

കോഴിക്കോട്: പെണ്‍കുട്ടിയെ പ്രണയം നടിച്ചു പീഡിപ്പിച്ചു ഭീഷണിപ്പെടുത്തി നിര്‍ബന്ധിത മത പരിവര്‍ത്തനത്തിന് ശ്രമിച്ചതായി പിതാവിന്റെ പരാതി. പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ലെന്നും ആക്ഷേപമുണ്ട്. കോഴിക്കോട് സ്വദേശിനിയും നഗരത്തില്‍ കോച്ചിങ് സെന്ററിലെ വിദ്യാര്‍ഥിനിയുമായ ക്രിസ്ത്യന്‍ പെണ്‍കുട്ടിയെയാണ് മത പരിവര്‍ത്തനത്തിനായി ഭീഷണിപ്പെടുത്തിയത്.
നടുവണ്ണൂര്‍ സ്വദേശിയായ മുഹമ്മദ് ജാസിം (19) എന്ന വിദ്യാര്‍ഥിക്കെതിരേ പെണ്‍കുട്ടിയുടെ രക്ഷിതാവ് നടക്കാവ് പൊലീസിലാണ് പരാതിപ്പെട്ടത്. പെണ്‍കുട്ടിയെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനു പ്രേരിപ്പിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടി സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പോലും നടപടി സ്വീകരിക്കാന്‍ കോഴിക്കോട് സിറ്റി പൊലീസിനോട് ആഭ്യന്തരവകുപ്പോ ഉന്നത പൊലീസ് ഉദ്യോഗസ്ഥരോ ആവശ്യപ്പെട്ടിട്ടില്ല.
പൊലീസ് നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്നു പെണ്‍കുട്ടിയുടെ പിതാവ് പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തര മന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ മത പരിവര്‍ത്തന കേസുകള്‍ അന്വേഷിക്കുന്ന ദേശീയ സുരക്ഷാ ഏജന്‍സി (എന്‍ഐഎ), ഇന്റലിജന്‍സ് ബ്യൂറോ (ഐബി), റോ എന്നീ ഏജന്‍സികള്‍ പ്രാഥമിക വിവരങ്ങള്‍ ചോദിച്ചറിഞ്ഞതായി പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.
ജൂലൈ ഏഴിനാണ് കേസിനാസ്പദമായ സംഭവം. കോഴിക്കോട് നഗരത്തിലെ കോച്ചിങ് സെന്ററില്‍ വിദ്യാര്‍ഥികളായ ജാസിമും പെണ്‍കുട്ടിയും സൗഹൃദത്തിലായിരുന്നു. ഏഴിന് വൈകീട്ടു മൂന്നോടെ പെണ്‍കുട്ടിയും രണ്ട് കൂട്ടുകാരികളും നഗരത്തിലെ തന്നെ സരോവരം പാര്‍ക്ക് സന്ദര്‍ശിക്കാന്‍ പോയി. ഈ സമയം അവിചാരിതമായെന്ന ഭാവേന അവിടെയെത്തിയ ജാസിം പെണ്‍കുട്ടിക്കു ജ്യൂസ് നല്കി. ജ്യൂസ് കഴിച്ചു പെണ്‍കുട്ടി അബോധാവസ്ഥയിലായി. തുടര്‍ന്ന് പാര്‍ക്കിലെ ആളൊഴിഞ്ഞ കെട്ടിടത്തിലെത്തിച്ച് പീഡിപ്പിക്കുകയും ഇത് മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തെന്നാണു പരാതി.
ഈ ദൃശ്യങ്ങള്‍ കാണിച്ചാണു പെണ്‍കുട്ടിയെ ജാസിം നിരന്തരം ഭീഷണിപ്പെടുത്തുകയും പണം കൈപ്പറ്റുകയും ചെയ്തത്. ഇതിനു പുറമേ മതം മാറാന്‍ നിര്‍ബന്ധിച്ചു. പരാതിപ്പെട്ടാല്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. ഹോസ്റ്റലില്‍ നിന്നു കാറില്‍ വീട്ടിലേക്കു പോയ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ യുവാവിന്റെ നേതൃത്വത്തില്‍ സംഘം ശ്രമിച്ചതിന്റെ വീഡിയോ ക്ലിപ്പിങ് ഇന്റലിജന്‍സ് ശേഖരിച്ചിട്ടുണ്ട്.
പാര്‍ക്കിലേക്ക് ഒപ്പം പോയ രണ്ട് പെണ്‍കുട്ടികളെയും ഈ വിധത്തില്‍ നേരത്തെ പീഡിപ്പിച്ചതായും പറയുന്നു. നഗ്ന ചിത്രങ്ങള്‍ കാണിച്ചു മതം മാറാന്‍ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നു രണ്ട് പെണ്‍കുട്ടികളും പഠനം നിര്‍ത്തി പോയതായി പെണ്‍കുട്ടി പോലീസിനു മൊഴി നല്കി. ഇതെല്ലാം വ്യക്തമാക്കി പെണ്‍കുട്ടിയുടെ പിതാവ് ഓഗസ്റ്റ് അഞ്ചിന് നടക്കാവ് പൊലീസില്‍ പരാതി നല്കി. വിശദമായ മൊഴി രേഖപ്പെടുത്തി എഫ്ഐആര്‍ തയാറാക്കി കേസെടുത്തു.
സംഭവം നടന്നതു മെഡിക്കല്‍ കോളജ് പോലീസ് സ്റ്റേഷന് പരിധിയിലായതിനാല്‍ അവിടേക്കു കൈമാറുകയും മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കി പെണ്‍കുട്ടിയുടെ രഹസ്യ മൊഴി എടുക്കുകയും ചെയ്തു. എന്നാല്‍, കേസില്‍ തുടര്‍ നടപടി ഉണ്ടായില്ല. വിഷയത്തില്‍ ആദ്യം ഗൗരവമായി ഇടപെട്ട സിറ്റി പൊലീസ് കമ്മീഷണര്‍ പിന്നീടു നിലപാടു മാറ്റിയെന്നും പ്രതിയുടെ ഉന്നത ബന്ധമാണിതിനു കാരണമെന്നും പിതാവ് പരാതിപ്പെടുന്നു.
അതേസമയം, പെണ്‍കുട്ടിയെ മതം മാറ്റാനായി ശ്രമിച്ചതിനു പിന്നില്‍ മത തീവ്രവാദ സംഘടനയുടെ പങ്കുണ്ടെന്നാണ് സംശയിക്കുന്നത്. പ്രതി മയക്കു മരുന്നിന് അടിമയാണോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. നേരത്തെ ലൗ ജിഹാദ് എന്ന പേരില്‍ വ്യാപകമായി മതം മാറ്റം നടത്തിയിരുന്ന സംഘടനയാണ് ഇതിനു പിന്നിലുള്ളതെന്നാണ് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും പറയുന്നത്.
പ്രതി മുന്‍കൂര്‍ ജാമ്യത്തിനായുള്ള ശ്രമത്തിലാണിപ്പോള്‍. അതേസമയം, ഇയാള്‍ കേരളത്തിനു പുറത്തു പലേടങ്ങളിലും സന്ദര്‍ശനം നടത്തിയിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 52 യുവതികളെ കോഴിക്കോട് ജില്ലയില്‍ മാത്രം മതം മാറ്റിയെന്നാണു പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവിനു ലഭിച്ച വിവരം. അടുത്തിടെ മുസ്ലിം മാനേജ്മെന്റിനു കീഴിലുള്ള കോഴിക്കോട്ടെ ആശുപത്രിയിലെ ആറ് ക്രിസ്ത്യന്‍ നഴ്സുമാരെ മതം മാറ്റിയിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം കേന്ദ്ര ഏജന്‍സികളോടും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates