തിരുവനന്തപുരം : കെഎസ്ആര്‍ടിസിയില്‍ എം പാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടതിനെ തുടര്‍ന്ന് കളക്ഷനില്‍ കുറവുണ്ടായിട്ടില്ലെന്ന് എംഡി ടോമിന്‍ തച്ചങ്കരി. ജീവനക്കാരെ സമര്‍ത്ഥമായി വിന്യസിക്കാന്‍ മാനേജ്‌മെന്റും സര്‍ക്കാരും നടത്തിയ ഇടപെടലാണ് വന്‍ സാമ്പത്തിക നഷ്ടവും യാത്രക്കാര്‍ക്ക് വന്‍ ബുദ്ധിമുട്ടും ഉണ്ടാകാതിരിക്കാന്‍ ഇടയാക്കിയതെന്നും തച്ചങ്കരി പറഞ്ഞു. സർവീസ് വെട്ടിക്കുറച്ചതുമൂലം ഡീസൽ ചെലവിനത്തിൽ 16 ലക്ഷം രൂപ ലാഭിക്കാനായി. താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടതുമൂലം ആദ്യ ദിവസം സ്ഥിരം ജീവനക്കാര്‍ക്കും വലിയ മാനസിക ബുദ്ധിമുട്ട് അനുഭവിച്ചിരുന്നെങ്കിലും, അവര്‍ പ്രതിസന്ധിഘട്ടത്തില്‍ കോര്‍പ്പറേഷനോട് സഹകരിച്ചുവെന്ന് ടോമിന്‍ തച്ചങ്കരി വ്യക്തമാക്കി.
തിങ്കളാഴ്ച 7.49 കോടിയായിരുന്നു കെഎസ്ആര്‍ടിസിയുടെ കളക്ഷന്‍. ചൊവ്വാഴ്ച ആറരക്കോടിയായിരുന്നു കളക്ഷന്‍ ലഭിച്ചത്. ഇതിന് മുമ്പത്തെ ചൊവ്വാഴ്ച ഹര്‍ത്താല്‍ ദിനത്തില്‍ അഞ്ചര കോടിയും അതിന് മുമ്പത്തെ ചൊവ്വാഴ്ച ആറര കോടിയുമായിരുന്നു കളക്ഷന്‍. ഇത് വരുമാനത്തില്‍ കുറവുണ്ടായിട്ടില്ലെന്ന് വ്യക്തമാക്കുന്നു. അതേസമയം ഇന്നലെ താല്‍ക്കാലിക ജീവനക്കാര്‍ ഇല്ലാത്തുമൂലം 980 സര്‍വീസുകളാണ് റദ്ദാക്കേണ്ടി വന്നത്. എന്നാല്‍ ഇന്ന് അത് 337 ആയി ചുരുക്കാന്‍ കഴിഞ്ഞു.
പിഎസ് സി നിയമനം ലഭിച്ചിട്ടുള്ളവരെ എത്രയും വേഗം ജോലിക്ക് നിയോഗിക്കാനാണ് കോര്‍പ്പറേഷന്‍ ആലോചിക്കുന്നത്. ഇതിനുള്ള നടപടികള്‍ വേഗത്തിലാക്കും. പിഎസ്‌സി സെലക്ഷന്‍ ലഭിച്ചിട്ടുള്ള എല്ലാവരോടും നാളെ ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. സാധാരണ രണ്ടുമാസം എടുത്തു നടപ്പാക്കുന്ന നിയമന പ്രൊസീജിയര്‍ ഒരാഴ്ചക്കകം തീര്‍ക്കാനാണ് ആലോചന. ജോലിയില്‍ പ്രവേശിക്കുന്ന അവരെ നിയോഗിച്ചിട്ടുള്ള ഡിപ്പോകളിലേക്ക് അയക്കും. രണ്ട് ദിവസത്തെ ഓറിയന്റേഷന്‍ കോച്ചിംഗ് നടത്തിയശേഷം ആര്‍ടിഒ ഓഫീസുകളില്‍ കൊണ്ടുേേപായി കണ്ടക്ടര്‍ പരീക്ഷയ്ക്ക് ഹാജരാക്കും. പരീക്ഷ പാസായാല്‍ എത്രയും വേഗം ബാഡ്ജ് നല്‍കും.
തുടര്‍ന്ന് ടിക്കറ്റ് മെഷീനുവേണ്ട പരിശീലനം നല്‍കിയശേഷം രണ്ടു ദിവസം കണ്ടക്ടര്‍മാര്‍ക്കൊപ്പം പരിചയത്തിനായി അയക്കും. തുടര്‍ന്ന് ഇവരെ സ്വതന്ത്ര കണ്ടക്ടര്‍മാരായി നിയോഗിക്കാനാണ് ആലോചന. തുടക്കത്തില്‍ ഇവരെ ടൗണിനകത്തെ, തിരക്കുകുറഞ്ഞ റൂട്ടുകളിലാകും നിയോഗിക്കുക. ഇവരുടെ റൂട്ടുകളില്‍ ഇന്‍സ്‌പെക്ടര്‍മാര്‍ നിരന്തരം കയറി ഇവരുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കും. കെഎസ്ആര്‍ടിസിയുടെ പ്രസതിസന്ധിയേക്കാള്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്നത് ഇല്ലാതാക്കാനാണ് കോര്‍പ്പറേഷന്‍ ശ്രദ്ധ വെക്കുന്നത്.
9500 സ്ഥിരം കണ്ടക്ടര്‍മാരാണ് കെഎസ്ആര്‍ടിസിക്ക് ഉള്ളത്. ഇതില്‍ 800 ഓളം പേര്‍ മറഞ്ഞിരിക്കുന്നു, അല്ലെങ്കില്‍ ദീര്‍ഘകാല അവധിയില്‍പോയി എന്നാണ് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയത്. ഇത്തരക്കാരോട് തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. പുതിയ ജീവനക്കാര്‍ ചുമതലയേല്‍ക്കുന്നത് വരെ നിലവിലുള്ള സ്ഥിരം ജീവനക്കാര്‍ കൂടുതല്‍ സമയം ജോലി ചെയ്യാന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
ഡ്രൈവര്‍ കം-കണ്ടക്ടര്‍ ലൈസന്‍സുള്ളവര്‍ക്ക് കണ്ടക്ടര്‍ ഡ്യൂട്ടി നല്‍കാനും തീരുമാനമായിട്ടുണ്ട്. കണ്ടക്ടര്‍ ലെസ്സ് സര്‍വീസ് നടത്താനും കെഎസ്ആര്‍ടിസി ആലോചിക്കുന്നു. നിലവില്‍ പമ്പയില്‍ സര്‍വീസ് നടത്തുന്ന പോലെ, ടൗണ്‍ ടു ടൗണ്‍, അന്തര്‍ സംസ്ഥാന സര്‍വീസ്, മിന്നല്‍ സര്‍വീസ് തുടങ്ങിയ സര്‍വീസുകളില്‍ കണ്ടക്ടര്‍മാരില്ലാ സര്‍വീസുകള്‍ നടത്താനാണ് ആലോചിക്കുന്നത്. നഷ്ടത്തില്‍ പോയി കേരള ഖജനാവിന് ബാധ്യതയാകാന്‍ കോര്‍പ്പറേഷന്‍ ആഗ്രഹിക്കുന്നില്ലെന്നും എംഡി ടോമിന്‍ തച്ചങ്കരി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates