തിരുവനന്തപുരം: ബംഗളൂരുവിൽ കഴിയുന്ന പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനിയുടെ ആരോഗ്യ നില മോശമായി തുടരുന്നതിനിടെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍റെ കത്ത്. മഅ്ദനിയുടെ ചികിത്സ കേരളത്തിലേക്ക് മാറ്റാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം കത്തയച്ചത്.
17 വർഷത്തോളമായി ഒരു കുറ്റവും ചെയ്യാത്ത മഅ്ദനി ജയിലിലാണ്. ആരോഗ്യ നില മോശംമായതിനെ തുടർന്ന് അദ്ദേഹം ബംഗളൂരു എം.എസ് രാമയ്യ മെമോറിയൽ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സയിലാണ്. ദിനംപ്രതി അദ്ദേഹത്തിന്‍റെ ആരോഗ്യനില മോശമാവുകയാണ്. ചികിത്സ കേരളത്തിലേക്ക് മാറ്റുന്ന കാര്യത്തില്‍ അനുകൂല നിലപാട് സുപ്രീംകോടതിയില്‍ സ്വീകരിക്കണം. കേരളത്തിലെ മത നേതാക്കളും വിവിധ സംഘടനകളും ഇക്കാര്യം ചൂണ്ടിക്കാട്ടി തന്നെ സമീപിച്ചിരുന്നു. കേരളത്തിലേക്ക് ചികിത്സ മാറ്റണമെന്ന മഅ്ദനി സുപ്രീംകോടതിയിൽ നൽകിയ അപേക്ഷ പ്രോസിക്യൂഷൻ ശക്തമായി എതിർത്തിരുന്നു. ഈ സാഹചര്യത്തിൽ മഅ്ദനിയുടെ അപേക്ഷയെ എതിർക്കരുതെന്നും ഇക്കാര്യത്തിൽ അനുകൂല നിലപാട് സ്വീകരിക്കണമെന്നും മുഖ്യമന്ത്രി കത്തിലൂടെ സിദ്ധരാമയ്യയോട് അഭ്യർഥിച്ചു.
മഅ്ദനിയുടെ ജീവൻ രക്ഷിക്കാൻ കർണാടക സർക്കാറിനുമേൽ കേരളം ശക്തമായ സമ്മർദം ചെലുത്തണമെന്ന് മുസ്ലിം സംഘടന നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. സുപ്രീംകോടതി വിധിയെപ്പോലും പരിഹസിക്കുന്ന സമീപനമാണ് കർണാടക സർക്കാർ കൈക്കൊള്ളുന്നത്. ശരീരം തളർന്ന് വീൽചെയറിൽ കഴിയുന്ന മഅ്ദനിക്ക് മെച്ചപ്പെട്ട ചികിത്സ അനിവാര്യമായിരിക്കുകയാണ്. ഇല്ലെങ്കിൽ ജീവൻതന്നെ അപകടത്തിലാകുമെന്ന് ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. കേരളത്തിലേക്ക് മടക്കിക്കൊണ്ടുവരുന്നതിന് സർവകക്ഷി സംഘത്തെ അയക്കണം. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കർണാടകയുടെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി എന്നിവർക്ക് സംഘടന നേതാക്കൾ നിവേദനം നൽകിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates