

ആലപ്പുഴ: ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ ക്രമവിരുദ്ധമായ നടപടികളെ കുറിച്ച് സമഗ്രമായി അന്വേഷണം നടത്തണമെന്നും പണമിടപാടുകള്‍ സംബന്ധിച്ച് സര്‍ക്കാര്‍ ധവളപത്രം പുറപ്പെടുവിക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഇപി ജയരാജനെയും ശശീന്ദ്രനെയും ധാര്‍മ്മികതയുടെ പേരില്‍ രാജിവെപ്പിച്ച മുഖ്യമന്ത്രി ഈ നിലപാട് തോമസ് ചാണ്ടിയോട് സ്വീകരിക്കാത്തത് അദ്ദേഹത്തിന്റെ പണക്കൊഴുപ്പില്‍ മയങ്ങിയാണെന്നും കയ്യേറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന മുഖ്യമന്ത്രിയുടെ നിലപാടിനേറ്റ കളങ്കമാണ് തോമസ് ചാണ്ടിയെന്നും കുമ്മനം പറഞ്ഞു.
എം പി ഫണ്ടുപയോഗിച്ച് സ്വന്തം റിസോര്‍ട്ടിലേക്കുള്ള റോഡ് നവീകരിച്ച മന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയിരിക്കുകയാണ്. ഇതിനായി പിജെ കുര്യനും കെ ഇ ഇസ്മയിലും പണം ചെലവഴിച്ചത് സര്‍ക്കാര്‍ ഖജനാവില്‍ നിന്നാണ്. തോമസ് ചാണ്ടിയുടെ സാമ്പത്തിക ശക്തിക്ക് മുന്നില്‍ ഇടത് വലത് നേതാക്കള്‍ പഞ്ചപുച്ഛമടക്കി നില്‍ക്കുന്ന ദയനീയ കാഴ്ചയാണ് കേരളത്തിലുള്ളത്.രാഷ്ട്രീയ നേതാക്കന്‍മാരുടെ താളത്തിന് അനുസരിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുള്ളരുത്. സര്‍ക്കാര്‍ നാളെ മാറും. ജനങ്ങളെ സേവിക്കുകയെന്നതാണ് നിങ്ങളുടെ ദൗത്യം. അതുകൊണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറാവണം. കേരളത്തിലെ വലിയ മുതലാളിയോടൊപ്പം അധികാരത്തിന്റെ മധുരം പങ്കിടുകയാണ് സിപിഎം ചെയ്യുന്നത്. തോമസ് ചാണ്ടിയുടെ എല്ലാ പ്രവര്‍ത്തനങ്ങളും നിയമവിരുദ്ധമാണെന്നും നിയമവിരുദ്ധമായാണ് മാത്തൂര്‍ദേവസ്വത്തിന്റെ 34 ഏക്കര്‍ ഭൂമി കൈവശം വെച്ചിരിക്കുന്നത്, നാലുമാസത്തിനകം തീരുമാനമെടുക്കാന്‍ ഹൈക്കോടതി ലാന്റ് ട്രിബ്യൂണലിനോട് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടാകത്തത് തോമസ് ചാണ്ടിയായതുകൊണ്ടുമാത്രമാണെന്നും കുമ്മനം പറഞ്ഞു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates