

തിരുവനന്തപുരം: രാജ്യസഭാ, ലോക്സഭാ ടിവി മാതൃകയിൽ, കേരള നിയമസഭാ നടപടിക്രമങ്ങൾ ജനങ്ങളിലെത്തിക്കാൻ ഇനി ‘സഭാ ടിവി’. ആദ്യഘട്ടമായി വിവിധ ചാനലുകളിൽ പ്രത്യേക പരിപാടിയായിട്ടാകും സംപ്രേഷണം. വിജയകരമായാൽ സാമ്പത്തിക സ്ഥിതി കൂടി കണക്കിലെടുത്തു നടപ്പിൽ വരുത്തും.
ആഴ്ചയിൽ രണ്ട് മണിക്കൂർ പരിപാടിയാണ് ഇപ്പോൾ ഉദ്ദേശിക്കുന്നത്. ഇതിനായി ചാനലുകളിൽ നിന്ന് താത്പര്യ പത്രം ക്ഷണിച്ചു. സഭ നടക്കുന്ന കാലയളവിലേക്കു മാത്രം ‘സഭാ ടിവി’ പരിമിതപ്പെടുത്തില്ല. നിയമസഭയുടെ ചരിത്രം, സഭ പാസാക്കിയ നിയമങ്ങളുടെ ഗുണഫലങ്ങളെക്കുറിച്ചുള്ള ചർച്ചകൾ, എംഎൽഎമാരുടെ മണ്ഡലങ്ങളിലെ പ്രവർത്തനങ്ങൾ തുടങ്ങിയവ പ്രതിപാദിക്കുന്ന പരിപാടികളുമുണ്ടാകും. നിയമസഭയിലെ ചർച്ചകളും തീരുമാനങ്ങളും ജനങ്ങൾക്ക് ഏതൊക്കെ രീതിയിൽ സഹായകരമാകുന്നുവെന്നു വിശദമാക്കാനും ‘സഭാ ടിവി’യിലൂടെ ശ്രമിക്കും. ഓൺലൈൻ പ്ലാറ്റ്‌ഫോമുകളും കൂടുതലായി ഉപയോഗിക്കും.
നിയമസഭയുടെ ഗൗരവ പൂർണവും ക്രിയാത്മകവുമായ വശങ്ങൾ ജനങ്ങളിലെത്തിക്കണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇതെന്നു സ്പീക്കർ പി ശ്രീരാമകൃഷ്ണൻ പറഞ്ഞു. വിനോദ പരിപാടികളുടെ മുഖ്യോപാധിയായി നിയമസഭാ ചർച്ചകൾ മാറുന്ന സ്ഥിതി കൂടി കണക്കിലെടുത്താണ് ഈ ഉദ്യമം. ‘സഭാ ടിവി’ എന്നാണ് ഇപ്പോൾ ഉദ്ദേശിക്കുന്ന പേര്. സ്പീക്കർ വ്യക്തമാക്കി.
നിലവിൽ രാവിലെ ഒൻപത് മുതൽ 10 വരെയുള്ള ചോദ്യോത്തരവേള തത്സമയം സംപ്രേഷണം ചെയ്യാൻ ചാനലുകൾക്ക് അനുവാദമുണ്ട്. മറ്റു സെഷനുകളിൽ ചാനലുകൾക്കു പ്രവേശനമില്ല. ‘സഭാ ടിവി’ക്കായി എംഎൽഎമാരും മാധ്യമപ്രവർത്തകരും അടങ്ങുന്ന ഉപദേശക സമിതി രൂപീകരിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
