ശബരിമലയില്‍ പത്തു യുവതികള്‍ ദര്‍ശനം നടത്തി ? ; സര്‍ക്കാരും പൊലീസും മറച്ചുവെച്ചെന്ന് റിപ്പോര്‍ട്ട്

സംസ്ഥാനത്ത് വനിതാമതില്‍ അരങ്ങേറുന്നതിന് മുമ്പും ശേഷവുമായി യുവതികള്‍ മലചവിട്ടിയെന്ന വിവരമാണ് പൊലീസ് വെളിപ്പെടുത്തിയത്
ശബരിമലയില്‍ പത്തു യുവതികള്‍ ദര്‍ശനം നടത്തി ? ; സര്‍ക്കാരും പൊലീസും മറച്ചുവെച്ചെന്ന് റിപ്പോര്‍ട്ട്
Updated on: 
1 min read

തിരുവനന്തപുരം: ശബരിമലയില്‍ കഴിഞ്ഞ ദിവസങ്ങളിലായി പത്തു യുവതികള്‍ ദര്‍ശനം നടത്തിയതായി റിപ്പോര്‍ട്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാതൃഭൂമി ദിനപ്പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. വിദേശത്തുനിന്നെത്തിയ സംഘത്തിലുള്‍പ്പെട്ട, 40നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ ഉള്‍പ്പെടെ ശബരിമല ദര്‍ശനം നടത്തിയതായി റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. 

സംസ്ഥാനത്ത് വനിതാമതില്‍ അരങ്ങേറുന്നതിന് മുമ്പും ശേഷവുമായി യുവതികള്‍ മലചവിട്ടിയെന്ന വിവരമാണ് പൊലീസ് വെളിപ്പെടുത്തിയത്.  ഇവരുടെയെല്ലാം പ്രായവും മലകയറിയ തീയതിയും സമയവും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സുപ്രിംകോടതിയില്‍ നല്‍കുന്ന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുമെന്നും ഉന്നതവൃത്തങ്ങള്‍ അറിയിച്ചതായി റിപ്പോര്‍ട്ടിലുണ്ട്.  

മൂന്നു ദിവസംമുമ്പ് ശബരിമലയിലെത്തിയ 25 അംഗ മലേഷ്യന്‍ സംഘത്തില്‍ മൂന്നു യുവതികള്‍ ദര്‍ശനം നടത്തിയിരുന്നു. വ്യാഴാഴ്ച മലചവിട്ടിയ ശ്രീലങ്കന്‍ യുവതി ഉള്‍പ്പെടെ പത്തുപേര്‍ ദര്‍ശനം നടത്തിയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അതേസമയം, ഇക്കാര്യങ്ങളില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. 

സര്‍ക്കാരിനും പൊലീസിലെ ഉന്നതര്‍ക്കും യുവതികള്‍ മലചവിട്ടിയ വിവരം അറിയാമായിരുന്നു. എന്നാല്‍ വിവരം രഹസ്യമായി സൂക്ഷിക്കാനായിരുന്നു തീരുമാനം. വിദേശത്തുനിന്നെത്തിയവര്‍ക്കു പുറമേ ഇതരസംസ്ഥാനങ്ങളില്‍നിന്നെത്തിയ സംഘങ്ങള്‍ക്കൊപ്പവും 50 വയസ്സില്‍ താഴെയുള്ള വനിതകള്‍ ഉണ്ടായിരുന്നതായും പൊലീസ് പറയുന്നു. ശബരിമലയിലെ യുവതീപ്രവേശവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടുകളില്‍ ഇതുവരെയുണ്ടായ യുവതീപ്രവേശം സംബന്ധിച്ച വിശദവിവരങ്ങളും സുരക്ഷ നല്‍കിയത് സംബന്ധിച്ച വിവരങ്ങളും വ്യക്തമാക്കും.

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ യുവതികളെ കയറ്റിയെന്ന് കോടതിയെ അറിയിക്കുന്നതിന്റെ ഭാഗമായാണ് കൂടുതല്‍ യുവതികളെ എത്തിക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. മുഖ്യമന്ത്രി ആറ്റിങ്ങലില്‍ ശ്രീലങ്കന്‍ യുവതി ശബരിമല ദര്‍ശനം നടത്തിയത് സ്ഥിരീകരിച്ചിരുന്നു. ബിന്ദുവും കനകദുര്‍ഗയും ശബരിമല ദര്‍ശനം നടത്തിയശേഷമാണ് കൂടുതല്‍ യുവതികളെ എത്തിക്കുന്ന പദ്ധതിയുമായി പൊലീസും സര്‍ക്കാരും മുന്നോട്ടുപോകുന്നതെന്നാണ് വിവരം. വരുംദിവസങ്ങളിലും കൂടുതല്‍ യുവതികള്‍ ദര്‍ശനത്തിനെത്തുമെന്നും പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com