

കൊച്ചി: പ്രണയ വിവാഹത്തിന് തടയിടാൻ വീട്ടുകാർ നൽകിയ പരാതിയിൽ യുവതിയെ മാനസികാരോഗ്യ കേന്ദ്രത്തിൽ പരിശോധിപ്പിച്ച് ചികിത്സ നൽകണമെന്ന മജിസ്ട്രേട്ട് കോടതിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. മതിയായ തെളിവുകളില്ലാതെയാണ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടതെന്നും ഇത് ഗുരുതരമായ പ്രശ്നങ്ങളുണ്ടാക്കുമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
നിയമ വിരുദ്ധവും യുക്തി രഹിതവുമായ ഉത്തരവ് ഭരണഘടന ഉറപ്പു നൽകുന്ന അന്തസോടെ ജീവിക്കാനുള്ള അവകാശം, സ്വകാര്യത സംരക്ഷിക്കാനുള്ള അവകാശം എന്നിവയിലുള്ള കടന്നു കയറ്റമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. യുവതിക്ക് മനോരോഗമുണ്ടെന്ന് സർട്ടിഫിക്കറ്റ് നൽകിയത് കൗൺസലിംഗിൽ ഡോക്ടറേറ്റുള്ള ഒരാളാണ്. ഇയാൾ ഡോക്ടറോ സൈക്യാട്രിസ്റ്റോ അല്ലെന്നിരിക്കെ മനോരോഗമുണ്ടെന്ന് എങ്ങനെ വിലയിരുത്തി. യുവതിക്ക് നല്ല ബുദ്ധിയും ഉയർന്ന വിദ്യാഭ്യാസ യോഗ്യതയും സമചിത്തതയുമുണ്ടെന്ന് വസ്തുതകൾ പരിശോധിച്ചാൽ ബോദ്ധ്യമാകും. ബിരുദാനന്തര ബിരുദവും ബിഎഡുമുള്ള യുവതി അദ്ധ്യാപക യോഗ്യതാ പരീക്ഷ ഉൾപ്പെടെ പാസായിട്ടുണ്ട്. സ്വന്തം കാര്യം നോക്കാൻ പ്രാപ്തിയുള്ള ഇവരെക്കുറിച്ച് നേരത്തെ ജോലി ചെയ്ത സ്ഥാപനത്തിൽ നിന്നും നല്ല അഭിപ്രായമാണ് ലഭിച്ചത്. യുവതിക്ക് മാനസിക രോഗമുണ്ടെന്ന സർട്ടിഫിക്കറ്റ് വിശ്വസനീയമല്ലെന്ന് കോടതി വ്യക്തമാക്കി.
വീട്ടുകാർ മറ്റൊരു വിവാഹം ഉറപ്പിക്കുന്നതിനിടെയാണ് യുവതി ഹർജിക്കാരനൊപ്പം പോയത്. ബന്ധുക്കൾ കല്യാണം അസാധുവാക്കാനാണ് കോടതിയിൽ പരാതി നൽകിയത്. വിവാഹം റദ്ദാക്കണമെങ്കിൽ ഭാര്യയോ ഭർത്താവോ പരാതി നൽകണം. പുറമേ നിന്നുള്ളവർക്ക് ഇതിൽ ഇടപെടാനാവില്ല. യുവതിക്കെതിരെ പൊലീസിന്റെ റിപ്പോർട്ടില്ല. ഇക്കാരണങ്ങളാൽ മജിസ്ട്രേട്ട് കോടതിയുടെ ഉത്തരവ് നിയമവിരുദ്ധവും കേസ് നിയമ നടപടികളുടെ ദുരുപയോഗവുമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
കേസിനെ പറ്റി പൊലീസ് പറയുന്നത്
ചേർത്തല സ്വദേശികളായ പ്രസാദും ശാലിനിയുമായി ഇഷ്ടത്തിലായിരുന്നു. ഇവർ ഒളിച്ചോടി വിവാഹം കഴിച്ചതിനെത്തുടർന്ന് യുവതിയെ തട്ടിക്കൊണ്ടുപോയെന്നാരോപിച്ച് വീട്ടുകാർ പരാതി നൽകി. വ്യാജ പരാതിയെന്ന് കണ്ടതിനെ തുടർന്ന് കേസ് എഴുതിത്തള്ളി. പിന്നാലെയാണ് യുവതിക്ക് മാനസികരോഗമാണെന്ന് വ്യക്തമാക്കി വീട്ടുകാർ ആലപ്പുഴ ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ കൗൺസലിംഗിൽ ഡോക്ടറേറ്റുള്ള ഒരാളുടെ സർട്ടിഫിക്കറ്റ് സഹിതം പരാതി നൽകിയതും ഉത്തരവുണ്ടായതും. ഇതിനെ ചോദ്യം ചെയ്താണ് പ്രസാദും ഭാര്യയും ഹൈക്കോടതിയെ സമീപിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates