

കൊച്ചി: ചെങ്ങന്നൂര്‍ ഉപതെരഞ്ഞടുപ്പിന് നാല് ആഴ്ചകള്‍ മാത്രം അവശേഷിക്കെ വിജയപ്രതീക്ഷയില്‍ എല്‍ഡിഎഫ്. തെരഞ്ഞടുപ്പ് പ്രഖ്യാപനം നീളുമ്പോഴും അടുക്കും ചിട്ടയുമാര്‍ന്ന പ്രചാരണവുമായാണ് എല്‍ഡിഎഫ് മുന്നോട്ട് പോയത്. ചെങ്ങന്നൂരില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിക്കു വിജയമുറപ്പാണെന്ന് സിപിഎമ്മിന്റെ പ്രാഥമിക വോട്ട് കണക്കെടുപ്പ്. അയ്യായിരത്തിനും പതിനായിരത്തിനുമിടയില്‍ ഭൂരിപക്ഷത്തിന് പാര്‍ട്ടി സ്ഥാനാര്‍ഥി സജി ചെറിയാന്‍ ജയിക്കുമെന്നാണ് കീഴ്ഘടകങ്ങളില്‍ നിന്നുള്ള സ്ഥിതിവിവര കണക്കുകളുടെ അടിസ്ഥാനത്തില്‍ പാര്‍ട്ടി വിലയിരുത്തല്‍. ബിജെപിക്ക്, കഴിഞ്ഞ തിരഞ്ഞെടുപ്പിലേതിനെക്കാള്‍ 10,000 വോട്ടുകള്‍ വരെ കുറഞ്ഞേക്കാമെന്നും സിപിഎം കണക്കു കൂട്ടുന്നു.
സ്ഥാനാര്‍ഥിയെന്ന നിലയില്‍ മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്കിടയില്‍ സജി ചെറിയാന്റെ സ്വീകാര്യത എല്‍ഡിഎഫിന് സഹായകമാകുമെന്നാണ് വിലയിരുത്തല്‍. ഭരണമുന്നണിയുടെ പ്രതിനിധി എന്ന നിലയില്‍ നിഷ്പക്ഷ വോട്ടുകള്‍ കൂടുതലായി സമാഹരിക്കാന്‍ സജി ചെറിയാന് കഴിയുമെന്നും സിപിഎം കണക്കു കൂട്ടുന്നു. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്നതും എല്‍ഡിഎഫിന് നേട്ടമാകും.പരമ്പരാഗതമായി യുഡിഎഫിന് ഒപ്പം നിന്നിരുന്ന െ്രെകസ്തവ വോട്ടുകളില്‍ വിള്ളല്‍ ഉണ്ടാക്കാന്‍ പാകത്തിലുള്ള നീക്കങ്ങള്‍ ഫലപ്രദമാകുമെന്ന പ്രതീക്ഷയും ഇടതുമുന്നണിക്കുണ്ട്. ഒപ്പം ബിജെപിയോട് ഇടഞ്ഞു നില്‍ക്കുന്ന ബിഡിജെഎസ് വോട്ടുകള്‍ സ്വന്തം പെട്ടിയില്‍ വീഴ്ത്തി യുഡിഎഫ് നേട്ടത്തെ മറികടക്കാമെന്നും സിപിഎം പ്രതീക്ഷിക്കുന്നു.
കോണ്‍ഗ്രസ് ഇക്കുറി മണ്ഡലം തിരിച്ചുപിടിക്കുമെന്നാണ് അവകാശവാദം. വരാപ്പുഴ കസ്റ്റഡി മരണം വരെ പിണറായി സര്‍ക്കാരിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും ജനവിരുദ്ധ നടപടികളാണ് തെരഞ്ഞടുപ്പില്‍ പ്രധാന പ്രചാരണം. മദ്യനയത്തില്‍ കെസിബിസി ഇടതുസര്‍ക്കാരിനെതിരെ പരസ്യമായി രംഗത്തെത്തിയത് കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കുന്നു. ഡി വിജയകുമാറിന് മണ്ഡലത്തിലുള്ള സ്വീകാര്യതയും യുഡിഎഫ് പ്രതീക്ഷ വര്‍ധിപ്പിക്കുന്നു
ചെങ്ങന്നൂര്‍ റയില്‍വെ സ്റ്റേഷന്റെ വികസനമാണ് വിജയകുമാര്‍ പ്രധാനമായും മുന്നോട്ട് വെക്കുന്നത്. ശബരിമലയിലെത്തുന്നവര്‍ പ്രധാനമായും ആശ്രയിക്കുന്നത് ചെങ്ങന്നൂര്‍ സ്റ്റേഷനെയാണ്. അതുകൊണ്ട് മികച്ച നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നാണ് പ്രധാന അവകാശവാദം. കര്‍ണാടക തെരഞ്ഞടുപ്പിന് പി്ന്നാലെ ദേശീയ നേതാക്കള്‍ കോണ്‍ഗ്രസ് പ്രചാരണത്തിനായെത്തും
കേരളത്തില്‍ നേമത്തിന് ശേഷം താമരവിരിയുക ചെങ്ങന്നൂരിലെന്നാണ് ബിജെപിക്കാര്‍ പറയുന്നത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ബിജെപിക്ക് നേരത്തെ ലഭിച്ച വോട്ടില്‍ കുറവുണ്ടാകുമെന്നാണ് വിലയിരുത്തല്‍. പിഎസ് ശ്രീധരന്‍പിള്ളക്ക് സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ മണ്ഡലത്തില്‍ ഏറെ സ്വാധീനമുണ്ടെങ്കിലും എന്‍ഡിഎ സഖ്യത്തിലുണ്ടായ വിള്ളല്‍ ദോഷകരമായേക്കും. ബിഡിജെഎസുമായുള്ള അനുനയനീക്കം എവിടെയെത്താത്തതും ബിജെപിക്ക് തലവേദനയാകുന്നു. ചെങ്ങന്നൂര്‍ കേന്ദ്രമായി ഒരു ജില്ല രൂപികരിക്കുമെന്നാണ് സ്ഥാനാര്‍ത്ഥി തന്നെ വോട്ടര്‍മാരോട് പറയുന്നത്. ശബരിമലയുടെ സമഗ്രവികസനത്തിനായി കേന്ദ്രസര്‍ക്കാരിന്റെ കാഴ്ചപ്പാടുകളും വോട്ടര്‍മാര്‍ക്കിടയില്‍ ബിജെപി പ്രചാരണ ആയുധമാക്കുന്നുണ്ട്. സംസ്ഥാനം ഭരിക്കുന്ന ബിജെപി മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിയുള്‍പ്പടെയുള്ള നേതാക്കള്‍ എത്തുന്നതോടെ ചെങ്ങന്നൂരിന്റെ മണ്ണ് കാവിപുതയ്ക്കുമെന്നും ബിജപി പറയുന്നു. മെയ് 28 നാണ് തെരഞ്ഞടുപ്പ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates