ശനി രാവിലെ ഒൻപതിന് ദീർഘനാളായി കിട്ടാനുണ്ടായിരുന്ന പണം വാങ്ങാനെന്ന് പറഞ്ഞ് ദിവാകരൻ തന്റെ കാറിൽ കൊച്ചിയിൽ എത്തിയത്. വാഹനം തകരാറിലായെന്നും ഇതു ശരിയാക്കുന്നതിനു താമസം ഉള്ളതിനാൽ മുറിയെടുത്തു താമസിക്കുകയാണെന്നും പറഞ്ഞു വൈകിട്ടോടെ ബന്ധുക്കളെ വിളിച്ചതായും പറയുന്നു.
കെഎസ്ഇബി ഉടമസ്ഥതയിലുള്ള സ്ഥലത്തിന്റെ ഗേറ്റിനു സമീപമാണ് മൃതദേഹം കിടന്നിരുന്നത്. മുഖത്തും ദേഹത്തും പരുക്കേറ്റ പാടുകളുണ്ട്. ശരീരത്തിൽ നിന്നു രക്തം വന്ന നിലയിലാണെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ചെരിപ്പ് ഇല്ലാത്ത നിലയിലായിരുന്നു. ഫോൺ, പഴ്സ് എന്നിവ കണ്ടെത്താനായിട്ടില്ല. പ്രഭാത സവാരിക്കിറങ്ങിയവരാണ് ഇൻഫോപാർക്ക് പൊലീസിൽ വിവരം അറിയിച്ചത്. പോക്കറ്റിലുണ്ടായിരുന്ന പണമിടപാട് രേഖകളും എഴുതി സൂക്ഷിച്ചിരുന്ന നമ്പറുകളും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ആളെ തിരിച്ചറിഞ്ഞത്.
മരണത്തിൽ വീട്ടുകാർ ദുരൂഹത ആരോപിച്ചതിനെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. സമീപത്തെ സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നു പൊലീസ് അറിയിച്ചു. ഇളമാട് രാജീവ്ഗാന്ധി റസിഡന്റ് വെൽഫെയർ സൊസൈറ്റി പ്രസിഡന്റ്, കർഷക കോൺഗ്രസ് ജില്ലാകമ്മിറ്റി അംഗം, ഐഎൻടിയുസി ഇളമാട് മണ്ഡലം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുകയായിരുന്നു. 
 
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
