തിരുവനന്തപുരം: പൊതുസ്ഥലങ്ങളിൽ മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും പ്രതികരണങ്ങൾ മാധ്യമങ്ങൾ എടുക്കുന്നത് വിലക്കിക്കൊണ്ടുള്ള ഉത്തരവ് സംസ്ഥാന സർക്കാർ പിൻവലിച്ചു. സുരക്ഷാ ഭീഷണിയുണ്ടാകുമെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു ഈ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. മന്ത്രിമാരുടെ അഭിമുഖങ്ങൾക്കായി പിആർഡി വഴി മുൻകൂർ അനുമതി വാങ്ങണമെന്ന വ്യവസ്ഥയും തിരുത്തിയാണ് പുതിയ ഉത്തരവ് പുറത്തിറക്കിയത്.
മാധ്യമങ്ങളെ നിയന്ത്രിച്ചു കൊണ്ടുള്ള ഈ ഉത്തരവ് വലിയ വിമർശങ്ങൾക്കിടയാക്കിയിരുന്നു. നവംബറിൽ ആഭ്യന്തര സെക്രട്ടറി ആയിരുന്ന സുബ്രതോ ബിശ്വാസായിരുന്നു ഉത്തരവിറക്കിയത്. റെയിൽവേ സ്റ്റേഷൻ, വിമാനത്താവളം , മറ്റ് പൊതു സ്ഥലങ്ങൾ എന്നിവിടങ്ങളിൽ വച്ച് മാധ്യമപ്രവർത്തകർ പ്രതികരണം ചോദിക്കുന്നത് സുരക്ഷ ഒരുക്കുന്നതിന് തടസ്സം സൃഷ്ടിക്കുന്നുവെന്നായിരുന്നു കാരണം പറഞ്ഞത്.
മാധ്യമങ്ങൾക്കുള്ള നിയന്ത്രണം നീക്കിക്കൊണ്ടുള്ള ഉത്തരവും സുബ്രതോ ബിശ്വാസാണ് ഇറക്കിയത്. അഭിമുഖങ്ങൾക്കായി മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും ഓഫീസുകൾ വഴി നേരിട്ട് തന്നെ മാധ്യമങ്ങൾക്ക് അനുമതി തേടാം.
ദർബാർ ഹാൾ അടക്കം സെക്രട്ടറിയേറ്റിലെ വിവിധ ഹാളുകളിൽ മാധ്യമപ്രവർത്തകർക്ക് പ്രവേശനം പിആർഡിയെ അറിയിച്ചുകൊണ്ടായിരിക്കണമെന്ന നിബന്ധനയും ഒഴിവാക്കി.
പൊതു സ്ഥലത്ത് കൂടി നിൽക്കുന്നതിന് പകരം വിമാനത്താവളങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലും മാധ്യമങ്ങൾക്കായി പ്രത്യേക മീഡിയാ കോർണറുകൾ വേണമെന്ന നിർദ്ദേശം ആഭ്യന്തര സെക്രട്ടറി മുന്നോട്ട് വച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates