

തിരുവനന്തപുരം : വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇരട്ടക്കൊലപാതകത്തിലെ പ്രതികളെയും ഗൂഢാലോചനക്കാരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ സംസ്ഥാന പൊലീസിന് കഴിയും. ഇത്തരം കൊലക്കേസുകൾ അന്വേഷിക്കുന്നതിനും ശിക്ഷ ഉറപ്പാക്കുന്നതിനും സിബിഐയേക്കാൾ മികവ് കേരള പൊലീസിനുണ്ടെന്നും കോടിയേരി പറഞ്ഞു. സിപിഎം മുഖപത്രം ദേശാഭിമാനിയിലെ ലേഖനത്തിലാണ് കോടിയേരി ബാലകൃഷ്ണൻ നിലപാട് വ്യക്തമാക്കിയത്.
വെഞ്ഞാറമൂട് തേമ്പാമൂട്ടിൽ ഡിവൈഎഫ്ഐ പ്രവർത്തകരായ മിഥിലാജ്, ഹക്ക് മുഹമ്മദ് എന്നിവരാണ് തിരുവോണ ദിവസം കൊല്ലപ്പെട്ടത്. കൊലപാതകത്തിന് അറസ്റ്റിലായവർ കോൺഗ്രസിന്റെ അറിയപ്പെടുന്ന പ്രാദേശിക നേതാക്കളോ പ്രവർത്തകരോ ആണ്. കേസിൽ പ്രതികളായി വരാൻ സാധ്യതയുള്ള കോൺഗ്രസ് നേതാക്കളെ രക്ഷപ്പെടുത്താൻ വേണ്ടിയാണ് സിബിഐ അന്വേഷിക്കുക എന്ന ആവശ്യം കെപിസിസിയും പ്രതിപക്ഷവും ഉന്നയിക്കുന്നത്.
രക്തസാക്ഷികളെ വ്യക്തിഹത്യചെയ്‌തും കൊലപാതകത്തെ വക്രീകരിച്ചും പ്രതികളെ രക്ഷിക്കാനുള്ള തരംതാണ പ്രവർത്തനമാണ് പ്രതിപക്ഷ നേതാവ് ഉൾപ്പെടെ കോൺഗ്രസ് നേതാക്കൾ നടത്തുന്നത്. ഇതിനു പുറമെ മഹിളാ നേതാവിന്റെ വീട് മകനെക്കൊണ്ട് അർധരാത്രി കല്ലെറിഞ്ഞ് ഗ്ലാസ് തകർത്ത് ‘മാർക്‌സിസ്റ്റ് ആക്രമണ’ വ്യാജകഥ സൃഷ്ടിച്ചു. അതിന് ഉമ്മൻചാണ്ടിയുടെ ഒത്താശയും ഉണ്ടായി. കോവിഡിനെതിരായ പ്രവർത്തനങ്ങളെയും സർക്കാരിന്റെ നൂറുദിന പരിപാടിയെയും അട്ടിമറിക്കാൻ കോൺഗ്രസ് അനുകൂല സർക്കാർ ഉദ്യോഗസ്ഥരെ ‘അഞ്ചാംപത്തി’കളാക്കാനുള്ള കെപിസിസി ആഹ്വാനം ജീവനക്കാർ തള്ളുമെന്നും കോടിയേരി അഭിപ്രായപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates