ശബരിമലയിലേക്കുള്ള കാനനപാതയില്‍ കാട്ടാന; രാത്രിയാത്ര നിരോധിച്ചു, അയ്യപ്പന്‍മാര്‍ക്കായി പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്ന് വനംവകുപ്പ്
നിലയ്ക്കല്‍: ശബരിമലയിലേക്കുള്ള കാനനപാതയില്‍ കാട്ടാനകള്‍ ഇറങ്ങിത്തുടങ്ങിയതിനെ തുടര്‍ന്ന് രാത്രിയാത്രയ്ക്ക് വിലക്കേര്‍പ്പെടുത്തി. നിലയ്ക്കലില്‍ നിന്നും കാനനപാതയിലേക്കുള്ള വഴിയുള്ള വഴിയില്‍ കാട്ടാനയിറങ്ങിയത് സിസിടിവിയില്‍ പതിഞ്ഞതോടെയാണ് സുരക്ഷാ മുന്‍കരുതലെടുക്കുന്നത്. ഇതോടെ കരിമല വഴി സന്ധ്യാസമയത്തിന് ശേഷമുള്ള യാത്ര നിരോധിച്ചു. ഉരക്കുഴി, പാണ്ടിത്താവളം,പ്ലാന്തോട്, ഇലവുങ്കല്‍, പ്ലാപ്പള്ളി, ളാഹ, പുല്ലുമേട് എന്നിവിടങ്ങളില്‍ കാട്ടാനയുടെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് വനം വകുപ്പ് അറിയിച്ചു.
സന്ധ്യ കഴിയുമ്പോള്‍ റോഡിലേക്കിറങ്ങുന്ന കാട്ടാനകളെ അയ്യപ്പന്‍മാര്‍ക്ക് പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കില്ലെന്നതും വളവുകളില്‍ ഇവ നില്‍ക്കാനുള്ള സാധ്യതയും കണക്കിലെടുത്താണ് നിരോധനം ഏര്‍പ്പെടുത്തുന്നത്. റോഡിലിറങ്ങി നില്‍ക്കുന്ന ആനകള്‍ അക്രമാസക്തരായേക്കാമെന്നും സൂക്ഷിക്കണമെന്നും വനംവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
മാലിന്യത്തില്‍ നിന്നും ഭക്ഷണം തേടിയാവാം കാട്ടാനക്കൂട്ടം ഈ പ്രദേശങ്ങളിലേക്ക് ഇറങ്ങുന്നതെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അനുമാനം. ആനശല്യം കുറയ്ക്കുന്നതിനായി ഇന്‍സിനേറ്ററുകള്‍ക്ക് സമീപം മാലിന്യം കൂട്ടിയിടുന്നത് ഒഴിവാക്കണമെന്നും ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
തീര്‍ത്ഥാടകരുടെ സൗകര്യത്തിനായി പ്രത്യേക എലിഫന്റ് സ്‌ക്വാഡിനെ സജ്ജമാക്കിയിട്ടുണ്ട്. വനമേഖലയില്‍ ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്. കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ടാലുടന്‍ സഹായത്തിന് ഉദ്യോഗസ്ഥരെത്തുമെന്നും വനംവകുപ്പ് അറിയിച്ചു. പമ്പ-0473-5203492, സന്നിധാനം-0473 5202077
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
