

ആലപ്പുഴ: നിർത്തിയിട്ട വാഹനങ്ങളിൽ നിന്ന് ബാറ്ററി മോഷ്ടിച്ച പ്രതികൾ പിടിയിൽ. 18 വയസ്സുകാരായ അനന്തകൃഷ്ണൻ, ബെൻഹറ എന്നിവരാണ് പിടിയിലായത്. നഗരപരിധിയിൽ നിന്ന് മാത്രം 15 ബാറ്ററികളാണ് ഇവർ മോഷ്ടിച്ചിട്ടുള്ളത്.
ആഡംബരമായി ജീവിക്കാനാണ് മോഷണം സ്ഥിരമാക്കിയതെന്ന പ്രതികൾ മൊഴി നൽകി. പുലർച്ചെ നാലു മണിക്കും ആറിനും ഇടയിലാണ് ഇരുവരും മോഷണത്തിനിറങ്ങുന്നത്. ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷൻ പരിധിയിലെ തലവടിയിൽ നിർത്തിയിട്ട വാഹനത്തിന്റെ ബാറ്ററി മോഷണം പോയെന്ന പരാതി കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. സമാനമായി മണ്ണഞ്ചേരി സ്റ്റേഷൻ പരിധിയിലും മോഷണം നടന്നു. പരാതി കൂടിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാക്കൾ കുടുങ്ങിയത്.
നഗര പരിധിയിലെ 17 സിസിടിവി ക്യാമറകൾ പൊലീസ് പരിശോധിച്ചപ്പോൾ മോഷണദൃശ്യങ്ങൾ ലഭിച്ചു. തണ്ണീർമുക്കം റോഡിൽ വാഹന പരിശോധനയ്ക്കിടെ ഇന്നലെയാണ് ഇരുവരും പിടിയിലായത്. മോഷ്ടിച്ച ബാറ്ററി വിൽക്കാൻ പോകുന്നതിനിടയിലാണ് പിടിവീണത്. ബാറ്ററി മോഷ്ടിച്ചു ലഭിച്ച പണം കൊണ്ടാണ് ബൈക്കും സ്മാർട്ട് ഫോണുകളും വാങ്ങിയതെന്ന് പ്രതികൾ മൊഴി നൽകി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates