ചിത്രം : ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്‌
ചിത്രം : ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്‌

സംസ്ഥാനത്തെ മൂന്ന് നഗരങ്ങളില്‍ ആശങ്ക ; നിയന്ത്രണങ്ങള്‍ കടുപ്പിച്ചു ; വാഹനപരിശോധന ശക്തമാക്കുന്നു

തിരുവനന്തപുരത്തെ നിരവധി സ്ഥലങ്ങള്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണുകളാക്കി
Published on

തിരുവനന്തപുരം : സംസ്ഥാനത്ത മൂന്ന് പ്രധാന നഗരങ്ങളായ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ സ്ഥിതി സങ്കീര്‍ണ്ണമെന്ന് ആശങ്ക. മൂന്നുനഗരങ്ങളിലും പരിശോധന കര്‍ശനമാക്കി. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി കൊച്ചിയിലെ ചമ്പക്കര മാര്‍ക്കറ്റ് നാളെ അടച്ചിടും. സാധനം എത്തിക്കുന്നവര്‍ക്കും കച്ചവടക്കാര്‍ക്കും പ്രത്യേക സമയം ഏര്‍പ്പെടുത്തി. സാമൂഹ്യ അകലം പാലിക്കാന്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ഡിസിപി ജി പൂങ്കുഴലി അറിയിച്ചു. തിങ്കളാഴ്ച മുതല്‍ മൊത്തവ്യാപാരികള്‍ക്ക് ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തും.

ജില്ലയിലെ മറ്റു മാര്‍ക്കറ്റുകളിലും കര്‍ശന നടപടികളുമായി അധികൃതര്‍ രംഗത്തുണ്ട്. കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച എറണാകുളം മാര്‍ക്കറ്റിലെ ആളുകളുടെ സ്രവ പരിശോധന തുടരുകയാണ്. പ്രവേശന കവാടങ്ങളില്‍ ശക്തമായ പൊലീസ് സാന്നിധ്യം ഏര്‍പ്പെടുത്തി.

സുരക്ഷാ സംവിധാനങ്ങളില്ലാതെ ഇതര സംസ്ഥാന ചരക്കു വാഹനങ്ങളും ഡ്രൈവര്‍മാരും ഉള്‍പ്പെടെ എത്തുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കൊച്ചി നഗരസഭാ സെക്രട്ടറി അറിയിച്ചു. നിയന്ത്രണങ്ങള്‍ പാലിക്കാതെ ആളുകളെ പ്രവേശിപ്പിച്ചാല്‍ സ്ഥാപനങ്ങളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതടക്കമുള്ള നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കൊച്ചിയില്‍ നഗരത്തില്‍ അടക്കം പൊലീസ് വാഹന പരിശോധന ശക്തമാക്കി. മാസ്‌ക് ധരിക്കാതെ യാത്ര ചെയ്ത നിരവധി പേരെ പൊലീസ് പിടികൂടി. കലൂര്‍, എംജി റോഡ്, പാലാരിവട്ടം എന്നിവിടങ്ങളിലാണ് പരിശോധന. കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കാനാണ് പൊലീസിന്റെ തീരുമാനം.

കോഴിക്കോടും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. കോഴിക്കോട് വലിയങ്ങാടിയിലും പൊലീസും നഗരസഭയും ജില്ലാ ഭരണകൂടവും സംയുക്തമായി പരിശോധന നടത്തി. സാമൂഹിക അകലം അടക്കം കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച 17 കടകള്‍ അടപ്പിക്കാന്‍ നോട്ടീസ് നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. തുറക്കുന്ന കടകളുടെയും മാര്‍ക്കറ്റിലേക്ക് എത്തുന്ന വാഹനങ്ങളുടെയും എണ്ണം പകുതിയാക്കാനും തീരുമാനിച്ചിട്ടുണ്ട്. വലിയങ്ങാടിയിലെ വ്യാപാരിയുടെ മകന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നിയന്ത്രണം കര്‍ശനമാക്കിയത്.

തിരുവനന്തപുരത്തും കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയത്. കടകള്‍ രാത്രി ഏഴു വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂവെന്ന് മേയര്‍ കെ ശ്രീകുമാര്‍ നിര്‍ദേശിച്ചു. ആള്‍ക്കൂട്ടം ഉണ്ടാകുന്ന സാഹചര്യം ഉണ്ടായാല്‍ കടകള്‍ അപ്പോള്‍ തന്നെ അടപ്പിക്കും.തിരുവനന്തപുരത്ത് പകലും നിയന്ത്രണം വേണമെന്ന് ഡിസിപി ദിവ്യ ഗോപിനാഥ് പറഞ്ഞു. ജനങ്ങള്‍ കൂടുതല്‍ സ്വയംനിയന്ത്രണം പാലിക്കണം. വൈകിട്ട് വെറുതെ പുറത്തിറങ്ങരുത് എന്നും ആവശ്യപ്പെട്ടു.

തിരുവനന്തപുരത്തെ നിരവധി സ്ഥലങ്ങള്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണുകളാക്കി. ചെമ്മരുത്തി മുക്ക്, കുരവറ, വന്യക്കോട്, ഇഞ്ചിവിള എന്നിവയാണ് കണ്ടെയ്ന്‍മെന്റ് സോണുകളാക്കിയത്. പൂന്തുറ, വഞ്ചിയൂര്‍, പാളയം വാര്‍ഡുകളിലെ ചില പ്രദേശങ്ങളും നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റിയിലെ വഴുതൂര്‍ വാര്‍ഡും ബാലരാമപുരം പഞ്ചായത്തിലെ തളിയില്‍ വാര്‍ഡും കണ്ടെയ്ന്‍മെന്റ് സോണുകളായി.കൂടാതെ നിലവില്‍ കണ്ടെയിന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുള്ള സ്ഥലങ്ങള്‍ ഒരാഴ്ച കൂടി നിയന്ത്രണം തുടരുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com