

കോട്ടയം: മര്ദനമേറ്റ് അവശനായ കെവിന് വെളളം ചോദിച്ചപ്പോള് ഒന്നാം പ്രതി ഷാനു ചാക്കോ വായില് മദ്യം ഒഴിച്ചുകൊടുത്തെന്ന് പിടിയിലായ പ്രതികളുടെ മൊഴി. ആദ്യം പിടിയിലായ നിയാസ്, റിയാസ്, ഇഷാന് എന്നിവരെ ചോദ്യം ചെയ്തപ്പോള് ലഭിച്ചതാണ് ഈ വിവരം.
നീനുവിനെ കൊണ്ടുവരാനെന്നു പറഞ്ഞാണ് തങ്ങളെ ഒപ്പം കൂട്ടിയതെന്നും ഇവര് പറഞ്ഞു. ഇവര് പറയുന്നത് പൊലീസ് പൂര്ണമായി വിശ്വസിച്ചിട്ടില്ല. നീനുവിന്റെ സഹോദരന് ഷാനുചാക്കോയെയും പിതാവ് ചാക്കോയെയും കൂടി ചോദ്യം ചെയ്താലേ കാര്യങ്ങള് വ്യക്തമാകൂ എന്നാണ് പൊലീസ് പറയുന്നത്.
നീനുവിനെ കുറിച്ച് വിവരം കിട്ടാതായതോടെ കെവിന് എവിടെയുണ്ടെന്ന അന്വേഷണം തുടങ്ങിയെന്ന് ഇവര് പറഞ്ഞു. അനീഷിന്റെ വീട്ടില് ഉണ്ടെന്നറിഞ്ഞാണ് രാത്രിയില് അവിടെ ചെന്നത്.
നീനു എവിടെയുണ്ടെന്ന് ചോദിച്ച് വാക്കേറ്റമായി. അയല്വാസികള് ഉണര്ന്നെത്തി കൂടുതല് ബഹളം ഉണ്ടാകാതിരിക്കാനാണ് ഇരുവരെയും വണ്ടിയില് കയറ്റിയത്. ഇതൊന്നും മുന്കൂട്ടി തയ്യാറാക്കിയവയായിരുന്നില്ലെന്നാണ് മൂവരും പറയുന്നത്. എല്ലാകാര്യങ്ങളും ഷാനൂ പറഞ്ഞതനുസരിച്ചാണ് ചെയ്തത്. മൂന്ന് വാഹനങ്ങളുണ്ടായിരുന്നു. വാഹനത്തില് വച്ച് ഇരുവരെയും മര്ദിച്ചതും ഷാനുവാണെന്ന് ഇവര് പറഞ്ഞിട്ടുണ്ട്. തനിക്ക് ഒന്നും അറിയില്ലെന്ന് തീര്ത്തുപറഞ്ഞതോടെ അനീഷിനെ വാഹനത്തില് നിന്നും ഇറക്കിവിട്ടുവെന്നും ഇവര് മൊഴി നല്കിയതായി പൊലീസ് പറയുന്നു.
പുനലൂരില് എത്തിച്ച് വിശദമായി ചോദ്യം ചെയ്താല് നീനു എവിടെയുണ്ടെന്ന് കെവിന് പറയുമെന്ന നിലപാടായിരുന്നു ഷാനുവിന്. മദ്യം ഉളളില് ച്ചെന്നിട്ടും കെവിന് ഒന്നും പറഞ്ഞില്ല. ഇവനെ കൊല്ലില്ല. എല്ലാം കാണാനായി ഇവന് ജീവീക്കണമെന്നും ഷാനു പറഞ്ഞതായി ഇവര് മൊഴി നല്കി. തെന്മല ഭാഗത്ത് ചെന്നപ്പോള് കെവിന് ഇറങ്ങിയോടിയെന്നും മരിച്ച വിവരം മാധ്യമങ്ങളില് നിന്നാണ് അറിഞ്ഞതെന്നുമാണ് ഇവരുടെ മൊഴി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates