തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്ക് കോവിഡ് 19 ബാധിച്ചുവെന്നത് കൊറോണ വൈറസ് ബാധയിൽ കേരളത്തെ ആശങ്കയിലാക്കിയിരുന്നു. എന്നാല്‍ അവര്‍ വളരെ വേഗത്തില്‍ രോഗം ഭേദമായി സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ഡിസ്ചാര്‍ജ് സമയത്ത് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ രേഷ്മയെ വിളിച്ച് സന്തോഷം പങ്കുവച്ചു.
കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന സ്റ്റാഫ് നഴ്‌സ് രേഷ്മ മോഹന്‍ദാസിനായിരുന്നു വൈറസ് ബാധിച്ചത്. ഡിസ്ചാര്‍ജ് ആയി അവർ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് വീട്ടിലേക്ക് പോയത്. 14 ദിവസത്തെ വീട്ടു നിരീക്ഷണത്തിന് ശേഷം കൊറോണ ഐസൊലേഷന്‍ വാര്‍ഡില്‍ ജോലി ചെയ്യാന്‍ തയാറാണെന്നാണ് രേഷ്മ പറയുന്നത്.
‘നമ്മുടെ ആശുപത്രികളില്‍ കൊറോണ ചികിത്സയ്ക്കുള്ള എല്ലാ സൗകര്യങ്ങളുമുണ്ട്. ഒരുപാട് ജീവനക്കാര്‍ സന്നദ്ധതയോടെ ജോലി ചെയ്യുന്നു. അതിനാല്‍ തന്നെ ആശങ്കകള്‍ ഇല്ലാതെ ജോലിയെടുക്കണം. കേരളം കൊറോണയെ അതിജീവിക്കുക തന്നെ ചെയ്യും’– രേഷ്മ പറഞ്ഞു.
കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന റാന്നിയിലെ 93ഉം 88ഉം വയസുള്ള വൃദ്ധ ദമ്പതികളെ പരിചരിക്കവെയാണ് നഴ്സായ രേഷ്മയ്ക്ക് കോവിഡ് പിടിപെട്ടത്. മാര്‍ച്ച് 12 മുതല്‍ 22 വരെയായിരുന്നു രേഷ്മയ്ക്ക് കൊറോണ ഐസലേഷന്‍ വാര്‍ഡില്‍ ഡ്യൂട്ടിയുണ്ടായിരുന്നത്. ശാരീരിക അവശതകളോടൊപ്പം കൊറോണ വൈറസ് കാരണമുള്ള ബുദ്ധിമുട്ടുകളും ഉണ്ടായിരുന്ന വൃദ്ധ ദമ്പതികളെ രേഷ്മയ്ക്ക് വളരെ അടുത്ത് പരിചരിക്കേണ്ടി വന്നു. ആരോഗ്യം പോലും നോക്കാതെ സ്വന്തം മാതാപിതാക്കളെപ്പോലെയാണ് രേഷ്മ അവരെ പരിചരിച്ചത്.
ഡ്യൂട്ടി ടേണ്‍ അവസാനിച്ച ശേഷം രേഷ്മയ്ക്ക് മാര്‍ച്ച് 23ന് ചെറിയ പനി ഉണ്ടായി. ഉടന്‍ തന്നെ ഫീവര്‍ ക്ലിനിക്കല്‍ കാണിച്ചു. കൊറോണ ലക്ഷണങ്ങള്‍ കണ്ടതിനാല്‍ സാംപിളുകളെടുത്തു പരിശോധയ്ക്കായി അയയ്ക്കുകയും കൊറോണ ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. മാര്‍ച്ച് 24നാണ് രോഗം സ്ഥിരീകരിച്ചത്. ചെറിയ തലവേദനയും ശരീരവേദനയുമൊഴിച്ചാല്‍ മറ്റൊരു ബുദ്ധിമുട്ടും ഈ നാളുകളില്‍ ഉണ്ടായില്ല.
കൊറോണ സ്ഥിരീകരിച്ചപ്പോള്‍ ആദ്യമൊക്കെ ചെറിയ ടെന്‍ഷന്‍ ഉണ്ടായിരുന്നെങ്കിലും ആരോഗ്യ മന്ത്രി കെകെ ശൈലജയും ആശുപത്രിയിലെ സഹപ്രവര്‍ത്തകരും വലിയ പിന്തുണയാണ് നല്‍കിയതെന്ന് രേഷ്മ പറഞ്ഞു. എറണാകുളം തൃപ്പുണ്ണിത്തുറ തിരുവാങ്കുളം സ്വദേശിയാണ് രേഷ്മ മോഹന്‍ദാസ്. ഭര്‍ത്താവ് ഉണ്ണികൃഷ്ണന്‍ എഞ്ചിനീയറാണ്. ഭര്‍ത്താവിന്റെ അമ്മയും വീട്ടിലുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates