മകന്റെ കൊറോണ ഭേദമായതിന് പിന്നാലെ സർക്കാരിനും ആരോഗ്യപ്രവർത്തകർക്കും നന്ദി പറഞ്ഞ് സംവിധായകൻ എം. പത്മകുമാർ. വിദേശത്തുനിന്നെത്തിയ പത്മകുമാറിന്റെ മകൻ ആകാശും സുഹൃത്തും വൈറസ് ബാധ സ്ഥിരീകരിച്ചതോടെ കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഇരുവരും രോഗമുക്തി നേടി ആശുപത്രി വിട്ടതിന് പിന്നാലെയാണ് നന്ദി അറിയിച്ച് പത്മകുമാർ രംഗത്തെത്തിയത്. ആരോഗ്യപ്രവർത്തകർക്കൊപ്പമുള്ള മകന്റെ ചിത്രത്തിനൊപ്പം ഫേയ്സ്ബുക്കിലാണ് അദ്ദേഹം നന്ദി കുറിച്ചത്.
പത്മകുമാറിന്റെ വാക്കുകൾ ഇങ്ങനെ;"എന്റെ മകൻ ആകാശും അവന്റെ സഹപ്രവർത്തകൻ എൽദോ മാത്യുവും കോവിഡ് 19 ചികിത്സ വിജയകരമായി പൂർത്തിയാക്കി കളമശേരി മെഡിക്കൽ കോളജിൽ നിന്നും ഡിസ്ചാർജ് ചെയ്യപ്പെട്ടു. ഈ രോഗത്തിനെതിരെ അഹോരാത്രം പൊരുതുന്ന ഡോക്ടർമാർ, നഴ്സുമാർ, ആരോഗ്യപ്രവർത്തകർ എന്നിങ്ങനെ എല്ലാവർക്കും ഒരുപാടും നന്ദിയും സ്നേഹവും. ഒപ്പം, ഈ സംഘത്തിന് നേതൃത്വം നൽകുന്ന മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി ശൈലജ ടീച്ചർക്കും ജില്ലാ കലക്ടർ എസ്.സുഹാസിനും ഒരുപാടു സ്നേഹം. ഇത് വെറുമൊരു കൃത്ജ്ഞാ കുറിപ്പല്ല. എന്റെ നാടിനെക്കുറിച്ചും സർക്കാരിനെക്കുറിച്ചും ഓർത്തുള്ള അഭിമാനക്കുറിപ്പാണ്. ജനങ്ങളോടുള്ള കരുതലിന്റെ കാര്യത്തിൽ നമ്മുടെ നാട് ലോകത്തു തന്നെ ഒന്നാമതാണ്!"
പാരീസിലായിരുന്ന പത്മകുമാറിന്റെ മകനും സുഹൃത്തും മാർച്ച് 16നാണു ഡൽഹിയിലെത്തിയത്. പാരിസിൽ വച്ചു കോവിഡ് ബാധിതനുമായി സമ്പർക്കമുണ്ടായതായി ഇവർക്കു സംശയമുണ്ടായിരുന്നു. ഇക്കാര്യം അധികൃതരെ ബോധ്യപ്പെടുത്തി ഡൽഹി വിമാനത്താവളത്തിൽ 12 മണിക്കൂർ നിരീക്ഷണത്തിൽ കഴിഞ്ഞു. 17നു കൊച്ചിയിലെത്തിയ ഇവർക്കു രോഗലക്ഷണങ്ങൾ ഇല്ലാത്തതിനാൽ വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദേശം ലഭിച്ചു. തുടർന്ന് രണ്ടുപേരും ഒരു വീട്ടിൽ തന്നെ സ്വയം സമ്പർക്ക വിലക്കേർപ്പെടുത്തി കഴിയുകയായിരുന്നു. മാർച്ച് 23നു രോഗലക്ഷണങ്ങൾ പ്രകടമായി. രോഗം സ്ഥിരീകരിച്ചെങ്കിലും ആരുമായും ഇവർക്ക് സമ്പർക്കമുണ്ടായിരുന്നില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates