

കേരളത്തിന് വെള്ളവും വെളിച്ചവും വിളയും നല്‍കുന്ന മലനാട്. ഭൂരിഭാഗം മേഖലയും കോടമഞ്ഞ് വന്ന് നിറയുമെങ്കിലും കേരള രാഷ്ട്രീയത്തില്‍ എന്നും ചൂടുള്ള ഭൂമിക-ഇടുക്കി. മുല്ലപ്പെരിയാറും ഗാഡ്ഗില്‍, കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകളും കയ്യേറ്റങ്ങളും കുടിയൊഴിപ്പിക്കലും അതിജീവന സമരങ്ങളുമൊക്കെയായി എപ്പോഴും സജീവമായി നില്‍ക്കുന്ന മലനാട്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കത്തിക്കറയിത് കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്. പ്രളയാനന്തര ദുരിതങ്ങളും കര്‍ഷക ആത്മഹത്യകളുമാണ് ഇത്തവണ ഇടുക്കിക്കാരുടെ വോട്ട് ആര്‍ക്ക് എന്ന് തീരുമാനിക്കുന്നത്.
കാര്‍ഷിക മേഖലയാണ് ഭൂരിഭാഗം. ബ്രിട്ടീഷുകാര്‍ക്കൊപ്പം കാട് കയറിയ തമിഴ് തോട്ടം തൊഴിലാളുകളുടെ പിന്‍മുറക്കാരും മലയാളികളും ഇഴ ചേര്‍ന്നതിജീവിക്കുന്ന സവിശേഷ ഭൂമിക. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കും കത്തോലിക്ക വിഭാഗത്തിനും ഒരുപോലെ സ്വാധീനമുള്ള മണ്ഡലം. തമിഴ് വംശജര്‍ ഏറെയുള്ളത് പീരുമേട്ടിലും ദേവികുളത്തും.
തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ യുഡിഎഫിനൊപ്പമാണ് അധികവും ഇടുക്കിക്കാര്‍ നിന്നിട്ടുള്ളത്. പിജെ കുര്യനെയും പിസി ചാക്കോയെയും ഒക്കെ ജയിപ്പിച്ചു വിട്ടു മണ്ഡലം. 2009ല്‍ പിടി തോമസ് ജയിച്ച് ഡല്‍ഹിക്ക് പോയപ്പോള്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് കത്തി നിന്ന 2014ല്‍ ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ ബലത്തില്‍ ജോയിസ് ജോര്‍ജ് മണ്ഡലത്തെ ഇടതുപക്ഷത്തേക്ക് കൊണ്ടുപോയി. കോണ്‍ഗ്രസിന് ഒറ്റ എംഎല്‍എ പോലുമില്ലാത്ത മണ്ഡലമാണ് ഇടുക്കി. യുഡിഎഫിനുള്ള രണ്ട് പ്രതിനിധികളും കേരള കോണ്‍ഗ്രസ് (എം)ആണ്.
2014ല്‍ സ്വന്ത്രനായി മത്സരിച്ച ജോയ്‌സ് ജോര്‍ജിനെ പാര്‍ട്ടി ചിഹ്നത്തില്‍ സിപിഎം രംഗത്തിറക്കുമ്പോള്‍ ഡിന്‍ കുര്യാക്കോസിന് ഒരവസരം കൂടി നല്‍കിയിരിക്കുകയാണ് കോണ്‍ഗ്രസ്. ഈഴവ വോട്ടുകള്‍ക്ക് സ്വാധീനമുള്ള മണ്ഡലത്തില്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കാനാണ് എന്‍ഡിഎ തീരുമാനം. ജോയ്‌സ് ജോര്‍ജിന് എതിരെയുള്ള ഭൂമി കയ്യേറ്റ വിവാദവും കര്‍ഷക ആത്മഹത്യകളും യുഡിഎഫ് പ്രചരാണയുധമാക്കുമ്പോള്‍ പ്രളയാനന്തര ദുരിതാശ്വാസം കൊണ്ട് തടുക്കാനാകും ഇടത് പക്ഷത്തിന്റെ ശ്രമം.
2014 ലോക്‌സഭ തെരഞ്ഞെടുപ്പ്
ഇടുക്കി ജില്ലയിലെ തൊടുപുഴ, ഇടുക്കി, പീരുമേട്, ഉടുമ്പഞ്ചോല, ദേവികുളം, എറണാകുളത്തെ കോതമംഗലം, മൂവാറ്റുപുഴ എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ചേര്‍ന്നതാണ് ഇടുക്കി ലോക്‌സഭ മണ്ഡലം. എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിച്ച ജോയ്‌സ് ജോര്‍ജ് കോണ്‍ഗ്രസിലെ ഡീന്‍ കുര്യാക്കോസിനെ മലര്‍ത്തിയടിച്ചത് 50,542 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ്. 2009ല്‍ പിടി തോമസ് 74,796 വോട്ടുകള്‍ക്ക് ജയിച്ചിടത്താണ് ജോയ്‌സ് ഈ അട്ടിമറിവിജയം നേടിയത്. പിടി മത്സരിക്കുമ്പോള്‍ ഇടുക്കിയിലെ പ്രധാനശക്തിയായ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ഇടതുപക്ഷത്തിനൊപ്പമായിരുന്നു. 2014ല്‍ അവര്‍ വലതുപാളയത്തിലെത്തി. എന്നിട്ടും കസ്തൂരി രംഗന്‍ വിഷയത്തിന്റെ പേരില്‍ നടന്ന പോരില്‍ കോണ്‍ഗ്രസിന് തോല്‍വി ഏറ്റുവാങ്ങേണ്ടിവന്നു.
മൂവാറ്റുപുഴയിലും കോതമംഗലത്തും തൊടുപുഴയിലും മാത്രം ഡീന്‍ മുന്നിലെത്തി. ദേവികുളം, ഉടുമ്പഞ്ചോല, തൊടുപുഴ, ഇടുക്കി, പീരുമേട് മണ്ഡലങ്ങള്‍ ഇടതിനൊപ്പം നിന്നു. ഇടുക്കി(24227), ഉടുമ്പഞ്ചോല( 22692) മണ്ഡലങ്ങളിലായിരുന്നു ജോയ്‌സിന് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം. എന്നാല്‍ തൊട്ടടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടുക്കിയില്‍ പതിനായിരത്തോളം വോട്ടിന് യുഡിഎഫ് വിജയിച്ചു. ഉടുമ്പഞ്ചോലയില്‍ എല്‍ഡിഎഫ് വിജയിച്ചെങ്കിലും ഭൂരിപക്ഷം കുറഞ്ഞു.
2016 നിയമസഭ തെരഞ്ഞെടുപ്പ്
2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആകെയുള്ള ഏഴ് മണ്ഡലങ്ങളില്‍ അഞ്ചും (കോതമംഗലം, മൂവാറ്റുപുഴ, പീരുമേട്, ഉടുമ്പഞ്ചോല, ദേവികുളം) എല്‍ഡിഎഫ് നേടി. എന്നാല്‍, മണ്ഡലം മുഴുവനെടുത്താല്‍ എല്‍ഡിഎഫിനെക്കാള്‍ 19,058 വോട്ട് യുഡിഎഫിന് കൂടുതല്‍ കിട്ടി. യുഡിഎഫ് ജയിച്ച തൊടുപുഴയിലെയും ഇടുക്കിയിലെയും ഭൂരിപക്ഷംമാത്രം മറ്റ് അഞ്ച് മണ്ഡലങ്ങളെയും കവച്ചുവെക്കാന്‍ യുഡിഎഫിനെ സഹായിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഈ കണക്ക് നിര്‍ണായകമാകും.
ആകെ വോട്ടര്‍മാര്‍-11,7,60,99
സ്ത്രീകള്‍-5,91,171
പുരുഷന്‍മാര്‍-5,84,925
ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്-3
പുതിയ വോട്ടര്‍മാര്‍-18,680
വോട്ടുനില (2014)
ജോയ്‌സ് ജോര്‍ജ് (എല്‍ഡിഎഫ് സ്വതന്ത്രന്‍)3,82,019
ഡീന്‍ കുര്യാക്കോസ് (കോണ്‍ഗ്രസ്)3,31,477
സാബുവര്‍ഗീസ് (ബിജെപി)50,438
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates