

കൊച്ചി: കോളിളക്കം സൃഷ്ടിച്ച ജിഷ വധക്കേസിലെ പ്രതി അമീറുള്‍ ഇസ്ലാമിന് വധശിക്ഷ. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി എന്‍ അനില്‍കുമാറാണ് വിധി പ്രസ്താവിച്ചത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസെന്ന് കോടതി നിരീക്ഷിച്ചു. മറ്റുകുറ്റങ്ങളിലായി 10 വര്‍ഷവും ഏഴു വര്‍ഷവും കഠിനതടവും കോടതി വിധിച്ചിട്ടുണ്ട്. കൂടാതെ അഞ്ചുലക്ഷം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. അമീറുള്‍ കുറ്റക്കാരനാണെന്ന് ചൊവ്വാഴ്ച കോടതി പ്രസ്താവിച്ചിരുന്നു.
അപൂര്‍വങ്ങളില്‍ അപൂര്‍വ്വമായ കേസായി പരിഗണിച്ച് പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് സുപ്രീംകോടതിയിലെയും, ഹൈക്കോടതികളിലെയും വിധികള്‍ ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന്‍ വാദിച്ചു. ഡല്‍ഹി നിര്‍ഭയ കേസിന് സമാനമായ കേസാണിത്. കൊലയും അതിക്രൂരപീഡനവും തെളിഞ്ഞിട്ടുണ്ട്. 33 തവണ കുത്തേറ്റതിന്റെ പാടുകള്‍ ശരീരത്തില്‍ ഉണ്ടായിരുന്നു. പ്രതി സഹതാപം അര്‍ഹിക്കുന്നില്ലെന്നും പ്രോസിക്യൂഷന്‍ അഭിപ്രായപ്പെട്ടു. കുറ്റകൃത്യം അപൂര്‍വങ്ങളില്‍ അപൂര്‍വമായി കണക്കാക്കരുതെന്നും, പ്രതിയുടെ പ്രായം കൂടി കണക്കിലെടുത്ത് കരുണ കാണിക്കണമെന്നും പ്രതിഭാഗം വാദിച്ചു. ജിഷയെ മുന്‍പരിചയമില്ലെന്നും തെറ്റായ കുറ്റമാണ് തനിക്കെതിരെ ചുമത്തിയതെന്നും അമീറുള്‍ കോടതിയില്‍ പറഞ്ഞു.
കൊലപാതകം നടത്തണമെന്ന ഉദ്ദേശ്യത്തോടെ വീട്ടില്‍ അതിക്രമിച്ചു കയറല്‍(ഐപിസി 449), രക്ഷപ്പെടാനാവാത്തവിധം വിധം തടഞ്ഞുവയ്ക്കല്‍ (342), ബലാത്സംഗം (376), ആയുധം ഗുഹ്യഭാഗത്ത് കുത്തിക്കയറ്റി മരണതുല്യമാക്കല്‍ (376 എ), കൊലപാതകം (302) എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ തെളിഞ്ഞത്. തെളിവുനശിപ്പിക്കല്‍, പട്ടികജാതിവര്‍ഗ പീഡനനിയമം എന്നീ കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
പ്രതി അമിതമായ ലൈംഗികാസക്തിയോടെ ജിഷയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്നും, ചെറുത്തപ്പോള്‍ കൈയില്‍ കരുതിയ ആയുധം ഉപയോഗിച്ച് അതിക്രൂരമായി വെട്ടിയും കുത്തിയും പരിക്കേല്‍പ്പിച്ചശേഷം ബലാത്സംഗം ചെയ്‌തെന്നും തുടര്‍ന്ന് കൊല നടത്തിയെന്നുമാണ് കണ്ടെത്തല്‍. സാഹചര്യത്തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും രാസപരിശോധനാ റിപ്പോര്‍ട്ടുകളുടെയും അടിസ്ഥാനത്തിലാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ഡിഎന്‍എ പരിശോധനാഫലം അടക്കമുള്ള തെളിവുകള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
ജിഷയുടെ നഖത്തിനിടയില്‍നിന്നും ചുരിദാറിലെ ഉമിനീരില്‍നിന്നും വേര്‍തിരിച്ചെടുത്ത പ്രതിയുടെ ഡിഎന്‍എ, ചുരിദാര്‍ പാന്റ്‌സിലെ രക്തക്കറയിലെ പ്രതിയുടെ ഡിഎന്‍എ, ജിഷയുടെ വീടിനു പിന്‍വശത്തെ വാതിലിലെ രക്തക്കറയിലലെ പ്രതിയുടെ ഡിഎന്‍എ, പ്രതിയുടെ ചെരിപ്പില്‍നിന്ന് കണ്ടെത്തിയ ജിഷയുടെ ഡിഎന്‍എ, ഈ ചെരിപ്പിനടിയില്‍നിന്ന് കണ്ടെത്തിയ മണ്ണിന് ജിഷയുടെ വീടിനു സമീപത്തെ മണ്ണിനോടുള്ള സാദൃശ്യം, കുറ്റകൃത്യത്തിനുശേഷം പോകവെ അമീറിനെ കണ്ട ജിഷയുടെ അയല്‍വാസി പ്രതിയെ തിരിച്ചറിഞ്ഞത് തുടങ്ങി പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകള്‍ ദൃക്‌സാക്ഷികളില്ലാതിരുന്ന കേസില്‍ നിര്‍ണായകമായി.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 2016 ഏപ്രില്‍ 28നാണ് ഇരിങ്ങോള്‍ വട്ടോളിപ്പടി കുറ്റിക്കാട്ടു വീട്ടില്‍ രാജേശ്വരിയുടെ മകള്‍ ജിഷാമോള്‍ (30) ക്രൂരമായ ബലാല്‍സംഗത്തിനുശേഷം കൊല്ലപ്പെട്ടത്. ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. ഈ സംഘം ജൂണ്‍ 16 നാണ് തമിഴ്‌നാട്ടിലെ കാഞ്ചീപുരത്ത് നിന്നും പ്രതി അമീറുള്‍ ഇസ്ലാമിനെ പിടികൂടിയത്. കേസില്‍ സെപ്റ്റംബര്‍ 17 ന് കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എന്‍ കെ ഉണ്ണികൃഷ്ണന്‍, അസിസ്റ്റന്റ് പ്രോസിക്യൂട്ടര്‍ പി രാധാകൃഷ്ണന്‍, അഡ്വ. എന്‍ യു ഹരികൃഷ്ണ, അഡ്വ. സഹീര്‍ അഹമ്മദ് എന്നിവരും പ്രതിക്കുവേണ്ടി അഡ്വ. ബി എ ആളൂരും ഹാജരായി.
 
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates