'പള്ളികളിലെ നമസ്കാരം വേണ്ടന്നുവച്ചു'; റമസാൻ നിയന്ത്രണങ്ങൾ ഇങ്ങനെ എന്ന് മുഖ്യമന്ത്രി

'പള്ളികളിലെ നമസ്കാരം വേണ്ടന്നുവച്ചു'; റമസാൻ നിയന്ത്രണങ്ങൾ ഇങ്ങനെ എന്ന് മുഖ്യമന്ത്രി
'പള്ളികളിലെ നമസ്കാരം വേണ്ടന്നുവച്ചു'; റമസാൻ നിയന്ത്രണങ്ങൾ ഇങ്ങനെ എന്ന് മുഖ്യമന്ത്രി
Updated on
1 min read

തിരുവനന്തപുരം: കോവിഡ് 19 രോഗ വ്യാപനത്തിന്റെ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ റമസാന്‍ മാസത്തിലും എല്ലാ മുസ്ലീം ആരാധനാലയങ്ങളിലും നിലവിലുള്ള സ്ഥിതി തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുസ്ലീം സംഘടനാ നേതാക്കളുമായും മത പണ്ഡിതന്മാരുമായും നടത്തിയ ആശയ വിനിമയത്തില്‍ ഇക്കാര്യത്തിൽ ധാരണയായെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഇഫ്താര്‍, ജുമുഅ, തറാവീഹ്, അഞ്ച് നേരത്തെ ജമാഅത്ത് നമസ്‌കാരം, കഞ്ഞി വിതരണം പോലുള്ള ദാന ധര്‍മ്മങ്ങള്‍ ഇവയെല്ലാം വേണ്ടെന്ന് വെയ്ക്കും. നിലവിലെ സാഹചര്യത്തില്‍ അതാണ് നല്ലതെന്ന് പണ്ഡിതന്മാര്‍ തന്നെ അഭിപ്രായപ്പെട്ടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. 

ലോകമാകെ വിശുദ്ധ റമസാനിലേക്ക് കടക്കുകയാണ്. ആത്മ സംസ്‌കരണത്തിന്റെ വേളയായാണ് മുസ്ലീം മത വിശ്വാസികള്‍ ഈ മാസത്തെ കാണുന്നത്. വ്രതാനുഷ്ഠാനത്തിന്റെയും ദാന ധര്‍മങ്ങളുടെയും കാലം. റമസാന്‍ കാലത്ത് പള്ളികളില്‍ നടക്കുന്ന നമസ്‌കാരങ്ങള്‍ക്കും ജുമുഅകള്‍ക്കും വലിയ പ്രധാന്യമാണ് കല്‍പ്പിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ വിശ്വാസികള്‍ വലിയ തോതില്‍ പള്ളികളില്‍ എത്തുന്ന കാലമാണിത്. എന്നാല്‍ രോഗ വ്യാപനത്തിന്റെ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എല്ലാ ആരാധനാലയങ്ങളും നിലവിലുള്ള സ്ഥിതി തുടരാന്‍ മുസ്ലീം സംഘടനാ നേതാക്കളുമായും മത പണ്ഡിതന്മാരുമായും വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തിയ ആശയ വിനിമയത്തില്‍ ധാരണയായി. 

ഇസ്ലാം മത വിശ്വാസികളുടെ ഏറ്റവും വലിയ പുണ്യ കേന്ദ്രങ്ങളായ മക്കയിലും മദീനയിലും വരെ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മത നേതാക്കള്‍ തന്നെ ചൂണ്ടിക്കാണിച്ചു. കോവിഡ് നിയന്ത്രണത്തിന് സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കുമെന്ന് അവര്‍ ഉറപ്പുനല്‍കി. 

സാഹചര്യത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് ശരിയായ തീരുമാനമെടുത്ത മത നേതാക്കളോട് സര്‍ക്കാര്‍ നന്ദി അറിയിക്കുന്നു. സമൂഹത്തിന്റെ ആവശ്യം കണ്ടറിഞ്ഞ് പ്രവര്‍ത്തിക്കാനുള്ള നേതൃനിരയാണ് മത സാമുദായിക സംഘടനകള്‍ക്കുള്ളത്. ഇത് സന്തോഷകരമായ കാര്യമാണ്. സമൂഹ ഭാവി കണക്കിലെടുത്ത് എല്ലാ കൂടിച്ചേരലുകളും കൂട്ട പ്രാര്‍ഥനകളും മാറ്റിവെക്കാന്‍ ഏകകണ്ഠമായി തീരുമാനമെടുത്ത മത സാമുദായിക നേതാക്കളെ അഭിനന്ദിക്കുന്നതായും ഏറ്റവും വലിയ തീരുമാനമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

രോഗ പീഡയില്‍ വിഷമിക്കുന്നവരുടെ സൗഖ്യത്തിന് ഉതകുന്നതാകട്ടെ ഈ റമസാന്‍ കാലത്തെ പ്രവര്‍ത്തനങ്ങളെന്ന് മുഖ്യമന്ത്രി ആശംസിച്ചു. പാവപ്പെട്ടവരെ സഹായിക്കാനുള്ള കിറ്റ് വിതരണം റമസാന്‍ മാസത്തില്‍ പതിവാണ്. ഇത്തവണ ഈ കിറ്റ് അര്‍ഹരായവരുടെ വീടുകളില്‍ എത്തിക്കുന്നത് വലിയ പുണ്യപ്രവര്‍ത്തിയാകും. മനുഷ്യരാശി അതിന്റെ ചരിത്രത്തില്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് കോവിഡ്. ജീവന്റെ നിലനില്‍പ്പിന് ഭീഷണിയാകുന്ന ഇതിനെ നിയന്ത്രിക്കാന്‍ ചില സന്തോഷങ്ങള്‍ നാം ത്യജിക്കേണ്ടതുണ്ട്. ആ ത്യാഗം റമസാന്‍ സങ്കല്‍പ്പങ്ങളുടേത് കൂടിയാണ്. ത്യാഗത്തിന് ഇങ്ങനെയൊരു അര്‍ഥം കൂടിയുണ്ടെന്ന സന്ദേശം വിശ്വാസികള്‍ക്കിടയില്‍ പടര്‍ത്താന്‍ മത നേതാക്കളോട് അഭ്യര്‍ഥിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. 

എല്ലാ മതങ്ങളുടെയും ലക്ഷ്യം മനുഷ്യ നന്മയാണ്. ജീവന്‍ നിലനിര്‍ത്താനുള്ള പ്രവര്‍ത്തനത്തില്‍ കവിഞ്ഞുള്ള മറ്റൊരു മനുഷ്യനന്മയില്ല.പൊതുസ്ഥലങ്ങളിലെ കൂട്ടായ്മകള്‍ ഒഴിവാക്കണം. നൂതന സാങ്കേതിക വിദ്യാ ഉപയോഗിച്ച് വിശ്വാസ പ്രകാരമുള്ള ചടങ്ങുകള്‍ നടത്തുന്നത് ആലോചിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com