

തിരുവനന്തപുരം; സിഗ്നല്‍ ലംഘിച്ച ബൈക്ക് തടഞ്ഞതിന്റെ പേരില്‍ ട്രാഫിക്ക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പൊതുനിരത്തില്‍ വളഞ്ഞിട്ട് തല്ലി. പാളയം യുദ്ധസ്മാരകത്തിന് സമീപം ബുധനാഴ്ച വൈകീട്ട് ആറിനാണ് സംഭവം. മര്‍ദനത്തില്‍ ഗുരുതരമായി പരുക്കേറ്റ എസ്എപി ക്യാമ്പിലെ പോലീസുകാരായ വിനയചന്ദ്രന്‍, ശരത്, എന്നിവര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
യൂണിഫോമിലായിരുന്നു പൊലീസുകാരെ ഇരുപതോളം എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് ക്രൂരമായി മര്‍ദ്ദിച്ചത്. ട്രാഫിക് നിയമം ലംഘിച്ച് 'യു'ടേണ്‍ എടുത്ത ബൈക്ക് സഡ്യൂട്ടിയിലുണ്ടായിരുന്ന അമല്‍കൃഷ്ണ തടഞ്ഞതാണ് പ്രശ്‌നത്തിന് കാരണമായത്. പൊലീസിന്റെ നടപടിയില്‍ പ്രകോപിതനായ യുവാവ് പൊലീസുകാരനുമായി തര്‍ക്കിച്ചു. അമല്‍കൃഷ്ണയെ യുവാവ് പിടിച്ചു തള്ളുന്നതു കണ്ട് സമീപത്ത് നിന്ന പോലീസുകാരായ വിനയചന്ദ്രനും, ശരതും ഇടപെടുകയായിരുന്നു.
ബൈക്ക് യാത്രികനും ഇവരുമായി ഏറ്റുമുട്ടി. ഇതിനിടെ ബൈക്ക് യാത്രികന്‍ ഫോണ്‍ചെയ്ത് കൂട്ടുകാരെ വിളിച്ചുവരുത്തുകയായിരുന്നു. യൂണിവേഴ്‌സിറ്റി കോളേജിന് സമീപത്ത് നിന്നും ഇരുപതോളം വിദ്യാര്‍ത്ഥികള്‍ പാഞ്ഞെത്തി. ഇവര്‍ എത്തിയ ഉടന്‍ രണ്ടുപോലീസുകാരെയും വളഞ്ഞിട്ട് മര്‍ദ്ദിച്ചു. വിദ്യാര്‍ത്ഥികളുടെ അക്രമണത്തില്‍ നിന്നും ഓടിമാറിയ ട്രാഫിക് പോലീസുകാരന്‍ അമല്‍കൃഷ്ണയാണ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് സഹായം അഭ്യര്‍ത്ഥിച്ചത്. പോലീസ് എത്തിയപ്പോഴേക്കും ഇരു പോലീസുകാരെയും വിദ്യാര്‍ത്ഥികള്‍ തല്ലി അവശരാക്കിയിരുന്നു. ഇരുവരും എഴുന്നേല്‍ക്കാന്‍ പോലും കഴിയാതെ റോഡില്‍ കിടക്കുകയായിരുന്നു.
അക്രമികളെ പൊലീസ് പിടികൂടിയെങ്കിലും എസ്എഫ്‌ഐ നേതാക്കള്‍ സ്ഥലത്തെത്തി അവരെ മോചിപ്പിക്കുകയായിരുന്നു. ജീപ്പില്‍ കയറ്റി കൊണ്ടുപോകാന്‍ ശ്രമിക്കവെയാണ് കോളേജ് യൂണിയന്‍ നേതാവ് ഉള്‍പ്പടെയുള്ളവര്‍ സംഘടിച്ചെത്തി പൊലീസുകാരെ തടഞ്ഞത്. പൊലീസിനെ വിരട്ടുകയും കസ്്റ്റഡിയില്‍ എടുത്തവരെമോചിപ്പിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. കൂടുതല്‍ വിദ്യാര്‍ത്ഥികളും നേതാക്കളും സംഘടിച്ചതോടെ പോലീസുകാര്‍ പിന്‍മാറി. അവശരായ പോലീസുകാരെ മറ്റൊരു ജീപ്പില്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ഇരുവര്‍ക്കും ദേഹമാസകലം പരിക്കുണ്ട്. എന്നാല്‍ പൊലീസിനെ അക്രമിച്ച സംഭവത്തില്‍ എസ്എഫ്‌ഐക്ക് പങ്കില്ലെന്നാണ് എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് ഷിജിത്ത് പറഞ്ഞത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates