

തിരുവനന്തപുരം: സര്‍ക്കാരിന്റെ മദ്യ നയം പുനഃപരിശോധിക്കണമെന്ന് ചില സഭകള്‍ അഭ്യര്‍ത്ഥിച്ചപ്പോള്‍ മദ്യ നിരോധനത്തേക്കാള്‍ മദ്യ വര്‍ജനമാണ് നല്ലതെന്ന സര്‍ക്കാര്‍ നിലപാടിനെ ചിലര്‍ പിന്തുണച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
ന്യൂനപക്ഷങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗങ്ങളുടെ കാര്യത്തില്‍ വിവേചനമില്ല. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കും. സംസ്ഥാന സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസില്‍ ക്രൈസ്തവ മതമേലധ്യക്ഷന്‍മാരുമായി ആശയവിനിമയം നടത്തുകയായിരുന്നു മുഖ്യമന്ത്രി.
എല്ലാവര്‍ക്കും വീടെന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ നടപ്പാക്കുന്ന ലൈഫ് പദ്ധതിക്ക് ക്രൈസ്തവസഭകളുടെ പിന്തുണ അഭ്യര്‍ത്ഥിച്ചു. ചില സഭകള്‍ക്ക് ഇതില്‍ വലിയ പങ്ക് വഹിക്കാനാവും. വീട് നിര്‍മ്മിച്ചു നല്‍കാന്‍ തയ്യാറായാല്‍ ആ സഹായം സര്‍ക്കാര്‍ സ്വീകരിക്കും. ഇതൊരു അഭ്യര്‍ത്ഥനയായി സഭകള്‍ക്ക് മുന്നില്‍ വെച്ചു.
പരിവര്‍ത്തിത ക്രൈസ്തവരുടെ സംവരണ പ്രശ്‌നം സംസ്ഥാന സര്‍ക്കാര്‍ മാത്രം വിചാരിച്ചാല്‍ പരിഹരിക്കാനാവില്ല. ഇതിന് ഭരണഘടനാ ഭേദഗതിയിലൂടെ മാത്രമേ പരിഹാരം കാണാനാവൂ. ഈ വിഷയം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്. എങ്കിലും സംസ്ഥാന സര്‍ക്കാരിന് ചെയ്യാനാവുന്നതെല്ലാം ചെയ്യും. പള്ളികള്‍ പണിയുന്നതുമായി ബന്ധപ്പെട്ട് ചിലയിടങ്ങളിലുണ്ടായിട്ടുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവശ്യമായ ശ്രമം സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. റബര്‍ കര്‍ഷകരുടെ പ്രശ്‌നത്തില്‍ വിശദമായ പരിശോധന വേണം. ഇവരെ സഹായിക്കാന്‍ വിവിധ പദ്ധതികള്‍ പരിഗണനയിലുണ്ട്.
തീരദേശപാത വരുന്നതില്‍ ജനങ്ങള്‍ക്ക് ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുമായി ബന്ധപ്പെട്ട് വിഷമമുണ്ടാകുന്നവരുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ പരിഹരിക്കും. സ്ഥലം നഷ്ടപ്പെടുന്നവര്‍ക്ക് തീരദേശത്തു തന്നെ താമസിക്കാന്‍ സംവിധാനമൊരുക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു. 
റവന്യു ഓഫീസുകള്‍ മാത്രമല്ല, എല്ലാ സര്‍ക്കാര്‍ ഓഫീസുകളും ജനസൗഹൃദമാക്കുകയാണ് സര്‍ക്കാര്‍ ഉദ്ദേശ്യം. സര്‍ക്കാര്‍, എയ്ഡഡ് മേഖലയിലെ സ്‌കൂളുകളുടെ നിലവാരം ഉയര്‍ത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞതായും  പിണറായി പറഞ്ഞു
.
 
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates