''സാമ്പത്തിക ശാസ്ത്രത്തിനു പകരം സാമ്പത്തിക കൂടോത്രം നടത്തുന്ന പൂനവിദ്വാന്‍മാരെ സ്വീകരിച്ചാല്‍ സംഭവിക്കുന്ന അബദ്ധങ്ങളാണ് ഇവ''

നോട്ടുനിരോധനമെന്ന മണ്ടത്തരത്തെ ന്യായീകരിച്ചവരുടെ മുഖത്തേയ്ക്കാണ് റിസര്‍വ് ബാങ്കിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടു വന്നു വീണിരിക്കുന്നതെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക്ക്
''സാമ്പത്തിക ശാസ്ത്രത്തിനു പകരം സാമ്പത്തിക കൂടോത്രം നടത്തുന്ന പൂനവിദ്വാന്‍മാരെ സ്വീകരിച്ചാല്‍ സംഭവിക്കുന്ന അബദ്ധങ്ങളാണ് ഇവ''
Updated on
3 min read

തിരുവനന്തപുരം :  നോട്ടുനിരോധനമെന്ന ഇന്ത്യയുടെ സാമ്പത്തിക ചരിത്രത്തിലെ ഏറ്റവും വലിയ മണ്ടത്തരത്തെ ന്യായീകരിച്ചവരുടെ മുഖത്തേയ്ക്കാണ് റിസര്‍വ് ബാങ്കിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടു വന്നു വീണിരിക്കുന്നതെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്ക്. അസാധുവാക്കപ്പെട്ട നോട്ടുകളില്‍ 99.3 ശതമാനവും തിരിച്ചെത്തിയെന്നാണ് റിസര്‍വ് ബാങ്കിന്റെ 2017-18 വാര്‍ഷിക റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്. കള്ളപ്പണം പിടിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീമ്പടിക്കലിന് ഒരു ഫലവുമുണ്ടായില്ല എന്നാണ് ഇത് അര്‍ത്ഥമാക്കുന്നതെന്ന് തോമസ് ഐസക്ക് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അഭിപ്രായപ്പെട്ടു. 


നോട്ടുനിരോധനത്തെ ന്യായീകരിക്കാനിറങ്ങിയവരെക്കാള്‍ ഒട്ടും മീതെയല്ല, ആ മണ്ടന്‍ തീരുമാനമെടുത്തവരുടെ നിലവാരവും. ശാസ്ത്രീയ സാമ്പത്തിക ശാസ്ത്രത്തിനു പകരം സാമ്പത്തിക ശാസ്ത്ര കൂടോത്രം നടത്തുന്ന പൂനവിദ്വാന്‍മാരെ സ്വീകരിച്ചാല്‍ സംഭവിക്കുന്ന അബദ്ധങ്ങളാണ് ഇവ. തോമസ് ഐസക്ക് പറഞ്ഞു. 

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം : 

'ഞാന്‍ വെല്ലുവിളിക്കുന്നു തോമസ് ഐസക്കിനെ, ഏറ്റവും ചുരുങ്ങിയതൊരു മൂന്ന് ലക്ഷം കോടി രൂപയുടെ ലയബിലിറ്റിയുടെ കുറവ് റിസര്‍വ് ബാങ്കിനില്ലെങ്കില്‍ വിനു പറയുന്ന പണിയെടുക്കാന്‍ ഞാന്‍ തയ്യാറാണ്. ഇതെല്ലാവരുടെയും മുമ്പിലാണ് പറയുന്നത്. പതിനാല് ലക്ഷത്തില്‍ ഒരു പതിനൊന്ന് ലക്ഷത്തില്‍ കൂടുതല്‍ നോട്ട് തിരിച്ച് വരാന്‍ പോകുന്നില്ല'. നോട്ടുനിരോധനകാലത്ത് ഒരു ഏഷ്യാനെറ്റ് ചര്‍ച്ചയില്‍ ബിജെപി നേതാവ് കെ സുരേന്ദ്രന്‍ നടത്തിയ വെല്ലുവിളിയാണ് ഇത്. തന്റെ വ്യക്തിപരമായ അഭിപ്രായം നാലു ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ തിരിച്ചു വരില്ലെന്നാണ്. തീര്‍ച്ചയായും ഏറ്റവും കുറഞ്ഞത് മൂന്നു ലക്ഷമെങ്കിലും എന്നാണ് അദ്ദേഹം പറഞ്ഞത്. പിന്നെ, തിരിച്ചുവരാത്ത മൂന്നു ലക്ഷം കോടിയുടെ നോട്ടുകള്‍ കൊണ്ട് എന്തെല്ലാം ചെയ്യുമെന്നും മനോരാജ്യം കണ്ടു. അങ്ങനെയാണത്രേ പെട്രോളിന് 50 രൂപയായി വില കുറയാന്‍ പോകുന്നത്. 

സുരേന്ദ്രനെ ഒറ്റപ്പെടുത്തി കുറ്റം പറയില്ല. ബിജെപിയുടെ ഐടി പ്രചാരക വിഭാഗം നല്‍കിയ വിശദീകരണങ്ങള്‍ അപ്പാടെ വിഴുങ്ങുകയായിരുന്നു സുരേന്ദ്രന്‍. ഏതാണ്ട് ഇതേ അഭിപ്രായം ജി.എസ്.ടി കൗണ്‍സിലിനിടയില്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. ശാസ്ത്രീയ സാമ്പത്തിക ശാസ്ത്രത്തിനു പകരം സാമ്പത്തിക ശാസ്ത്ര കൂടോത്രം നടത്തുന്ന പൂനവിദ്വാന്‍മാരെ സ്വീകരിച്ചാല്‍ സംഭവിക്കുന്ന അബദ്ധങ്ങളാണ് ഇവ. 

പക്ഷേ, നോട്ടുനിരോധനമെന്ന ഇന്ത്യയുടെ സാമ്പത്തിക ചരിത്രത്തിലെ ഏറ്റവും വലിയ മണ്ടത്തരത്തെ ന്യായീകരിച്ചവരുടെ മുഖത്തേയ്ക്കാണ് റിസര്‍വ് ബാങ്കിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടു വന്നു വീണിരിക്കുന്നത്. അസാധുവാക്കപ്പെട്ട നോട്ടുകളില്‍ 99.3 ശതമാനവും തിരിച്ചെത്തിയെന്നാണ് റിസര്‍വ് ബാങ്കിന്റെ 2017-18 വാര്‍ഷിക റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്. കള്ളപ്പണം പിടിക്കുമെന്ന നരേന്ദ്രമോദിയുടെ വീമ്പടിക്കലിന് ഒരു ഫലവുമുണ്ടായില്ല എന്നര്‍ത്ഥം. നോട്ടുനിരോധനത്തെ ന്യായീകരിക്കാനിറങ്ങിയവരെക്കാള്‍ ഒട്ടും മീതെയല്ല, ആ മണ്ടന്‍ തീരുമാനമെടുത്തവരുടെ നിലവാരവും. 

പ്രധാനമന്ത്രിയുടെ രാത്രിയിലെ പ്രസംഗം കഴിഞ്ഞ് ഒരു മണിക്കൂറിനുള്ളില്‍ എന്റെ ചേംബറില്‍ നടത്തിയ പത്രസമ്മേളനത്തില്‍ മോഡിയുടെ നടപടിയെ ഭ്രാന്ത് എന്നാണ് വിശേഷിപ്പിച്ചത്. എലിയെ കൊല്ലാന്‍ ഇല്ലം ചുടുന്നതു പോലെയാണ്. കള്ളപ്പണത്തിന്റെ വളരെ ചെറിയൊരു ഭാഗമേ നോട്ട് രൂപത്തിലുള്ളൂ. അത് പിടിക്കാന്‍ വേണ്ടി നോട്ടെല്ലാം റദ്ദാക്കിയാല്‍ സമ്പദ്ഘടന തകരും. സമ്പദ്ഘടനയുടെ ജീവനാഡിയാണ് പണം. ഇപ്പോള്‍ എല്ലാവരും സമ്മതിക്കുന്നു രാജ്യത്തിലെ ദേശീയ വരുമാനത്തിന്റെ രണ്ട് ലക്ഷം കോടി രൂപയുടെ നഷ്ടം ഈ നടപടിമൂലം ഉണ്ടായിട്ടുണ്ടെന്ന്. പിറ്റേന്ന് നിയമസഭയില്‍ ഷാഫി പറമ്പിലിന്റെ ഉപചോദ്യത്തിനു മറുപടിയായി സാധാരണക്കാര്‍ക്കുണ്ടാകുന്ന ഭയാനകമായ പ്രയാസങ്ങളെക്കുറിച്ച് ഞാന്‍ വിവരിച്ചപ്പോള്‍ പ്രതിപക്ഷ നേതാവുപോലും അഭിപ്രായപ്പെട്ടത് ധനമന്ത്രി ആളുകളെ പരിഭ്രമിപ്പിക്കരുത് എന്നാണ്. ശ്രീ. കുഞ്ഞാലിക്കുട്ടി ഇടപെട്ട് അങ്ങനെയെങ്കില്‍ ഒരു ഔപചാരിക പ്രസ്താവന സഭയില്‍ വയ്ക്കണമെന്ന് നിര്‍ദ്ദേശിച്ചു. അന്ന് ഞാന്‍ സഭയില്‍ വച്ച എഴുതി വായിച്ച പ്രസ്താവനയില്‍ പറഞ്ഞ ഏതാണ്ട് എല്ലാ കാര്യങ്ങളും ഇന്ന് യാഥാര്‍ത്ഥ്യമായിട്ടുണ്ട്. 

ഒന്നൊഴികെ. നോട്ട് നിരോധനം കൊണ്ട് കള്ളനോട്ട് ഇല്ലാതാക്കാം എന്ന് ഞാന്‍ അഭിപ്രായപ്പെട്ടിരുന്നു. കള്ളനോട്ടുകാര്‍ ബാങ്കില്‍ കൊണ്ടുവന്ന് അത് വെളുപ്പിക്കുമെന്ന് ചിന്തിക്കാന്‍ ആകുമായിരുന്നില്ല. പക്ഷെ, അതാണ് സംഭവിച്ചതെന്നാണ് ഇപ്പോള്‍ സുരേന്ദ്രന്‍ പറയുന്നത്. കള്ളനോട്ടുകളുടെ ഒരു ഭാഗം ബാങ്കില്‍ വന്നതുകൊണ്ടാണത്രേ തന്റെ പ്രവചനം പൊളിഞ്ഞത് എന്നാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ അഭിപ്രായം. അതെ. നമ്മുടെ ബാങ്കുകളുടെ ബ്രാഞ്ചുകളില്‍ പലയിടത്തും കളളനോട്ട് പിടിക്കാനുള്ള യന്ത്രങ്ങള്‍ ഇല്ലായിരുന്നു. ക്യൂവിലെ തിരക്കു കാരണം ഇതൊന്നും പരിശോധിക്കാനുള്ള നേരം ബാങ്ക് ജീവനക്കാര്‍ക്ക് കിട്ടിയില്ല. പിന്നെ, വമ്പന്‍മാര്‍ തങ്ങളുടെ കള്ളപ്പണത്തിന്റെ കാര്യത്തിലെന്നപോലെ ബാങ്കുകള്‍ വഴി വെളുപ്പിച്ചോ എന്ന കാര്യവും പരിശോധിക്കപ്പെടേണ്ടതാണ്. സത്യം പറഞ്ഞാല്‍, റിസര്‍വ്വ് ബാങ്ക് അച്ചടിച്ച മുഴുവന്‍ പഴയ നോട്ടുകളും തിരിച്ചെത്തിയിട്ടില്ല. കള്ളപ്പണക്കാരുടെ പണം ആയതുകൊണ്ടല്ല. വിദേശ ഇന്ത്യക്കാരുടെ കൈകളില്‍ നമ്മുടെ പഴയ നോട്ടുകള്‍ ഇപ്പോഴും അവശേഷിക്കുന്നുണ്ട്. തന്റെ ബാഗില്‍ കണ്ടെത്തിയ പഴയ നോട്ടുകളുടെ ഫോട്ടോ ഹരീഷ് വാസുദേവന്‍ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ഇട്ടിരുന്നു. പണ്ട് എഴുതി പ്രസിദ്ധീകരിക്കാത്ത ഒരു പുസ്തകത്തിന്റെ മാനുസ്‌ക്രിപ്റ്റ് തപ്പുന്നതിനിടയില്‍ ഞാനും കണ്ടെത്തി കുറച്ച് ആയിരം രൂപയുടെ നോട്ടുകള്‍. ഇങ്ങനെ എത്രയോ പേരുടെ കൈകളില്‍ ഉണ്ടാകണം. ഇതുകൂടി കണക്കിലെടുക്കുമ്പോള്‍ സുരേന്ദ്രന്‍ പറയുംപോലെ കള്ളനോട്ട് വെളുപ്പിക്കാനുള്ള ഒരു സുന്ദരന്‍ ഉപായമായി നോട്ട് നിരോധനം മാറിയെന്നു പറയേണ്ടി വരും. 

പുതിയ നോട്ടുകള്‍ കളളനോട്ടടിയ്ക്കാനാവില്ലെന്നായിരുന്നു മറ്റൊരു വീമ്പടി. റിസര്‍വ് ബാങ്കിന്റെ കണക്കനുസരിച്ച് പുതിയ 50, 100, 500, 2000 നോട്ടുകളുടെയെല്ലാം കള്ളനോട്ടുകള്‍ പ്രചാരത്തിലുണ്ട്.

ഇന്ത്യയിലെ സാമ്പത്തിക വിദഗ്ദ്ധര്‍ തുടക്കത്തില്‍ പൊതുവില്‍ നിശബ്ദരായിരുന്നൂവെന്നത് സത്യം. പക്ഷെ, ഈ ഭ്രാന്തന്‍ നടപടിയെ ന്യായീകരിക്കാന്‍ വിരലിലെണ്ണാവുന്നവരെ മുന്നോട്ടു വന്നുള്ളൂ. പക്ഷെ, ഇന്ന് രണ്ട് വിദ്വാന്‍മാരുടെ അഭിപ്രായം മാതൃഭൂമിയില്‍ ഞാന്‍ വായിച്ചു. ഒന്ന്, ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വ്വീസസിലെ ഡോ. വി.കെ വിജയകുമാറാണ്. ദീര്‍ഘനാളില്‍ ഇത് ഗുണം ചെയ്യുമെന്നാണ് പറയുന്നത്. ഡോ. വിജയകുമാറിന്റെ ദീര്‍ഘനാള്‍ എത്രയെന്ന് എനിക്ക് അറിഞ്ഞുകൂട. ആദായ നികുതി ഏറ്റവും കൂടുതല്‍ വര്‍ദ്ധിച്ചത് ചിദംബരം മന്ത്രിയായിരിക്കുമ്പോഴാണ്. അത് ഏതായാലും നോട്ട് നിരോധിച്ചതുകൊണ്ടല്ല. കാരണം ഞാന്‍ വിജയകുമാറിനെ പഠിപ്പിക്കേണ്ടതില്ല. തികഞ്ഞ നിയോലിബറലാണെങ്കിലും സാങ്കേതികമായി വളരെ പരിജ്ഞാനമുള്ള വ്യക്തിയാണ് അദ്ദേഹം. പക്ഷെ, വിജയകുമാര്‍ നിങ്ങളുടെ ദര്‍ശനത്തിന്റെ കടയ്ക്കല്‍ കത്തി വയ്ക്കുന്നതാണ് നോട്ട് നിരോധനം. എന്താണ് മില്‍ട്ടണ്‍ ഫ്രീഡ്മാന്‍ പണനയത്തെക്കുറിച്ച് പഠിപ്പിച്ചിട്ടുള്ളത്? പണത്തിന്റെ ആകെത്തുക കൂട്ടുകയും കുറയ്ക്കുകയും ചെയ്യാതെ സ്ഥിരതോതില്‍ നിര്‍ത്തി സമ്പദ്ഘടനയെ അതിന്റെ പാട്ടിനു വിടണമെന്നല്ലേ. അപ്പോഴാണ് ഇവിടെ ചില മഠയന്‍മാര്‍ സമ്പദ്ഘടനയെ ശുദ്ധീകരിക്കാന്‍ നോട്ടു തന്നെ നിരോധിക്കുന്നത്. എന്തുപറ്റി നിങ്ങള്‍ക്ക്? 

രണ്ടാമത്തെയാള്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡിലെ മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പി. രവീന്ദ്രനാഥാണ്. അദ്ദേഹത്തിന്റെ അഭിപ്രായം ഡിജിറ്റല്‍ ഇടപാട് കൂടിയെന്നത് ഒഴിച്ചാല്‍ നോട്ട് നിരോധനം പരാജയമാണെന്നാണ്. പക്ഷെ ഡിജിറ്റല്‍ ഇടപാട് കൂടിയോ? നോട്ട് നിരോധന കാലത്ത് ഡിജിറ്റല്‍ ഇടപാടുകള്‍ കുത്തനെ കൂടിയെങ്കിലും പിന്നീട് താഴ്ന്നു. മുന്‍കാലങ്ങളെ അപേക്ഷിച്ച് ചെറിയൊരു വര്‍ദ്ധന മാത്രം. ഇതിനുവേണ്ടിയാണോ രണ്ട് ലക്ഷം കോടി രൂപയുടെ ദേശീയ നഷ്ടം ഉണ്ടാക്കിയിരിക്കുന്നത്? പക്ഷെ, ഡിജിറ്റല്‍ ഇടപാടുകളുടെ മൊത്തം തുകയാണോ കണക്കിലെടുക്കേണ്ടത് അതോ ദേശീയ വിനിമയത്തില്‍ അതിന്റെ വിഹിതമാണോ? രണ്ടാമത്തേതാണെങ്കില്‍ ഡിജിറ്റല്‍ ഇടപാടിലെ വര്‍ദ്ധന എത്ര തുച്ഛമാണ്. ഇന്നലെ റിസര്‍വ്വ് ബാങ്ക് പുറത്തിറക്കിയ കണക്കുകളില്‍ ഇത് വ്യക്തമാകുന്നുണ്ട്. 

അസാധുവാക്കപ്പെട്ട 500, 1000 നോട്ടുകളില്‍ 15.31 ലക്ഷം കോടി (15,310.73 ബില്യന്‍) രൂപ മൂല്യമുള്ളവ തിരിച്ചെത്തിയെന്നാണ് റിസര്‍വ് ബാങ്കു സാക്ഷ്യപ്പെടുത്തുന്നത്. ആകെ അസാധുവാക്കിയത് 15.41 ലക്ഷം കോടി രൂപ (15,417.93 ബില്യന്‍) മൂല്യമുള്ള നോട്ടുകള്‍. ഏകദേശം 10,000 കോടി രൂപ (10720 കോടി) രൂപ മാത്രമാണ് തിരിച്ചെത്താത്തത്. ഇനി എണ്ണാന്‍ നോട്ടുകളൊന്നും റിസര്‍വ് ബാങ്ക് വശമില്ല. എന്നാല്‍ ഇപ്പോള്‍ ഇന്ത്യയില്‍ പ്രചാരത്തിലുള്ള പുതിയ നോട്ടുകള്‍ 20.38 ലക്ഷം കോടി രൂപയുടേതാണ്. ദേശീയ വരുമാനത്തിന്റെ വര്‍ദ്ധനയില്‍ മുരടിപ്പ് ഉണ്ടായിട്ടും നോട്ടുകളുടെ എണ്ണം ഇങ്ങനെ കൂടുന്നത് സൂചിപ്പിക്കുന്നത് ആളുകള്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് നോട്ടുകള്‍ കൈയില്‍ സൂക്ഷിക്കാന്‍ ശ്രമിക്കുന്നൂവെന്നതാണ്. ലക്ഷ്യമിട്ടതിന്റെ നേര്‍വിപരീതത്തില്‍ നാം എത്തി നില്‍ക്കുകയാണ്. 

ഏതായാലും ഏഷ്യാനെറ്റ് അവതാരകന്‍ വിനു കെ. സുരേന്ദ്രന്‍ നടത്തിയ വെല്ലുവിളി മറന്നിരിക്കാന്‍ ഇടയില്ലെന്ന് കരുതുന്നു. എന്തുപണിയും ചെയ്യാമെന്നല്ലേ സുരേന്ദ്രന്‍ പറഞ്ഞത് (എന്നെ വേണമെങ്കില്‍ ജീവനോടെ കത്തിച്ചോളാന്‍ പ്രധാനമന്ത്രിയെപ്പോലെ പറഞ്ഞില്ലല്ലോ!). ഏതായാലും വിനു സുരേന്ദ്രന് ഒരു പണി കൊടുക്കണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com