ആലപ്പുഴ : പ്രളയക്കെടുതിയില്‍പ്പെട്ടവരുടെ ദുരിതാശ്വാസ ക്യാമ്പുകളിലെ ജീവിതാവസ്ഥ കണ്ട് ദുഃഖാർത്തനായി പുതിയ കവിതയുമായി മന്ത്രി ജി സുധാകരന്‍. മേഘമറ എന്ന പേരിലാണ് കവിത. പ്രളയ ദുരിതാശ്വാസത്തിനെതിരെ രംഗത്തുവന്ന സംഘപരിവാര്‍ സംഘടനകളെ കവിതയിലൂടെ മന്ത്രി പരോക്ഷമായി വിമര്‍ശിക്കുന്നുമുണ്ട്. 
മഹാമാരിയും പ്രളയവും ഭൂമിയില്‍ മരണതാണ്ഡവമാടുമ്പോള്‍, എങ്ങനെ ഹൃദയത്തില്‍ കനിവിന്റെ ഉറവകള്‍ വറ്റിയ ജീവിയായ് നീ വസിക്കുന്നു എന്നാണ് കവി ചോദിക്കുന്നത്. ചുറ്റിലും മൃത്യുവിന്‍ മരണതാണ്ഡവമാടവേ കെട്ടിപ്പിടിക്കാന്‍ വരുന്ന സഹജനെ തട്ടിക്കളയാന്‍ കരംപൊക്കുമങ്ങതന്‍ തത്വശാസ്ത്രം മൃഗങ്ങള്‍ക്കും രുചിക്കില്ലെന്ന് കവിതയില്‍ മന്ത്രി പറയുന്നു.
താപമില്ലെങ്കിലും വേണ്ടാ; അനുരാഗ-
താപമില്ലെങ്കിലും വേണ്ടാ; വെറുപ്പിന്റെ 
ഘ്രാണം വരുന്നുവോ താവകഹൃത്തിന്റെ 
നീരണിയാത്ത അടിത്തട്ടുതോറുമേ!
ദുഃഖമുണ്ടോ! ദയയുണ്ടോ മനുഷ്യന്റെ 
സദ് വിചാരങ്ങള്‍ എന്തെങ്കിലും കാണുമോ ?
ഇന്നു ഞാന്‍ നാളെ നീ എന്ന മഹാകാവ്യ-
നൈയ്യാമികം നീ മറന്നുവോ മല്‍സഖേ!
വേണ്ടാ തുറക്കേണ്ട നിന്റെ ഭണ്ഡാരങ്ങള്‍!
വേണ്ട വിതറേണ്ട നിന്‍ സ്വര്‍ണ നാണയം!
വേണ്ടാ ഇറക്കേണ്ട നിന്‍ സ്വര്‍ഗവാഹനം!
വേണ്ടാതീനങ്ങള്‍ കഥിക്കാതിരിക്കുമോ ?
സാമൂഹ്യമാധ്യമം മേഘങ്ങളോ എന്ന് ഭാവിച്ചുനില്‍ക്കും അതിബുദ്ധിജീവികള്‍ ആരറിയുന്നൂ അവര്‍തന്‍ സകലതും കാണികള്‍ കണ്ടുരസിക്കുന്നു എന്നിങ്ങനെ കവിതയില്‍ മന്ത്രി അഭിപ്രായപ്പെടുന്നു.
കഴിഞ്ഞ ദിവസം മന്ത്രി ജി സുധാകരനെ പരിഹസിച്ച് ആലപ്പുഴ സിപിഎം കൊക്കോതമംഗലം ലോക്കല്‍ സെക്രട്ടറി കവിത ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത് വിവാദമായിരുന്നു. ദുരിതാശ്വാസ ക്യാമ്പിലെ കഴുത എന്ന പേരിലായിരുന്നു പ്രവീണ്‍ ജി പണിക്കരുടെ കവിത. വിവാദമായതോടെ കവിത അദ്ദേഹം പിന്‍വലിക്കുകയും ചെയ്തിരുന്നു.
ചേര്‍ത്തലയിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണം കൊണ്ടുവന്നതിന്റെ ഓട്ടോക്കൂലിക്കായി 70 രൂപ പിരിച്ച സിപിഎം പ്രാദേശിക നേതാവ് ഓമനക്കുട്ടനെതിരെ മന്ത്രി സുധാകരന്‍ രംഗത്തുവന്നിരുന്നു. എന്നാല്‍ ഓമനക്കുട്ടന്റെ നടപടി സദുദ്ദേശത്തോടെയാണ് എന്ന മനസ്സിലാക്കിയ സര്‍ക്കാര്‍ ക്ഷമാപണം നടത്തുകയും കേസ് പിന്‍വലിക്കുകയും ചെയ്തിരുന്നു. ഓമനക്കുട്ടനെതിരെ സുധാകരന്‍ നടത്തിയ വിമര്‍ശനത്തെ പരിഹസിച്ചായിരുന്നു ലോക്കല്‍ സെക്രട്ടറിയുടെ കവിത.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates