കൊച്ചി : എറണാകുളം കളമശേരി മെഡിക്കല്‍ കോളജില്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ രോഗി മരിച്ചത് ഓക്‌സിജന്‍ കിട്ടാതെയെന്ന് നഴ്‌സിങ് ഓഫിസറുടെ ശബ്ദ സന്ദേശം പുറത്ത്. ഫോര്‍ട്ട് കൊച്ചി സ്വദേശി ഹാരിസ് മരിച്ചത് ഓക്‌സിജന്‍ കിട്ടാതെയെന്ന് വെളിപ്പെടുത്തിക്കൊണ്ടുള്ള നഴ്‌സിങ് ഓഫിസര്‍ ജലജാദേവിയുടെ ശബ്ദ സന്ദേശമെന്ന പേരിലാണ് ഇത് പുറത്തുവന്നത്.
മെഡിക്കല്‍ കോളജില്‍ അത്യാഹിത വിഭാഗത്തില്‍ ചികില്‍സയിലായിരുന്ന ഹാരിസ് ജൂലൈ 20 നാണ് മരിച്ചത്. ഇയാളുടെ മരണം രോഗം മൂലമല്ലെന്നും വെന്റിലേറ്ററിന്റെ ട്യൂബ് ശരിയായ നിലയില്‍ ആയിരുന്നതിനാലാണെന്നുമാണ് ശബ്ദസന്ദേശത്തില്‍ പറയുന്നത്. ഹാരിസിന്റെ മരണകാരണം വെന്റിലേറ്റര്‍ ട്യൂബുകള്‍ മാറി കിടന്നതാണെന്നും, എന്നാല്‍ ആശുപത്രി അധികൃതര്‍ ഈ വിവരം ഒതുക്കിതീര്‍ത്തതായും സന്ദേശത്തില്‍ പറയുന്നു. ചികില്‍സയിലുള്ള പല രോഗികളുടെയും മാസ്‌കുകള്‍ ശരിയല്ലാത്ത രീതിയില്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ ഇത് റിപ്പോര്‍ട്ട് ചെയ്തിട്ടും അധികൃതര്‍ നടപടി എടുത്തിട്ടില്ലെന്നും ശബ്ദസന്ദേശത്തിലുണ്ട്.
കേന്ദ്രസംഘത്തിന്റെ സന്ദര്‍ശനത്തിനു മുന്നോടിയായി നഴ്‌സുമാരുടെ വാട്‌സാപ് ഗ്രൂപ്പില്‍ നഴ്‌സിങ് ഓഫിസര്‍ കൈമാറിയതെന്ന് പറയുന്ന ശബ്ദ സന്ദേശത്തിലാണ് ഗുരുതരമായ പരാമര്‍ശങ്ങളുള്ളത്. വാര്‍ഡുകളില്‍ ഉത്തരവാദിത്തത്തോടെ പെരുമാറാത്ത ചില നഴ്‌സുമാരുണ്ടെന്നും അവര്‍ക്കുള്ള മുന്നറിയിപ്പെന്ന നിലയിലാണ് ഇത്തരമൊരു ശബ്ദ സന്ദേശം നല്‍കിയതെന്നുമാണ് നഴ്‌സിങ് ഓഫിസര്‍ ജലജാദേവിയുടെ വിശദീകരണം. വെന്റിലേറ്റര്‍ ട്യൂബുകള്‍ മാറി കിടന്നത് ശ്രദ്ധിക്കാത്തതാണ് മരണകാരണമെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ബന്ധുക്കള്‍ നിയമനടപടിക്കൊരുങ്ങുകയാണ്. സംഭവത്തില്‍ ഉത്തരവാദികള്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് ഹൈബി ഈഡന്‍ എംപി മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കത്ത് നല്‍കി.
ഹാരിസിന്റെ മരണത്തില്‍ സംശയമുണ്ടായിരുന്നതായും ആശുപത്രി അധികൃതരുടെ പിഴവാണ് മരണകാരണമെന്ന് വ്യക്തമായെന്നും സഹോദരി സൈനബ പറഞ്ഞു. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ രോഗി മരിച്ച സംഭവം കേരളത്തിന്റെ കോവിഡ് പ്രതിരോധം പാളിയതിന്റെ ഉദാഹരണമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മെഡിക്കല്‍ കോളജിലെ മരണങ്ങളെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നും ചെന്നിത്തല പറഞ്ഞു. സംഭവം വിവാദമായതിന് പിന്നാലെ ആരോഗ്യമന്ത്രി കെ കെ ശൈലജ അന്വേഷണത്തിന് ഉത്തരവിട്ടു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates