

കോട്ടയം : ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാല്‍സംഗ കേസ് അട്ടിമറിക്കാന്‍ നിരന്തര ശ്രമം നടക്കുന്നുവെന്ന് കന്യാസ്ത്രീകള്‍. കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളാണ് ആരോപണവുമായി രംഗത്തു വന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി നാലു കന്യാസ്ത്രീകള്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി.
സാക്ഷികളായ തങ്ങള്‍ക്ക് നിരന്തരം ഭീഷണിയുണ്ട്. സ്ഥലംമാറ്റം സമ്മര്‍ദ്ദത്തിലാക്കാനാണ്. തങ്ങൾക്ക് ചികിൽസയ്ക്കും ദൈനംദിന ചെലവുകൾക്കും പോലും പണം അനുവദിക്കുന്നില്ല. തങ്ങളെ കുറവിലങ്ങാട് തുടരാന്‍ അനുവദിക്കണം. ഇതിനായി മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടണമെന്നും കന്യാസ്ത്രീകള്‍ കത്തില്‍ ആവശ്യപ്പെട്ടു.
ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരായ പീഡന പരാതിയില്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തിയ അഞ്ച് കന്യാസ്ത്രീകളെയാണ് മിഷണറീസ് ഓഫ് ജീസസ് കുറവിലങ്ങാട് മഠത്തില്‍ നിന്ന് കൂട്ടത്തോടെ സ്ഥലം മാറ്റിയത്. സിസ്റ്റര്‍ അനുപമ, ജോസഫിന്‍ ആല്‍ഫി, നീന, റോസ് എന്നിവരെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. ഇവരെ വെവ്വേറെ സ്ഥലങ്ങളിലേക്കാണ് മാറ്റിയിരിക്കുന്നത്.
സമരത്തില്‍ സജീവ സാന്നിധ്യമായിരുന്ന സിസ്റ്റര്‍ അനുപമയെ പഞ്ചാബിലേക്കാണ് മാറ്റിയത്. സിസ്റ്റര്‍ ആല്‍ഫിനെ ജാര്‍ഖണ്ഡിലേക്കും മാറ്റി. പരാതിക്കാരിയായ കന്യാസ്ത്രീയെ സ്ഥലം മാറ്റിയിട്ടില്ല. പരസ്യ സമരത്തിന് ഇറങ്ങിയത് സഭാ ചട്ടങ്ങളുടെ ലംഘനമാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് മദര്‍ ജനറല്‍ കന്യാസ്ത്രീകളെ സ്ഥലം മാറ്റിയിരിക്കുന്നത്. സഭാ നിയമങ്ങള്‍ അനുസരിച്ചാണ് കന്യാസ്ത്രീകള്‍ പ്രവര്‍ത്തിക്കേണ്ടത്. അത് ലംഘിച്ചത് കുറ്റകരമായ നടപടിയാണെന്ന് സ്ഥലം മാറ്റ ഉത്തരവില്‍ പറയുന്നു. സ്ഥലം മാറ്റ നടപടി പ്രതികാരമാണെന്ന് കന്യാസ്ത്രീകള്‍ പ്രതികരിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates