ദിലീപിന് വീണ്ടും തിരിച്ചടി, ജാമ്യാപേക്ഷ 26ലേക്കു മാറ്റി; സാഹചര്യത്തില്‍ എന്തുമാറ്റമാണുണ്ടായതെന്ന് കോടതി

സാഹചര്യങ്ങളില്‍ കാതലായ മാറ്റമുണ്ടായാലേ ജാമ്യാപേക്ഷ പരിഗണിക്കാനാവൂ എന്നു ചൂണ്ടിക്കാട്ടിയ കോടതി ഹര്‍ജി 26ലേക്കു മാറ്റി
ദിലീപിന് വീണ്ടും തിരിച്ചടി, ജാമ്യാപേക്ഷ 26ലേക്കു മാറ്റി; സാഹചര്യത്തില്‍ എന്തുമാറ്റമാണുണ്ടായതെന്ന് കോടതി
Updated on
1 min read

കൊച്ചി: നടി ആക്രമിക്കപ്പട്ട കേസില്‍ അഞ്ചാം തവണയും ജാമ്യഹര്‍ജി നല്‍കിയ നടന്‍ ദിലീപിന് ഹൈക്കോടതിയില്‍ തിരിച്ചടി. നേരത്തെ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ എന്തു മാറ്റമാണുണ്ടായതെന്ന് കോടതി ചോദിച്ചു. സാഹചര്യങ്ങളില്‍ കാതലായ മാറ്റമുണ്ടായാലേ ജാമ്യാപേക്ഷ പരിഗണിക്കാനാവൂ എന്നു ചൂണ്ടിക്കാട്ടിയ കോടതി ഹര്‍ജി 26ലേക്കു മാറ്റി.

ജാമ്യാപേക്ഷ നേരത്തെ പരിഗണിക്കണമെന്ന് ദിലീപിന്റെ അഭിഭാഷകര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ മറുപടി നല്‍കാന്‍ സമയം വേണം എന്നായിരുന്നു പ്രോസ്‌ക്യൂഷന്‍ നിലപാട്. ജാമ്യഹര്‍ജി പരിഗണിക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് പ്രോസിക്യൂഷന്‍ അഭിപ്രായപ്പെട്ടു. തുടര്‍ന്നാണ് ജാമ്യഹര്‍ജി പരിഗണിക്കുന്നത് 26ലേക്കു മാറ്റിയത്. അന്വേഷണം തുടരുകയാണെന്ന് കോടതി ഓര്‍മിപ്പിച്ചു.

കേസുമായി ബന്ധപ്പെട്ട് താന്‍ സാക്ഷികളെ സ്വാധീനിച്ചിട്ടില്ലെന്ന് അറസ്റ്റിലായ ദിലീപ് ജാമ്യാപേക്ഷയില്‍ പറഞ്ഞു. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കില്ല. അന്‍പതു കോടിയുടെ സിനിമാ പ്രൊജക്ടുകളാണ് ഇപ്പോള്‍ അവതാളത്തിലായിരിക്കുന്നതെന്ന് ദീലിപ് ജാമ്യാപേക്ഷയില്‍ പറയുന്നു. സംവിധായകന്‍ ശ്രീകുമാര്‍ മേനോന് തന്നോടു ശത്രുതയുണ്ട്. ഒരു പരസ്യ കരാറുമായി ബന്ധപ്പെട്ട് താന്‍ ഇടപെടന്ന ധാരണയാണ് ഈ ശത്രുതയ്ക്ക് അടിസ്ഥാനം. ഈ കേസില്‍ ആദ്യം ഗൂഢാലോചന ആരോപിച്ച മഞ്ജു വാര്യര്‍ക്ക് എഡിജിപി ബി സന്ധ്യയുമായി അടുത്ത ബന്ധമാണുള്ളതെന്ന് ദീലീപ് ജാമ്യഹര്‍ജിയില്‍ ആവര്‍ത്തിച്ചിട്ടുണ്ട്. 

കേസിലെ മുഖ്യപ്രതി സുനില്‍ കുമാറിനെതിരെ 11 കേസുകളുണ്ട്. ഈ പ്രതിയുടെ വാക്കുകള്‍ വിശ്വസിച്ചാണ് പൊലീസ് തനിക്കെതിരെ അന്വേഷണം നടത്തുന്നതെന്നും ദീലിപ് പറയുന്നു.

സ്വാഭാവിക ജാമ്യത്തന് അര്‍ഹതയുണ്ട് എന്ന വാദമാണ് ഈ ജാമാ്യാപേക്ഷയിലും ദിലീപ് മുന്നോട്ടുവയ്ക്കുന്നത്. ഇതേ വാദം കഴിഞ്ഞ ദിവസം അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. കൂട്ട ബലാത്സംഗക്കുറ്റം നിലനില്‍ക്കില്ലെന്ന വാദവും ആവര്‍ത്തിച്ചിട്ടുണ്ട്. നഗ്നദൃശ്യങ്ങള്‍ പകര്‍ത്താന്‍ ക്വട്ടേഷന്‍ നല്‍കി എന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നതെന്നും ഇതിന് അറുപത് ദിവസം കഴിയുമ്പോള്‍ ജാമ്യം ലഭിക്കേണ്ടതാണെന്നുമുള്ള ദിലീപിന്റെ അഭിഭാഷകരുടെ വാദം കഴിഞ്ഞ ദിവസം അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. അറസ്റ്റിലായ ശേഷമുള്ള അഞ്ചാമത്തെ ജാമ്യാപേക്ഷയാണിത്.  

റിമാന്റ് കാലാവധി 90 ദിവസം പിന്നിടുന്ന ഒക്ടോബര്‍ പത്തിന് മുമ്പ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ജാമ്യാപേക്ഷയുമായി ദിലീപ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.  90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ മാത്രമെ സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുള്ളുവെന്നു കഴിഞ്ഞ ദിവസം മജിസ്‌ട്രേറ്റ് കോടതി വ്യക്തമാക്കിയിരുന്നു.

ജസ്റ്റിസ് സുനില്‍ തോമസിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. നേരത്തെ ദിലീപ് നല്‍കിയ രണ്ടു ജാമ്യാപേക്ഷകളും തള്ളയത് ജസ്റ്റിസ് സുനില്‍ തോമസ് തന്നെയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

black pepper
Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
 p a muhammad riyas
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com