'പ്രതിപക്ഷത്തിന് അവരിൽ തന്നെയാണ് അവിശ്വാസം; അടിമുടി ബിജെപിയാകാൻ കാത്തിരിക്കുന്ന പാർട്ടിയായി കോൺഗ്രസ് മാറി'- മുഖ്യമന്ത്രി

'പ്രതിപക്ഷത്തിന് അവരിൽ തന്നെയാണ് അവിശ്വാസം; അടിമുടി ബിജെപിയാകാൻ കാത്തിരിക്കുന്ന പാർട്ടിയായി കോൺഗ്രസ് മാറി'- മുഖ്യമന്ത്രി
'പ്രതിപക്ഷത്തിന് അവരിൽ തന്നെയാണ് അവിശ്വാസം; അടിമുടി ബിജെപിയാകാൻ കാത്തിരിക്കുന്ന പാർട്ടിയായി കോൺഗ്രസ് മാറി'- മുഖ്യമന്ത്രി
Updated on
1 min read

തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷത്തിന് അവരിൽ തന്നെയാണ് അവിശ്വാസമെന്നു പറഞ്ഞ മുഖ്യമന്ത്രി അവർക്ക് ആരിലാണ് അവിശ്വാസം, എന്തിനാണ് അവിശ്വാസം എന്നും പരിഹാസത്തോടെ ചോദിച്ചു. പ്രതിപക്ഷം സർക്കാരിനെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയവുമായി ബന്ധപ്പെട്ട ചർച്ചയിലെ ആരോപണങ്ങൾക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

നല്ലൊരു വാഗ്ദാനവുമായി ബിജെപി വരുന്നതും കാത്തിരിക്കുന്ന നേതാക്കളാണ് കോൺഗ്രസിലുള്ളതെന്നും അടിമുടി ബിജെപിയാകാൻ കാത്തിരിക്കുന്ന പാർട്ടിയായി കോൺഗ്രസ് മാറിയെന്നും അദ്ദേഹം ആരോപിച്ചു. അങ്ങനെയുള്ള ഒരു പാർട്ടിയെ കേരളത്തിലെ ജനങ്ങൾ എങ്ങനെ വിശ്വസിക്കുമെന്നും മുഖ്യമന്ത്രി ചോദിച്ചു.

യുഡിഎഫിനകത്ത് ബന്ധം ശിഥിലമാകുന്നു. നേതൃത്വത്തിന്റെ കഴിവിൽ അവിശ്വാസം ശക്തമായി വരുന്നുണ്ട്. യുഡിഎഫിനുള്ളിലെ അസ്വസ്ഥത മറയിടാനുള്ള ശ്രമമാണോ അവിശ്വാസ പ്രമേയമെന്ന് സംശയമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ജനങ്ങൾ ഈ സർക്കാരിൽ അർപ്പിച്ച വിശ്വാസം വർധിച്ചുവരുന്നു. 91 സീറ്റുള്ള സർക്കാരിനിപ്പോൾ 93 സീറ്റായത് ജന വിശ്വാസം ഉയർന്നതിന് തെളിവാണ്. വികസനം മുരടിച്ചു പോകുമെന്ന പ്രതീക്ഷയുണ്ടായിരുന്നു യുഡിഎഫിന്. ജനങ്ങൾ വിശ്വാസമർപ്പിക്കുന്നവരിൽ യുഡിഎഫിന് വിശ്വാസമില്ലെന്നും മുഖ്യമന്ത്രി ആരോപിച്ചു. 

135 വയസ് തികയുന്ന കോൺഗ്രസ് പാർട്ടിയുടെ ഇന്നത്തെ അവസ്ഥ അടിത്തറക്ക് മീതേ മേൽക്കൂര നിലംപൊത്തിയ നിലയിലാണ്. ഇത്രയും വെല്ലുവിളി രാജ്യം നേരിടുന്ന ഘട്ടത്തിലാണ് സ്വന്തം നേതാവിനെ തെരഞ്ഞെടുക്കാൻ കെൽപ്പില്ലാത്ത പാർട്ടിയായി കോൺഗ്രസ് മാറിയത്. അത് ദയനീയ അവസ്ഥയാണ്. അതിന്റെ പേരിൽ തമ്മിലടിക്കുന്നു. 

ഇത്രയും പാരമ്പര്യമുള്ള ഒരു പാർട്ടിയുടെ നേതൃ സ്ഥാനം ഏറ്റെടുക്കാൻ എന്തുകൊണ്ടാണ് നേതാക്കൾ മടിച്ചു നിൽക്കുന്നത്. കേരളത്തിലെ നേതാക്കളും രണ്ടു പക്ഷമാണ്. രാഹുൽ ഗാന്ധിയെ വയനാട്ടിൽ മത്സരിപ്പിച്ചത് കേരളത്തിലെ നേതാക്കൾ കാട്ടിയ മണ്ടത്തരമാണെന്നാണ് ഇപ്പോൾ മുതിർന്ന കോൺഗ്രസ് നേതാക്കൾ പറയുന്നത്. അന്നേ ഇടതുപക്ഷം ഇത് പറഞ്ഞിരുന്നുവെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 

രാജ്യം നേരിടുന്ന ഏതെങ്കിലും പ്രശ്‌നത്തിൽ ഒന്നിച്ചൊരു നിലപാട് എടുക്കാൻ കോൺഗ്രസിനാകുന്നില്ല. അയോധ്യ ക്ഷേത്ര നിർമാണം സർക്കാർ പരിപാടിയാക്കിയപ്പോൾ കോൺഗ്രസ് നേതാക്കളിൽ പലരും പിന്നണി പാടി. സ്വന്തം കാൽക്കീഴിലെ മണ്ണ് ഒലിച്ചു പോകുന്നത് അറിയാതെയാണ് പ്രതിപക്ഷം അവിശ്വാസ പ്രമേയവുമായി ഇറങ്ങിത്തിരിച്ചിരിക്കുന്നതെന്നും പിണറായി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com