തമ്മനത്തെ ആള്‍ക്കൂട്ടക്കൊലപാതകം; സംസ്ഥാന സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍

അക്രമത്തിന് ഇരയായവര്‍ പലപ്പോഴും പിന്നാക്ക- ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ടവരോ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരോ ആണെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
തമ്മനത്തെ ആള്‍ക്കൂട്ടക്കൊലപാതകം; സംസ്ഥാന സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍
Updated on
1 min read

തിരുവനന്തപുരം: തമ്മനത്ത് ആള്‍ക്കൂട്ടം യുവാവിനെ മര്‍ദ്ദിച്ച് കൊന്ന സംഭവത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ നിര്‍ദ്ദേശം. കഴിഞ്ഞ ദിവസമാണ് തമ്മനം സ്വദേശിയായ ജിബിന്‍ വര്‍ഗ്ഗീസ് ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

സംസ്ഥാനത്ത് വര്‍ധിച്ചു വരുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളില്‍ കമ്മീഷന്‍ നടുക്കവും രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മാത്രം എട്ടിലേറെ ആളുകളാണ് ആള്‍ക്കൂട്ടത്തിന്റെ ആക്രമണത്തെ തുടര്‍ന്ന് കേരളത്തില്‍ കൊല്ലപ്പെട്ടതെന്ന് കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ജോര്‍ജ് കുര്യന്‍ പറയുന്നു.  ആള്‍ക്കൂട്ട കൊലപാതകങ്ങളെ ഗൗരവത്തോടെ കണ്ട് കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

ഇക്കാര്യം ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറി, ഡിജിപി, എറണാകുളം ജില്ലാ കളക്ടര്‍, ജില്ലാ പൊലീസ് കമ്മീഷണര്‍ എന്നിവര്‍ക്കാണ് കമ്മീഷന്‍ കത്തയച്ചത്.

അക്രമത്തിന് ഇരയായവര്‍ പലപ്പോഴും പിന്നാക്ക- ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ടവരോ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരോ ആണെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ആള്‍ക്കൂട്ടം വിധികര്‍ത്താക്കളാകുമ്പോള്‍ നിയമ വ്യവസ്ഥയാണ് നോക്കുകുത്തിയാകുന്നത്. ആള്‍ക്കൂട്ടം വ്യക്തിയുടെ ജീവന്‍ അപഹരിക്കുമ്പോള്‍ അവരെ ആശ്രയിച്ച് ജീവിക്കുന്ന കുടുംബങ്ങളെ കൂടിയാണ് അനാഥമാക്കുന്നത്. ആള്‍ക്കൂട്ടം മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ഇപ്പോഴും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നടക്കുന്ന ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് ലഭിക്കുന്ന ദേശീയ ശ്രദ്ധ കേരളത്തിന് ലഭിക്കാത്തത് കുറ്റവാളികള്‍ക്ക് സഹായകരമാകുന്നുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 

സദാചാര ആക്രമണങ്ങളും സംസ്ഥാനത്ത് ഒട്ടും കുറവല്ലെന്നും യുവാക്കളെ ബോധവത്കരിക്കുന്നതിലൂടെ മാത്രമേ ഇത്തരം കുറ്റകൃത്യങ്ങളെ ഒഴിവാക്കാന്‍ കഴിയൂ എന്നും കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ജനസംഖ്യവച്ചുള്ള കണക്കുകള്‍  പരിശോധിച്ചാല്‍ കേരളം ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ ഒന്നാമതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com