'പടച്ചോനെ ഓര്‍ത്ത് നീ അത് ഒരിക്കലും അമ്മയോട് പറയരുത്, പടിഞ്ഞാറ്റയില്‍ കയറ്റിയതും' ആര്‍ത്തവത്തെ കുറിച്ചുള്ള യുവതിയുടെ ഫേസ്ബുക്ക് കുറിപ്പ് വൈറലാവുന്നു
ആര്‍ത്തവത്തിന്റെ പേരില്‍ മാറ്റി നിര്‍ത്തുന്നതും അയിത്തമായി കണക്കാക്കുമെന്ന് അഡ്വക്കേറ്റ് പി എം ആരതി. ആര്‍ത്താവാശുദ്ധി ചിന്തകളില്‍ നിന്ന് മുന്നോട്ട് പോയവരാണ് സമൂഹമെന്നും പിന്നോട്ട് പിടിച്ച് വലിക്കുന്നവരെ കാലം ചവറ്റുകൊട്ടയിലെറിയുമെന്നും ഫേസ്ബുക്ക് കുറിപ്പില്‍ അവര്‍ പറയുന്നു. ചുഴലിക്കാറ്റടിച്ച സമയത്ത് ആദ്യ ആര്‍ത്തവത്തിന്റെ പേരില്‍ തീണ്ടാരിപ്പുരയില്‍ കിടക്കേണ്ടി വന്നതിനെ തുടര്‍ന്ന് മരം വീണ് മരിച്ച പെണ്‍കുട്ടിയുടെ വാര്‍ത്തയെ കുറിച്ചുള്ളതാണ് കുറിപ്പ്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ...
വീട്ടില്‍ നിന്നും ആട്ടി ഓടിച്ച ഒരു അനാചാരമാണ് ആര്‍ത്തവം അശുദ്ധി എന്നത് .. അതിനെ നാട്ടിലെ ആചാരമാക്കി മാറ്റാന്‍ ശ്രമിക്കുന്നവരോട് അവരുടെ വീട്ടിലെ തന്നെ പുതിയ തലമുറ കണക്ക് ചോദിക്കും......
ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലത്ത് സ്‌നേഹിതന്റെ വീട്ടില്‍ പോയ സമയത്താണ് ഈ പുറത്താവല്‍ എന്ന വാക്ക് ആദ്യായിട്ട് കേള്‍ക്കുന്നത് ....
മാഷ്ടെ മക്കള്‍ എന്ന പ്രിവില്ലേജ് ഒക്കെ ഉള്ളവരും നാട്ടുകാരുടെ സ്‌നേഹപാത്രങ്ങളായിട്ടും
ആ വീട്ടില്‍ ആദ്യമായി കയറി ചെന്നപ്പോള്‍ അവിടത്തെ അമ്മ അകന്നു മാറി നില്‍ക്കുന്നു .... അടുത്തേക്ക് വരുന്നേ ഇല്ല...
അമ്മ വിളിച്ചു പറയുന്ന നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് അവന്‍ അവന്റെ ജീവിതത്തിലെ ആദ്യ ചായ നിര്‍മ്മിക്കുന്നു ....
പൊട്ടത്തരങ്ങള്‍ കാണുന്നതില്‍ കൗതുകം ഉണ്ടെങ്കിലും ഇവന്റെ അമ്മ എന്താണ് എന്നെ ഇത്രക്ക് അവഗണിക്കുന്നത് എന്ന സങ്കടം ഉള്ളിലും ...
വീട്ടിലെ ഗ്ലാസ് പോലും എവിടെയാണിരിക്കുന്നത് എന്നറിയാത്ത അവനോട് അമ്മ കൊടുത്ത നിര്‍ദ്ദേശപ്രകാരം ഞാന്‍ പടിഞ്ഞാറ്റക്കകത്ത് കയറുന്നു.... കുപ്പി ഗ്ലാസ് എടുക്കുന്നു.... ഇതിനപ്പുറം ബോറാവാന്‍ കഴിയാത്ത ചായ കുടിച്ച് അവിടുന്നിറങ്ങുന്നു ....
'എന്നാലും നിന്റെ അമ്മക്ക് എന്നോടെന്താ
പ്രശ്‌നം '
'ഒന്നൂല്ലെടോ അമ്മ പുറത്തായോണ്ടല്ലേ '
'അതെനിക്ക് മനസ്സിലായി;അവര്‍ക്ക് അകത്ത് വന്നാലെന്താ '
എന്നെ പറഞ്ഞ് ബോധ്യപ്പെടുത്താനാവാതെ വിമ്മിഷ്ട്ടപ്പെട്ട് അവസാനം അവന്‍ പറഞ്ഞു സ്ത്രീകള്‍ക്ക് മാസത്തില്‍ ബ്ലഡ് ഒക്കെ വരുന്ന ദിവസം ഇല്ലേ... അതാണ്... അപ്പൊ അമ്മ വീട്ടിനകത്ത് കയറില്ല... '
ഞാനൊന്ന് ഞെട്ടി!
അങ്ങനെയൊക്കെയുണ്ടോ...
ഞങ്ങടെ പി ആന്റ് ടി ക്വാര്‍ട്ടേഴ്‌സില്‍ പിരിയഡ്‌സ് ഡേ കളില്‍ ആരും പുറത്താവുന്നത് ഞങ്ങളതു വരെ കണ്ടിരുന്നില്ല.
ഞാനവനോട് പറഞ്ഞു 'എനിക്കും പിരിയഡ്‌സ് ഡേ ആണ് ... ഞാന്‍ എന്നിട്ടകത്ത് കയറിയതോ...'
അവന്‍ ചാടി എന്റെ കൈ പിടിച്ച് പറഞ്ഞു
' പടച്ചോനെ ഓര്‍ത്ത് നീ അത് ഒരിക്കലും അമ്മയോട് പറയരുത് ....പടിഞ്ഞാറ്റയില്‍ കയറിയത് ഒരിക്കലും പറയരുത് ....'
എനിക്ക് ഒരിക്കലും പിടികിട്ടാതെ പോയ ഒരു ലോജിക് ആണത്......
എന്റെ അമ്മ കഴിഞ്ഞാല്‍ ഞാന്‍ ഏറെ സ്‌നേഹിച്ച മറ്റൊരമ്മയായി പിന്നീടവര്‍ മാറി
ഒമ്പതാം ക്ലാസ്സ്‌കാരി പന്ത്രണ്ടാം ക്ലാസ്സിലെത്തിയപ്പോള്‍ വയറുവേദനയോടെ ഒരുദിവസം ആ വീട്ടിന്റെ വരാന്തയിലിരുന്നപ്പൊ അതേ അമ്മ വന്ന് പറഞ്ഞു
' അകത്ത് വന്ന് കിടക്ക്, ഈ ചൂട് കാപ്പി കുടിക്ക് ....
ഇതാണ് എന്ന് അവനോട് പറയണ്ട.. '
അമ്മക്ക് ഇങ്ങനെ മാറി നില്‍ക്കുമ്പോള്‍ ഇതൊക്കെ നാട്ട്കാരും ചുറ്റുവട്ടത്തുള്ളവരെയും അറിയിക്കുന്ന പോലെ തോന്നാറില്ലേ?
ഈ സമയത്ത് പുറത്ത് നില്‍ക്കുമ്പൊ ഇതുപോലെ കിടക്കണംന്ന് തോന്നാറില്ലേ എന്നൊക്കെ എന്നെ തടവിക്കൊണ്ടിരിക്കുന്ന അവരോട് ചോദിച്ചു...
ആദ്യായിട്ടാണ് അങ്ങനെ ഒരാള്‍ ചോദിക്കുന്നത്;
ഞാനത് ഇതുവരെ ആലോചിച്ചിട്ടില്ല എന്ന് അന്ന് ആ അമ്മ പറഞ്ഞു.,,,,,
അത് അവരില്‍ അവസാനിപ്പിക്കേണ്ട ദുരാചാരം എന്ന ഉറപ്പായിരുന്നു അടുപ്പില്‍ ഓല കത്തിച്ചുണ്ടാക്കിയ ആ കട്ടന്‍ കാപ്പിയുടെ കടും മധുരം പ്രഖ്യാപിച്ചത് ......
പറഞ്ഞ് വന്നത് ആര്‍ത്തവം അശുദ്ധി എന്നതൊക്കെ മറികടന്ന് മാറി നില്‍ക്കലുകള്‍ അവസാനിപ്പിച്ച് സ്വാഭാവികമായി അതിനെ കാണാന്‍ വീട്ടിനകത്ത് കഴിയുന്ന അവസ്ഥ വന്നു.,,,
വീട്ടിലെ സ്ത്രീകളുടെ സാനിറ്ററി പാഡ് ഡിസ്‌പോസല്‍ വരെ അവരുടെ ഉത്തരവാദിത്തത്തില്‍ നിന്നും കൂട്ട് ഉത്തരവാദിത്തമായി മാറി.,,,,,
മെനിസ്റ്റുറല്‍ കപ്പിലേക്കെത്തുമ്പോള്‍ അത് പോലും അനായാസമായ കാര്യമായി മാറി കഴിഞ്ഞു ഇന്ന്....
ഋതുമതിക്കെന്താ പഠിച്ചാല് എന്ന് ചോദിച്ചിട്ട് നാളേറെ കഴിഞ്ഞിട്ടും ഒട്ടേറെ മിടുക്കരായ സതീര്‍ത്ഥ്യര്‍ സഹപാഠികള്‍ മിടുക്കത്തികളായിരുന്നവര്‍ ആര്‍ത്തവാനന്തരം ക്ലാസ് മുറികളില്‍ നിന്നും കൊഴിഞ്ഞു പോവുന്നതിന് ഇന്ന് നാല്‍പ്പതാം വയസ്സിലേക്ക് എത്തി നില്‍ക്കുന്ന എനിക്ക് സാക്ഷ്യം വഹിക്കേണ്ടി വന്നു.,,,
അവരുടെ കണ്ണീര് വീണ് നനഞ്ഞിടം
അവരുടെ ദീര്‍ഘനിശ്വാസങ്ങളുടെ പൊള്ളലറിഞ്ഞ പുതു തലമുറക്കാരോട് ആര്‍ത്തവമായി ഇനി പഠനം അവസാനിപ്പിക്കാം എന്നു പറയാനുള്ള വിവരക്കേട് ഇന്ന് ബഹുഭൂരിപക്ഷം മലയാളികള്‍ക്കും ഇല്ല...
അഥവാ അങ്ങനെ തള്ളിപ്പറയാന്‍ ഇന്നത്തെ ആര്‍ത്തവ അശുദ്ധി ടീമുകാര്‍ തയ്യാറായാല്‍ തന്നെ അവരെ വകഞ്ഞു മാറ്റി കാലം മുന്നോട്ട് തന്നെ പോകും.,...
ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ യശസ്സ് ഉയര്‍ത്തിയത് മെഡല്‍ ജേതാക്കളായ വനിതാ കായിക താരങ്ങളാണ്..
അവര്‍ സാനിറ്ററി നാപ്കിന്‍ പരസ്യത്തില്‍ വന്ന് ഇതൊന്നും ഒന്നിനും തടസ്സമല്ല എന്ന് പറയുന്നു..
ഇന്നത്തെ തലമുറ ഒട്ടേറെ മുന്നോട്ട് പോയി അവരെ പിന്നോട്ട് വലിക്കുന്ന കെണികളെ അവര്‍ തിരിച്ചറിയും....
ആര്‍ത്തവം അശുദ്ധി ക്കാരോട് നിങ്ങള്‍ എന്ത് പോക്രിത്തരമാണ് കാണിച്ചത് എന്ന് ചോദിക്കും....
വീട്ടില്‍ നിന്നും ഇറക്കിവിട്ട ദുരാചാരത്തെ നാട്ടിലെ ആചാരമാക്കി മാറ്റാനുള്ള രാഷ്ട്രീയ കളികളെ അവര്‍ തിരിച്ചറിയും...
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 17 ലെ
അയിത്തം
ജാതീയമായത് മാത്രമല്ല
ആര്‍ത്തവത്തിന്റെ പേരില്‍ മാറ്റി നിര്‍ത്തുന്നതും അയിത്തമായി കാണക്കാക്കും എന്നതും ചരിത്രത്തിലെ നാഴികക്കല്ലാണ് ....
അതിനെ ഇല്ലാതാക്കാന്‍ ഉള്ള എല്ലാ ശ്രമങ്ങളും സ്ത്രീവിരുദ്ധം തന്നെയാണ് ....
ആര്‍ത്താവാശുദ്ധി ചിന്തകളില്‍ നിന്നും ഏറെ മുന്നോട്ട് പോയവരാണ് നാം
പിന്നോട്ട് പിടിച്ച് വലിക്കുന്നവരെ കാലം ചവറ്റുകൊട്ടയിലെറിയും.... തീര്‍ച്ച
അനുബന്ധ കുറിപ്പ്:
ഈ കുറിപ്പ് എഴുതിയതിനു ശേഷമാണ് ഈ വാര്‍ത്തയുടെ വിശദാംശങ്ങളറിഞ്ഞത് ...
ക്രൂരതയായിപ്പോയി ആ കുഞ്ഞിനോട് ഈ ദുരാചാരം കാട്ടിയത്.,,,
അച്ഛനും അമ്മയും ചേര്‍ത്ത് പിടിച്ച് കൂടെയുണ്ടാവേണ്ടുന്ന ഘട്ടത്തില്‍
അവരില്‍ നിന്നും അടത്തി ചായ്പിലിട്ട ദുരാചാരം....
അതാണിവര്‍ ആര്‍ത്തവം അശുദ്ധിമുദ്രാവാക്യ കാര്‍ മടങ്ങിവരണം എന്നാഗ്രഹിക്കുന്നത് ...
വിജയമോള്‍....
നിന്നെ തോല്‍പ്പിച്ചവരോട്
മരണത്തിന് വിട്ടുകൊടുത്ത എല്ലാറ്റിനോടും കുടിയാണ് ഈ എതിര്‍പ്പ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
