തൃശൂർ: പഠന യാത്രയ്ക്കു പോയ 39 മലയാളി വിദ്യാർഥികൾ ഡൽഹിയിൽ കുടുങ്ങി. തൃശൂർ മണ്ണുത്തി ഡയറി സയൻസ് കോളജിലെ അവസാന വർഷ ബിടെക് വിദ്യാർഥികളാണു ടൂർ ഏജന്റിന്റെ തട്ടിപ്പിനിരയായത്. എട്ട് ലക്ഷത്തിലധികം രൂപ അഡ്വാൻസ് വാങ്ങിയ തിരുവനന്തപുരത്തെ ആദിത്യ ഡെസ്റ്റിനേഷൻസ് എന്ന സ്ഥാപനത്തിനെതിരെ കോളജ് അധികൃതർ പൊലീസിൽ പരാതി നൽകി.
രണ്ട് അധ്യാപകരും ഒരു അനധ്യാപികയും ഉൾപ്പെടുന്ന സംഘം 18നാണു ഡൽഹിയിലെത്തിയത്. ഇന്നലെ ഹരിയാനയിലെ കർണാലിലേക്കു പോകാനിരിക്കെയാണു ഹോട്ടലിൽ പണം അടച്ചിട്ടില്ലെന്ന് അറിഞ്ഞത്. ഇറക്കി വിടുമെന്നായതോടെ 86,000 രൂപ വിദ്യാർഥികൾ സ്വന്തം കൈയിൽ നിന്നു നൽകി. മൂന്ന് ദിവസം ഡൽഹി സന്ദർശിക്കാൻ ഉപയോഗിച്ച ബസിനുള്ള 70,000 രൂപയും നൽകിയിരുന്നില്ല.
പല തവണ ടൂർ ഏജൻസി ഉടമ അരുണിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ ഓഫാണ്. തിരുവനന്തപുരത്തെ ഓഫീസും അടച്ചിട്ടിരിക്കുകയാണ്. യാത്ര പുറപ്പെട്ട ദിവസം അരുൺ കോളജിലെത്തിയിരുന്നു. ടൂർ ഗൈഡായ ആൾക്കു കൂടുതൽ വിവരങ്ങൾ അറിയില്ല. തിരുവനന്തപുരത്തെ വീട്ടിൽ മൂന്ന് ദിവസമായി അരുൺ എത്തിയിട്ടില്ലെന്നും അറിയുന്നു.
23 ദിവസത്തെ യാത്രയിൽ അമൃത്‌സർ, മണാലി, ഡെറാഡൂൺ, ഡൽഹി, മുംബൈ, ഗോവ എന്നീ സ്ഥലങ്ങൾ സന്ദർശിക്കാനാണു പദ്ധതി. തട്ടിപ്പ് അറിഞ്ഞതിനെത്തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് ഇവർക്ക് കേരള ഹൗസിൽ താമസവും ഭക്ഷണവും ഒരുക്കി. കേരള ഹൗസ് അധികൃതർ ഹരിയാനയിലെ കർണാൽ വരെ യാത്രയ്ക്കു സൗകര്യവുമൊരുക്കി.
അതേസമയം ആദിത്യ ഡെസ്റ്റിനേഷൻസ് എന്ന ട്രാവൽ ഏജൻസി അംഗത്വമെടുത്തിട്ടില്ലെന്ന് ട്രാവൽ– ടൂറിസം മേഖലയിലെ ഔദ്യോഗിക സംഘടനകൾ അറിയിച്ചു. ഏജൻസിക്കെതിരെ അന്വേഷണം നടത്തി നടപടിയെടുക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി. ഇത്തരം ഏജൻസികളെ നിയന്ത്രിക്കാൻ ടൂറിസം റഗുലേറ്ററി അതോറിറ്റി രൂപവൽക്കരിക്കാനുള്ള നടപടികൾ അന്തിമഘട്ടത്തിലാണെന്നും പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates