തിരുവനന്തപുരം: ഗള്‍ഫ് രാജ്യങ്ങളില്‍ കോവിഡ് 19 രോഗകാരണങ്ങളല്ലാതെ മരണപ്പെടുന്ന മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിലുള്ള തടസവും കാലതാമസവും ഒഴിവാക്കാന്‍ ഇന്ത്യന്‍ എംബസികള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
മൃതദേഹങ്ങള്‍ നാട്ടിലേക്ക് അയക്കുന്നതിന് തടസങ്ങളും പ്രയാസങ്ങളും നേരിടുന്നതായി ജിസിസി രാജ്യങ്ങളിലെ മലയാളി സംഘടനകളില്‍ നിന്ന് ധാരാളം പരാതികള്‍ ലഭിക്കുന്നുണ്ട്. ലോക്ക്ഡൗണിനെ തുടര്‍ന്ന് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചത് ഇപ്പോള്‍ തന്നെ ഗള്‍ഫ് മലയാളികളെ വലിയ പ്രയാസത്തിലും കടുത്ത മാനസിക സംഘര്‍ഷത്തില്‍ ആക്കിയിട്ടുണ്ടെന്നും അതിനിടയിലാണ് മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നം കൂടി ഉടലെടുത്തതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മൃതദേഹങ്ങള്‍ നാട്ടിലേക്ക് അയക്കുന്നതിന് ബന്ധപ്പെട്ട ഇന്ത്യന്‍ എംബസിയുടെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വേണം. ഇന്ത്യന്‍ എംബസികള്‍ ഇന്ത്യയിലെ കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയത്തില്‍ നിന്ന് നോ ഒബ്ജക്ഷന്‍ പത്രം വേണമെന്ന് നിര്‍ബന്ധിക്കുകയാണ്. കോവിഡ് 19 കാരണമല്ലാതെ മരണപ്പെടുന്നവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ അനുവദിച്ചിരുന്നു. അതിന് ഇത്തരം സര്‍ട്ടിഫിക്കറ്റ് ആവശ്യമുണ്ടായിരുന്നില്ല. അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തിയതിനാല്‍ ചരക്ക് വിമാനങ്ങളിലാണ് മൃതദേഹങ്ങള്‍ എത്തിച്ചിരുന്നത്.
ആഭ്യന്തര മന്ത്രാലയത്തിന്റെ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ തന്നെ മൃതദേഹങ്ങള്‍ അയയ്ക്കുന്നതിന് ക്ലിയറന്‍സ് നല്‍കാന്‍ ബന്ധപ്പെട്ട എംബസികള്‍ക്ക് നിര്‍ദേശം നല്‍കണം. ഇക്കാര്യത്തിലുളള നൂലാമാലകള്‍ ഒഴിവാക്കി മൃതദേഹങ്ങള്‍ താമസമില്ലാതെ നാട്ടിലെത്തിക്കാനും കുടുംബാംഗങ്ങള്‍ക്ക് അന്ത്യ കര്‍മങ്ങള്‍ നടത്താനും സൗകര്യമൊരുക്കണമെന്നും സംസ്ഥാനം പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി.
വിമാന ടിക്കറ്റ് റീഫണ്ടില്‍ മുഴുവന്‍ തുകയും തിരികെ കിട്ടുക ലോക്ക്ഡൗണ്‍ ദിനങ്ങളില്‍ ബുക്ക് ചെയ്തവര്‍ക്ക് മാത്രമാണ് എന്ന നിബന്ധന നീക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates