കൊച്ചി: സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ കോവിഡ് ദ്രുത പരിശോധന ആരംഭിക്കും. ലക്ഷണങ്ങളില്ലാത്ത രോഗവാഹകരെ കണ്ടെത്താൻ ലക്ഷ്യമിട്ടാണ് പരിശോധന നടത്തുന്നത്. സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 100 കവിഞ്ഞ സാഹചര്യത്തിലാണ് ഇത്. സമ്പർക്കത്തിലൂടെ രോഗം പിടിപെടുന്നവർ കൂടുന്നത് ആശങ്കയുണ്ടാക്കുന്നതാണ്. ഉറവിടം അജ്ഞാതമായ രോഗ ബാധിതർ കൂടുതൽ ആയതോടെയാണ് രോഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത വൈറസ് വാഹകരെ കണ്ടെത്താൻ ഉള്ള ആന്റിബോഡി പരിശോധന തുടങ്ങുന്നത്.
എച്ച്എൽഎൽ കമ്പനിയുടെ കിറ്റുകളാണ് ആന്റി ബോഡി പരിശോധനകൾക്ക് ഉപയോഗിക്കുന്നത്. രക്തം എടുത്ത് പ്ലാസ്മ വേർതിരിച്ച്, അത് ഉപയോഗിച്ചാണ് ദ്രുത പരിശോധന. അഞ്ച് എംഎൽ രക്തമാണ് പരിശോധനക്കായി ഉപയോഗിക്കുന്നത്.
ആദ്യ ഘട്ടത്തിൽ ഒരു ലക്ഷം കിറ്റുകളാണ് പരിശോധനയ്ക്കായി ഉപയോഗിക്കുന്നത്. 10000 കിറ്റുകൾ വീതം തിരുവനന്തപുരം, തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലും 5000 എണ്ണം വീതം മറ്റു ജില്ലകളിലും എത്തിച്ചു. വരും ദിവസങ്ങളിൽ ഇതു സംബന്ധിച്ച പരിശീലനം നൽകിയതിന് ശേഷം തിങ്കളാഴ്ച മുതൽ വ്യാപക പരിശോധന തുടങ്ങും.
പരിശോധനയിൽ ഐജിജി പോസിറ്റീവ് ആയാൽ രോഗം വന്നിട്ട് കുറച്ചുനാൾ ആയെന്നും അതിനെതിരെ ഉള്ള പ്രതിരോധ ശേഷി ആയാൾ നേടിയിട്ടുണ്ടെന്നും അനുമാനിക്കാം. ഇതേ വ്യക്തിയുടെ സമ്പർക്കത്തിൽ വന്നവരുടെ വിവരങ്ങൾ വളരെ പ്രധാന്യമുള്ളതാണ്. അതേസമയം പരിശോധനയിൽ ഐജിഎം പോസിറ്റീവ് എന്നാണ് കണ്ടെത്തുന്നതെങ്കിൽ ആ വ്യക്തിക്ക് രോഗബാധ ഉണ്ടായിട്ട് അധികനാൾ ആയില്ലെന്ന് ഉറപ്പിക്കാം. ചികിത്സയും നൽകാം. സെന്റിനന്റൽ സർവലൈൻസിന്റെ ഭാഗമായാണ് ആന്റിബോഡി പരിശോധന നടത്തുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates